അമേരിക്കയില്‍ വീണ്ടുമൊരു ബാങ്ക് പൊളിഞ്ഞു; ഈ വര്‍ഷത്തെ ആദ്യത്തേത്, കഴിഞ്ഞവര്‍ഷം പൂട്ടിയത് 5 ബാങ്കുകള്‍

അമേരിക്കയില്‍ വീണ്ടുമൊരു ബാങ്ക് പൊളിഞ്ഞു. പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തനമുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. ഫിലാഡെല്‍ഫിയയാണ് ബാങ്കിന്റെ ആസ്ഥാനം.
ഇക്കഴിഞ്ഞ ജനുവരി 31 വരെയുള്ള കണക്കുപ്രകാരം 600 കോടി ഡോളറിന്റെ (ഏകദേശം 50,000 കോടി രൂപ) വായ്പകളും 400 കോടി ഡോളറിന്റെ (33,300 കോടി രൂപ) നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്ന ബാങ്കാണ് റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്.
ആസ്തികള്‍ മറ്റൊരു ബാങ്കിലേക്ക്
അമേരിക്കയിലെ ബാങ്കിംഗ് നിക്ഷേപ സേവന റെഗുലേറ്റര്‍മാരായ ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനാണ് (FDIC) റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിന് പൂട്ടിട്ടത്. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിന്റെ ബിസിനസുകള്‍ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ ആസ്ഥാനമായ ഫുള്‍ട്ടണ്‍ ബാങ്ക് ഏറ്റെടുക്കും.
റിപ്പബ്ലിക് ബാങ്കിന്റെ 32 ബ്രാഞ്ചുകളും ഇനി ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളായും മാറും. റിപ്പബ്ലിക് ബാങ്കിന്റെ നിക്ഷേപകര്‍ക്ക് എ.ടി.എം വഴിയോ ചെക്ക് മുഖേനയോ നിക്ഷേപങ്ങള്‍ പിന്‍വലിക്കാമെന്നും എഫ്.ഡി.ഐ.സി വ്യക്തമാക്കിയിട്ടുണ്ട്. ബാങ്ക് അടച്ചുപൂട്ടുന്നത് മൂലം നിക്ഷേപകര്‍ക്ക് ഇന്‍ഷ്വറന്‍സ് ഇനത്തില്‍ ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ഫണ്ടില്‍ (DIF) നിന്ന് 66.7 കോടി ഡോളര്‍ (5,600 കോടി രൂപ) നല്‍കേണ്ടി വരുമെന്നാണ് എഫ്.ഡി.ഐ.സി വിലയിരുത്തുന്നത്.
ഈ വര്‍ഷത്തെ ആദ്യ അടച്ചുപൂട്ടല്‍
ബാങ്കുകള്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൊളിയുന്നത് ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയ്ക്ക് പുതുമയല്ല. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിന്റെ പൂട്ടല്‍ ഈ വര്‍ഷത്തെ ആദ്യത്തെയാണെന്ന് മാത്രം.
കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു അമേരിക്കയില്‍ അവസാനമായി ഒരു ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അയോവ ആസ്ഥാനമായുള്ള സിറ്റിസണ്‍സ് ബാങ്കായിരുന്നു അത്. 2023ല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച അഞ്ചാമത്തെ ബാങ്കുമായിരുന്നു സിറ്റിസണ്‍സ്. ഹാര്‍ട്ട്‌ലാന്‍ഡ് ട്രൈ-സ്റ്റേറ്റ് ബാങ്ക്, സിഗ്നേചര്‍ ബാങ്ക്, സിലിക്കണ്‍വാലി ബാങ്ക്, ഫസ്റ്റ് സിറ്റിസണ്‍സ് ബാങ്ക് എന്നിവയാണ് ആ വര്‍ഷം പൊളിഞ്ഞ മറ്റ് ബാങ്കുകള്‍.
കുത്തനെ കൂടിയ പലിശനിരക്കുകള്‍ മൂലം ഇടപാടുകാര്‍ അകന്നുനില്‍ക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മൂല്യത്തകര്‍ച്ചയുമാണ് അമേരിക്കയിലെ പ്രാദേശിക ബാങ്കുകളെ പ്രതിസന്ധിയിലേക്ക് തള്ളുന്നത്. റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ ഈടായിനേടി നിരവധി വായ്പകള്‍ ഇത്തരം ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. സംരംഭങ്ങളുടെ മൂല്യമിടിഞ്ഞതോടെ തിരിച്ചടവുകള്‍ മുടങ്ങി. ഇതോടെ, ബാങ്കുകളും പ്രതിസന്ധിയിലാവുകയായിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it