വിടമാട്ടെ ശൈലിയില്‍ അവര്‍, രക്ഷയില്ല മക്കളേ, ഞാന്‍ പെട്ടു!

''മാഡം, നിങ്ങളുടെ കരിയര്‍ കൗണ്‍സിലിംഗില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന് എനിക്കറിയേണ്ട. പക്ഷെ എനിക്ക് ഒരു കാര്യം മാത്രം വേണം. ഈ മുറിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഈ പ്രാവശ്യമെങ്കിലും മെഡിക്കല്‍ എന്‍ട്രന്‍സ് കടക്കുമെന്ന് എന്റെ മകന്‍ സമ്മതിക്കണം.'' (മൂന്ന് പ്രാവശ്യം എന്‍ട്രന്‍സ് കടമ്പകടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മകനാണ് എന്റെ മുന്നില്‍...ഈശ്വരാ..)

കൊള്ളാം!

ഒരു പരിചയപ്പെടുത്തലുമില്ലാതെ നേരിട്ട് ഭീഷണിയാണ്.

ഞാന്‍ വലിയൊരു കുഴപ്പത്തിലാണ് ചെന്നുചാടിയിരിക്കുന്നതെന്ന് മനസിലായി. (പണി പാലുംവെള്ളത്തില്‍ തന്നെ കിട്ടി... തൃപ്തിയായി)

ഈ 'ആംഗ്രി ഡാഡി'ന് തന്റെ മകനെ ഡോക്ടറാക്കിയേ പറ്റൂ. എന്തിന്? മകന്‍ ഭാവിയില്‍ ഒരു ഡോക്ടറായി നല്ല രീതിയില്‍ കൊണ്ടുപോകുമെന്ന് കരുതി നാട്ടില്‍ ഒരു ആശുപത്രി തന്നെ ഉണ്ടാക്കി വെച്ചിരിക്കുകയാണ് പുള്ളി. (ഇത് തലയില്‍ എടുത്തുവെച്ച് എന്നെ കൊല്ല്)

മൂന്ന് മിനിറ്റ് കഴിഞ്ഞു.

ഇല്ല! അദ്ദേഹം എന്നെ ഒന്നും പറയാന്‍ അനുവദിക്കുന്നില്ല.

ഞാന്‍ 'ഉം ഉം' തെറാപ്പി മോഡിലാണ്. (അതായത് രമണാ, ചുമ്മാ തലയാട്ടി മൂളുന്ന തെറാപ്പി). ചില സമയത്ത് അത് അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വെറുതെ തലയാട്ടി കേള്‍ക്കുന്നുണ്ടെന്ന് ഭാവിക്കുകയേ വേണ്ടൂ. എന്തായാലും ഞാന്‍ പ്രശ്‌നത്തില്‍പ്പെട്ടുകഴിഞ്ഞു.

അടുത്തത് അമ്മയുടെ ഊഴം

നിസഹായമായി എന്നെ നോക്കുന്ന രണ്ട് സെറ്റ് കണ്ണുകള്‍ കൂടി എനിക്ക് കാണാം. ആംഗ്രി ഡാഡ് (ക്ഷമിക്കണം, അദ്ദേഹത്തിന്റെ ഭാവം ആംഗ്രി ബേഡിനെയാണ് എന്നെ ഓര്‍മ്മിപ്പിച്ചത്) ഉറഞ്ഞുതുള്ളി ഇറങ്ങിപ്പോയപ്പോള്‍ അടുത്തത് അമ്മയുടെ ഊഴം ആയിരുന്നു. അദ്ദേഹം ഇറങ്ങിപ്പോയ ആ നിമിഷത്തില്‍ അമ്മ ഉച്ചത്തിൽ കരയാനും ഇടയ്ക്കിടെ നെഞ്ചത്ത്അടിക്കാനും തുടങ്ങി. (ഞാന്‍ ഭയപ്പെട്ടു, ഹെല്‍പ്പ് മീ....). എന്റെയുള്ളിലെ വാല്‍സല്യമുള്ള അമ്മ സടകുടഞ്ഞ് എണീറ്റു. അവരെ സമാധാനിപ്പിക്കാന്‍ തുടങ്ങി. (എനിക്ക് കരയാന്‍ ഒരു തോള്‍ വേണം.. തേങ്ങല്‍)

അപ്പോഴതാ വരുന്നു, ക്ലാസിക് ഡയലോഗ്. ''നിങ്ങളെന്റെ മകനെ ഡോക്ടറാക്കിയില്ലെങ്കില്‍ ഞാന്‍ കെട്ടിത്തൂങ്ങിച്ചാകും.'' (ഈശ്വരാ, എന്റെ കാര്യം കട്ടപ്പൊക.)

ഞാന്‍ രക്ഷപെട്ട് ഓടാനുള്ള വഴിനോക്കി. പക്ഷെ അവര്‍ 'വിടമാട്ടെ' ശൈലിയില്‍ ആയിരുന്നു. പെട്ടെന്ന് എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടാണ് അവര്‍ നിലവിളിക്കുന്നതെന്ന് ആളുകള്‍ വിചാരിക്കും. ആംഗ്രി ഡാഡ് രൂക്ഷമായി പ്രതികരിക്കുമോയെന്നും ഞാന്‍ ഭയന്നു.

എന്റെ ആവനാഴിയിലെ എല്ലാ അമ്പുകളും പുറത്തെടുത്ത് ആ അമ്മയെ ആശ്വസിപ്പിച്ച് മുറിക്ക് പുറത്തിറക്കി...

ഇനിയെന്താ പരിപാടി?

