കുടുംബ ബിസിനസിലേക്ക് പുറത്ത് നിന്നൊരാളെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കണം ഈ 5 'സി' കള്‍

കേരളത്തിലെ എല്ലാ വ്യവസായ മേഖലയിലും കുടുംബ ബിസിനസുകളുണ്ട്. വളരെ ശക്തമായി നിലകൊള്ളുന്ന കുടുംബ ബിസിനസുകള്‍ സംരംഭക വിജയത്തിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയില്‍ സജീവവും നിര്‍ണായകവുമായ ഇടപെടലാണ് നടത്തുന്നതും. പ്രാരംഭത്തില്‍ കുടുംബത്തിലെ അംഗങ്ങള്‍ മാത്രം നോക്കി നടത്തുന്ന കുടുംബ ബിസിനസിലേക്ക് പുറത്തുനിന്നുമുള്ള പ്രൊഫഷണലുകളുടെ സാന്നിധ്യം വേണ്ടി വന്നേക്കില്ല. എന്നാല്‍ തന്ത്രപരമായ മേഖലകളിലേക്കും വിപുലീകരണത്തിലേക്കും പിന്നീട് നേതൃനിരയിലുള്ളവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. അതിനാല്‍ ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിന് കുടുംബേതര പ്രൊഫഷണലുകളെ ചേര്‍ക്കേണ്ടത് അനിവാര്യമാണ്. വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന പ്രവര്‍ത്തന ശൈലിയിലേക്ക് അവര്‍ കടന്നു വരുമ്പോള്‍ ബിസിനസിനെ ബാധിക്കാത്ത തരത്തില്‍ എങ്ങനെ സംരംഭത്തിലെ നേതൃനിരയിലും സംരംഭത്തില്‍ മുഴുവനായും മികച്ച അന്തരീക്ഷം സൃഷ്ടിക്കാം. അതിനു സഹായകമാകുന്ന ഘടകങ്ങള്‍ നോക്കാം.

