വായ്പകള്‍ പുനഃക്രമീകരിക്കുക, ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളെ ശ്രദ്ധിക്കുക!

സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍ വര്‍ഷങ്ങളായി പ്രതിസന്ധിയുടെ നടുവിലാണ്. ഏറ്റവും പുതിയതായി കോവിഡ് ഒന്നും രണ്ടും തരംഗങ്ങള്‍ കൂടി വന്നതോടെ ഭൂരിഭാഗം പേരുടെയും സ്ഥിതി ഗുരുതരമായെന്നതാണ് വാസ്തവം.

ബാങ്ക് വായ്പയിലെ തിരിച്ചടവാണ് സംരംഭകരെ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന കാര്യം. വാടക, ജീവനക്കാരുടെ വേതനം, വില്‍പ്പന നടത്തിയ ഉല്‍പ്പന്നങ്ങളുടെ/സേവനങ്ങളുടെ പണം തിരിച്ചുകിട്ടാത്തത്, തകര്‍ന്ന വിപണന ശൃംഖല, ഓഫീസുകള്‍ പലതും അവധിയും കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടും സേവനങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം. അതിനിടെ വ്യക്തിജീവിതത്തിലെ സാമ്പത്തിക ബാധ്യതകളും പ്രശ്നങ്ങളും എല്ലാം കൊണ്ടും സംരംഭകര്‍ പൊറുതിമുട്ടുകയാണ്.
ഈ സാഹചര്യത്തില്‍ എനിക്ക് പറയാനുള്ളത്, ബാങ്ക് വായ്പകള്‍ പുനഃക്രമീകരിക്കാന്‍ പരമാവധി ശ്രമിക്കുക. ഒരുകാരണവശാലും അതിനുള്ള അവസരം പാഴാക്കരുത്. വായ്പ തിരിച്ചടക്കാനാകാതെ ക്രെഡിറ്റ് സ്‌കോര്‍ കുറയുകയും മറ്റും ചെയ്താല്‍ സംരംഭകനെ സംബന്ധിച്ചിടത്തോളം അതൊരു താല്‍ക്കാലിക പ്രശ്നം മാത്രമാകില്ല. ബാങ്ക് വായ്പകള്‍ കിട്ടാത്ത സ്ഥിതി വരും. അതൊഴിവാക്കാന്‍ നോക്കണം.
മിക്ക സംരംഭകര്‍ക്കും 8-9 ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കുന്ന സാഹചര്യമുണ്ട്. പക്ഷേ മറഞ്ഞിരിക്കുന്ന പല കാര്യങ്ങള്‍ കൊണ്ട് ചിലര്‍ക്ക് പലിശ നിരക്ക് 14-15 വരെയൊക്കെ കൊടുക്കേണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ നിങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നുണ്ടോയെന്ന് നോക്കുക. പരിഹാരം കാണുക.
വാടക കെട്ടിടമാണെങ്കില്‍ കെട്ടിട ഉടമയോട് സാവകാശം ഇനിയും ചോദിക്കാം. മറ്റ് വായ്പകളുടെ കാര്യത്തിലും യഥാര്‍ത്ഥ സ്ഥിതി തുറന്നുപറഞ്ഞ് തിരിച്ചടവിന് കൂടുതല്‍ സമയം ചോദിക്കുക. ഇന്ധനവിലയിലെ വര്‍ധന എല്ലാ രംഗത്തും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചുവപ്പുനാടയില്‍ കുരുക്കാതെ സര്‍ക്കാര്‍ പദ്ധതികളും നിക്ഷേപകരുടെ പദ്ധതികളും അതിവേഗം നടപ്പാക്കാനുള്ള ആര്‍ജ്ജവം ഈ സാഹചര്യത്തില്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചാല്‍ മാത്രമേ സമ്പദ് വ്യവസ്ഥ ചലിക്കുകയുള്ളൂ.


Shaji Varghese
Shaji Varghese  

ചാര്‍ട്ടേഡ് എക്കൗണ്ടന്റും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ

Related Articles

Next Story

Videos

Share it