മുറിയില്‍ അവശേഷിക്കുന്ന, മകന്റെ ആ രണ്ട് കണ്ണുകളും എന്നോട് ഇങ്ങനെ ചോദിച്ചു.

പക്ഷെ അപ്പോഴേക്കും ഞാന്‍ ആകെ അവശയായി, അല്‍പ്പസമയം ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് തോന്നി. (രക്ഷയില്ല മക്കളെ, ഞാന്‍ പെട്ടു.)

എന്റെയുള്ളില്‍ നിന്ന് ഒരു സ്വരം കേട്ടു, ''ഇല്ല ഇന്ദു, നീ ഇത് ചെയ്‌തേ പറ്റൂ. അങ്ങനെ വിട്ട് തിരിഞ്ഞോടരുത്''

പാവം പയ്യന്‍!

ഇപ്പോള്‍ ഞാനും ആ പയ്യനും ഒറ്റയ്ക്കായി. ഒരു അവാര്‍ഡ് സിനിമ പോലായി. ഞാനും തോറ്റു. അവനും തോറ്റു. മാതാപിതാക്കളെപ്പോലെയല്ല അവന്‍. സംസാരിക്കില്ലെന്ന് ഉറപ്പിച്ചിട്ടുള്ള ഇരുപ്പാണ്. കുറേനേരമെടുത്തു അവനൊന്ന് തുറന്ന് സംസാരിക്കാന്‍. സംസാരിച്ച് തുടങ്ങിയപ്പോഴോ അവന് നിര്‍ത്താനും പറ്റുന്നില്ല.

ആ പാവം പയ്യന്‍ കടന്നുപോയിക്കൊണ്ടിരുന്ന കടുത്ത മാനസികാവസ്ഥ എന്തായിരുന്നുവെന്ന് ഞാനിവിടെ പറയുന്നില്ല. പക്ഷെ എന്നെ അല്‍ഭുതപ്പെടുത്തിയത് എന്താണെന്നുവെച്ചാല്‍ മനുഷ്യരെ സേവിക്കുന്ന ഒരു ഡോക്ടറാകണമെന്ന് അവനും ആഗ്രഹമുണ്ട്. പക്ഷെ നിരന്തര സമ്മര്‍ദ്ദവും അവനെ ചുറ്റിപ്പറ്റിയുള്ള മാനംമുട്ടെയുള്ള പ്രതീക്ഷകളും വെറുപ്പിക്കുന്ന താരതമ്യങ്ങളും അവനെ ഭയപ്പെടുത്തി. എന്‍ട്രന്‍സ് പരീക്ഷയോടുള്ള വെറുപ്പുകൊണ്ട് അവന്‍ മൂന്ന് തവണ പരാജയപ്പെട്ടു.

ഈ കേസിനായി ഏതാനും ആഴ്ചകള്‍ ഞാന്‍ ചെലവിട്ടു. ഉള്ളിലുള്ള അസന്തുഷ്ടമായ ഓര്‍മ്മകള്‍ മായ്ച്ചുകളയാന്‍ നിരവധി തെറാപ്പികള്‍ ചെയ്യേണ്ടിവന്നു. ഒരു ദിവസം അവന്റെ അച്ഛന്റെ കോള്‍ എനിക്ക് വന്നു. അദ്ദേഹം കരയുകയായിരുന്നു. മകന്‍ മെഡിക്കല്‍ എന്‍ട്രന്‍സ് വിജയിച്ചുവെന്ന സന്തോഷവാര്‍ത്ത പങ്കുവെക്കാനാണ് അദ്ദേഹം എന്നെ വിളിച്ചത്. അവന്‍ ഇപ്പോള്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ്. വളരെ സന്തോഷവാന്‍. ഇപ്പോഴും ഞങ്ങള്‍ ഇടയ്ക്കിടക്ക് സംസാരിക്കാറുണ്ട്.

സുഹൃത്തുക്കളെ, ഞാന്‍ ഇവിടെ ഒരു മാജിക്കും കാണിച്ചില്ല. ഞാന്‍ അവരെ കേള്‍ക്കുകയും അവര്‍ പറയുന്നത് അംഗീകരിക്കുകയും ചിലപ്പോഴൊക്കെ അവരോട് ഏറ്റുമുട്ടുകയുമാണ് ചെയ്തത്. മാതാപിതാക്കള്‍ അവനെ തല്ലിപ്പഴുപ്പിക്കുന്നത് നിര്‍ത്തിയ നിമിഷം അവന്റെ ഉള്ളിലെ സ്വന്തം ഇഷ്ടങ്ങള്‍ താനേ ഉണര്‍ന്നു. ഒരു പൂവ് തനിയെ വിടരും പോലെ...

ദയവായി നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ വ്യക്തികളായി പരിഗണിക്കുക. അവരെ ബഹുമാനിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്യുക. അവര്‍ക്ക് ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. നിങ്ങള്‍ക്ക് സന്തോഷിക്കാനുള്ള ഒരു ട്രോഫിയാക്കി അവരെ മാറ്റാതിരിക്കുക. അവര്‍ക്ക് അവരുടേതായ ഇടം നല്‍കുകയും കഠിനമായ വഴികള്‍ പഠിക്കാനും മനസിലാക്കാനും അവരെ അനുവദിക്കുകയും ചെയ്യുക.

(കരിയര്‍ അനലിസ്റ്റും NLP പ്രാക്റ്റീഷണറുമായ ഇന്ദു ജയറാം CareerFit360 യുടെ ഡയറക്റ്റര്‍ കൂടിയാണ് ; Email; InduJ@careerfit360.com)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Indu Jayaram
Indu Jayaram  

Indu Jayaram is a Career Analyst and NLP practitioner. She is also the Director of CareerFit360

Related Articles

Next Story

Videos

Share it