Create Consensus: സമവായം സൃഷ്ടിക്കുക
സമവായം സൃഷ്ടിക്കുക എന്നാല്‍ പ്രാരംഭത്തിലേ ഐക്യം ഉണ്ടാക്കുകയും തുടര്‍ന്നു പോകുകയും ചെയ്യുക എന്നു തന്നെ. പുതിയ നിയമനം സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്കിടയില്‍ ഒരു ആന്തരിക ഐക്യം സൃഷ്ടിക്കേണ്ടതാണ്. എല്ലാവരുടെയും അഭിപ്രായം പരിഗണിക്കുക. ഹാജരാകുന്ന ഏതെങ്കിലും അംഗങ്ങള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍, അത് കൂടുതല്‍ അന്വേഷിച്ച് പരിഹരിക്കേണ്ടതാണ്, അല്ലാത്ത പക്ഷം പുതുതായി ചേര്‍ക്കപ്പെടുന്ന വ്യക്തിക്കും പിന്നീടുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും.
Bring in Clarity: - വ്യക്തത കൊണ്ടുവരിക
ബിസിനസിലെ ഓരോ പദവി വഹിക്കുന്നവര്‍ക്കിടയിലും പുതുതായി നിയമിക്കപ്പെടുന്ന വ്യക്തിക്കും കൃത്യമായ ജോബ് ഡിസ്‌ക്രിപ്ഷന്‍ ഉണ്ടായിരിക്കണം. ഓരോരുത്തരുടെയും ഉത്തരവാദിത്തങ്ങള്‍ എഴുതപ്പെട്ടിരിക്കണം. കോംപന്‍സേഷന്‍ പാക്കേജ്, ഉത്തരവാദിത്തങ്ങളുടെ വിവരണം എന്നിവ സൂക്ഷിച്ചിരിക്കണം. നിലവിലെ കുടുംബാംഗങ്ങളും പുതിയ ബിസിനസ് ഹെഡും തമ്മിലുള്ള റോളുകളുടെയും ഉത്തരവാദിത്തങ്ങളുടെയും വ്യക്തമായ വ്യത്യാസം ആവശ്യമാണ്. ഉത്തരവാദിത്തങ്ങളുടെ തനിപ്പകര്‍പ്പ് ഒഴിവാക്കുക. ആര് ആര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും വ്യക്തമായി നിര്‍ണയിച്ചിരിക്കണം. ഉത്തരവാദിത്തങ്ങള്‍, റിപ്പോര്‍ട്ടിംഗ്, പ്രതിഫലം എന്നിവയില്‍ വ്യക്തതയുണ്ടാകണം. ഇവ വിശദമാക്കുന്ന RACI Matrix (Responsible, Accountable, Consult and Inform) ഉണ്ടായിരിക്കണം.
Confirm and Re-Confirm: വീണ്ടും സ്ഥിരീകരണം നടത്തുക
കാന്‍ഡിഡേറ്റുമായി ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തുക. ബോര്‍ഡ് മീറ്റിംഗ് നടത്തി അംഗങ്ങളുടെ അനുമതി സ്വീകരിച്ചതിന് ശേഷം ജോലിക്കായി നിയമനം നടത്തുക. ഒപ്പം ബോര്‍ഡ് അംഗങ്ങളുമായി പുതുതായി നിയമിക്കപ്പെട്ട അംഗം ഔദ്യോഗികവും അനൗദ്യോഗികവുമായ കൂടിക്കാഴ്ചകള്‍ നടന്നതിനുശേഷം ഉത്തരവാദിത്തങ്ങളിലേക്ക് കടക്കുന്നതാണ് അഭികാമ്യം. ജോലിയിലേക്ക് പ്രവേശിക്കുന്നതിന് അന്തിമ കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എല്ലാ ഫാമിലി ബോര്‍ഡ് അംഗങ്ങളും വെവ്വേറെയും കൂട്ടായും വിവിധ സമയങ്ങളില്‍ പുതിയ വ്യക്തിയുമായി കൂടിക്കാഴ്ച നടത്തണം. അത് പോലെ മാനേജ്മെന്റ് വിദഗ്ധരുമായി നിയമനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തുന്നതും നല്ലതാണ്.
Communicate: - ശരിയായ ആശയവിനിമയം:
റോള്‍ മാറ്റങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടിംഗ് ഘടനയെക്കുറിച്ചും സ്ഥാപനത്തിലുടനീളം ആശയവിനിമയം നടത്തിയിരിക്കണം, പ്രത്യേകിച്ച് പുറത്തു നിന്ന് ഒരാള്‍ കമ്പനിയുടെ തലപ്പത്തേക്ക് വരുമ്പോള്‍. വിവിധ ആശയ വിനിമയ രീതികള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തി മാറുന്ന അന്തരീക്ഷത്തെ മികച്ചതാക്കുക. ഫാമിലി ബോര്‍ഡ് അംഗങ്ങളെ എപ്പോള്‍, എങ്ങനെ കണ്ടുമുട്ടണം എന്നതിനെക്കുറിച്ചുള്ള പ്രത്യേക നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കണം.
Cultural immersion - സംസ്‌കാരം പകര്‍ന്നു നല്‍കുക :
ഓര്‍ഗനൈസേഷന്റെ നിലവിലുള്ള സംസ്‌കാരത്തെക്കുറിച്ച് നേതൃനിരയിലുള്ള പുതിയ അംഗങ്ങളെ വളരെ മികച്ച രീതിയില്‍ അറിയിക്കുന്നതിന് മികച്ച മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക. പരിചയ സമ്പന്നരായ മാനേജ്മെന്റ് വിദഗ്ധരുടെ ട്രെയ്നിംഗ് സ്വീകരിക്കുന്നതും പുതിയ അംഗങ്ങളുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കാനും നയിക്കാനും സഹായിക്കും.
( ലേഖകന്‍ എംആര്‍ രാജേഷ് കുമാര്‍, ഗേറ്റ്‌വേയ്‌സ് ഗ്ലോബല്‍ എല്‍എല്‍പിയുടെ (GatewaysGlobal LLP) സ്ഥാപകനും ലീഡ് പാര്‍ട്ണറുമാണ്.)


M R Rajesh Kumar
M R Rajesh Kumar  

Related Articles

Next Story

Videos

Share it