തട്ടിപ്പിനെ 'കൊറിയറിലാക്കി' വിരുതന്‍മാര്‍; മുന്നറിയിപ്പുമായി പോലീസും ഫെഡെക്‌സും

പണം തട്ടിപ്പിന് ഓരോ ദിവസവും പുതിയ വഴികളുമായാണ് തട്ടിപ്പുകാര്‍ എത്തുന്നത്. ഓണ്‍ലൈന്‍ മെസേജുകള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയുമൊക്കെ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ടും ചെയ്യപ്പെടുന്നത്. ഇതില്‍ ഇപ്പോള്‍ ഏറ്റവും പുതിയതാണ് കൊറിയര്‍ തട്ടിപ്പ്. കൊറിയര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഫെഡെക്‌സ് കൊറിയറിന്റെ പേരിലാണ് ഇപ്പോള്‍ വ്യാപകമായി തട്ടിപ്പു നടക്കുന്നത്. ഇതേ കുറിച്ച് കമ്പനി പത്രപരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറിയര്‍ സര്‍വീസിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് കേരള പൊലീസും കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.

കൊറിയര്‍ സര്‍വീസില്‍ നിന്നാണെന്നും നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നും വിളിക്കുന്നയാള്‍ അറിയിക്കും. നിയമപരമാല്ലാത്ത സാധനങ്ങളാണ് കൊറിയറിലുള്ളതെന്നും അതിനാല്‍ പോലീസിന്റെ കൈയില്‍ ഫോണ്‍ കൊടുക്കാമെന്നും പറഞ്ഞ് വ്യാജന്‍മാര്‍ക്ക് ഫോണ്‍ കൊടുക്കും. ഉടന്‍ പൈസ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അയാൾ ഭീഷണി പെടുത്തും. പണം കിട്ടിക്കഴിയുമ്പോള്‍ പിന്നെ വ്യാജന്‍മാര്‍ അപ്രത്യക്ഷരാകും ഇങ്ങനെയാണ് തട്ടിപ്പിന്റെ രീതിയെന്ന് ഫെഡെക്‌സ് വിശദീകരിക്കുന്നു.
കസ്റ്റംസിന്റെയും സി.ബി.ഐ.യുടേയും പേരില്‍
കസ്റ്റംസ്, സി.ബി.ഐ എന്നിവയുടെ പേരിലും കൊറിയര്‍ തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. നിങ്ങള്‍ക്കുള്ള കൊറിയര്‍ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടോമാറ്റിക് റെക്കോര്‍ഡഡ് വോയിസ് സന്ദേശം മൊബൈലില്‍ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതല്‍ അറിയാനായി 9 അമര്‍ത്തുവാനും ഈ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു.
ഇത് അമര്‍ത്തുന്നതോടെ കോള്‍ തട്ടിപ്പുകാര്‍ക്ക് കണക്ട് ആവുന്നു. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, ലഹരിവസ്തുക്കള്‍ എന്നിവ ഉണ്ടെന്നും അതിന് തീവ്രവാദബന്ധം ഉണ്ടെന്നും അവര്‍ അറിയിക്കും. ഈ കോള്‍ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോള്‍ മറ്റൊരാളിന് കൈമാറുന്നു. തീവ്രവാദബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് അയാള്‍ വീണ്ടും നിങ്ങളെ ഭീഷണിപ്പെടുത്തുന്നു
പറഞ്ഞ കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി കസ്റ്റംസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകള്‍ എന്നിവ അവര്‍ നിങ്ങള്‍ക്ക് അയച്ചുതരും.
കസ്റ്റംസ് ഓഫീസറുടെ ഐഡി കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ ഇത്തരത്തില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് വ്യക്തമാകുന്ന വിധത്തിലാണ് തട്ടിപ്പ്. ഇതോടെ നിങ്ങള്‍ സ്വന്തം സമ്പാദ്യ വിവരങ്ങള്‍ വ്യാജ കസ്റ്റംസ് ഓഫീസര്‍ക്ക് കൈമാറുന്നു. നിങ്ങള്‍ സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കില്‍ സമ്പാദ്യത്തിന്റെ 80 ശതമാനം ഡെപ്പോസിറ്റ് ആയി നല്‍കണമെന്നും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കില്‍ തിരിച്ചുനല്‍കും എന്നും പറഞ്ഞുവിശ്വസിപ്പിക്കുന്നു. ഇതു വിശ്വസിച്ച് ഇവര്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ തട്ടിപ്പിന് ഇരയാകുന്നു.
വിദേശത്തുള്ളവരുടെ പേരിൽ വേറെ
വിദേശത്ത് ജോലി ചെയ്യുന്നവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ നമ്പര്‍ ശേഖരിച്ചശേഷം അവരെ ബന്ധപ്പെട്ട്‌ തട്ടിപ്പ് നടത്തുന്ന രീതിയുമുണ്ട്. വിദേശത്തുള്ള സുഹൃത്തോ ബന്ധുവോ അവിടെ നിയമലംഘനത്തിന് തടവിലാണെന്നും മോചനത്തിനായി അടിയന്തരമായി പണം നല്‍കണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യങ്ങള്‍ വിശ്വസിപ്പിക്കുന്നതിനായി പോലീസ് ഓഫീസര്‍ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാര്‍ഡ്, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന വ്യാജരേഖകള്‍ എന്നിവ തട്ടിപ്പുകാരന്‍ അയച്ചുനല്‍കുന്നു. തുടര്‍ന്ന് വ്യാജ പോലീസ് യൂണിഫോം ധരിച്ച് സ്‌കൈപ്പ് വീഡിയോ കോളിലൂടെ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയുമാണ് ചെയ്യുന്നത്.
ഒരു മണിക്കൂറിനകം അറിയിക്കണം
ഇത്തരം തട്ടിപ്പില്‍ വീണുപോകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറില്‍ അറിയിക്കാനും പോലീസ് ആവശ്യപ്പെടുന്നു. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it