പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍ ദേശീയ ബ്രാന്‍ഡാകാന്‍ ലക്ഷ്യമിട്ട് മനാറ ആയുര്‍വേദ

സമുദ്രോല്‍പ്പന്ന-ബയോഫാര്‍മ മേഖലയില്‍ സുപരിചിതമാണ് മനാറ ഗ്രൂപ്പ് എന്ന പേര്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മനാറ ഗ്രൂപ്പ് ഇപ്പോള്‍ ആയുര്‍വേദ പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളിലേക്കും ചുവടുറപ്പിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പന്നങ്ങളുടെ എണ്ണം 100 ആക്കി ഉയര്‍ത്തി ദേശീയ ബ്രാന്‍ഡായി മാറാനുള്ള ഒരുക്കത്തിലാണ് മനാറ ആയുര്‍വേദ. കേരളത്തില്‍ നിന്നൊരു ആഗോള ബ്രാന്‍ഡ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയത്‌നത്തിലാണ് കമ്പനിയെന്ന് മനാറ ആയുര്‍വേദയുടെ സി.ഇ.ഒ നിഹാല്‍ അനസ് പറയുന്നു.

ജോയിന്റ് ഫ്രീയില്‍ തുടക്കം

പിതാവ് അനസ് എം.എസും റിട്ടയേര്‍ഡ് മെഡിക്കല്‍ ഓഫീസറായിരുന്ന രമാദേവിയും ചേര്‍ന്ന് 2007ലാണ് മനാറ കെയര്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് തുടക്കം കുറിക്കുന്നത്. മുട്ടുവേദനയ്ക്ക് പരിഹാരമാകുന്ന ജോയ്ന്റ് ഫ്രീ ആയിരുന്നു ആദ്യ ഉല്‍പ്പന്നം. ശേഷം ചുരുങ്ങിയ കാലയളവില്‍ തന്നെ ഈ രംഗത്ത് ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമാകാന്‍ കമ്പനിക്ക് സാധിച്ചു. 2015ല്‍ പുതിയഅഞ്ച് ഉല്‍പ്പന്നങ്ങള്‍ കൂടി അവതരിപ്പിക്കുകയും ചെയ്തു. ആയുര്‍വേദ രംഗത്ത് കൂടുതല്‍ സാധ്യതയുണ്ടെന്ന് മനസിലാക്കി 22 കാരനായ നിഹാല്‍ അനസ് കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ഭാഗമായതോടെയാണ് ആയുര്‍വേദിക് പേഴ്സണല്‍ കെയര്‍ വിഭാഗത്തിലേക്ക് മനാറ കടന്നത്. മാര്‍ക്കറ്റിംഗില്‍ എം.ബി.എ ചെയ്തുകൊണ്ടിരിക്കുന്ന നിഹാല്‍, വിപണി പഠനം നടത്തുകയും വിപുലമായ സാധ്യതകള്‍ മനസിലാക്കുകയും ചെയ്തു.

25 ഉല്‍പ്പന്നങ്ങള്‍

ഫെയ്സ് വാഷ്, ഷാംപൂ, ഹെയര്‍ ഓയില്‍, ക്ലെന്‍സര്‍, സിറം, കണ്ടീഷ്ണര്‍, സണ്‍സ്‌ക്രീന്‍, ജെല്‍, സ്‌ക്രബ്, ബോഡി സ്‌ക്രബ് തുടങ്ങിയ 25 ഓളം ഉല്‍പ്പന്നങ്ങളാണ് മനാറ ആയുര്‍വേദ വിപണിയിലെത്തിക്കുന്നത്. 'ആയുര്‍വേദിക് പ്രൊപ്രൈറ്ററി മെഡിസിന്‍' എന്ന ടാഗിലാണ് എല്ലാ ഉല്‍പ്പന്നങ്ങളും പുറത്തിറക്കുന്നത് (ഔഷധ ഗുണമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് ഈ ടാഗ് ഉപയോഗിക്കാനാകുക).

തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരുന്നു വില്‍പ്പന. എന്നാല്‍ മറ്റ് ഉല്‍പ്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോവ്യക്തിയുടേയും ചര്‍മത്തിനും ജീവിതചര്യകള്‍ക്കും അനുസരിച്ചാണ് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. പലപ്പോഴും ആളുകള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓഫ്‌ലൈനിലേക്ക് വില്‍പ്പന മാറ്റി. ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, കോസ്മെറ്റിക് ഷോപ്, ആയുര്‍വേദിക് സ്റ്റോര്‍ എന്നിവിടങ്ങളിലെല്ലാം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

പുതിയ ഉല്‍പ്പന്നങ്ങള്‍, പദ്ധതികള്‍

സ്പെഷ്യലൈസ്ഡ് ഉല്‍പ്പന്നങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് മനാറ. പൂര്‍ണമായും കെമിക്കലുകള്‍ ഒഴിവാക്കിക്കൊണ്ടുള്ള ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ വിപണി മുന്നില്‍ക്കണ്ട് അശ്വഗന്ധ, കുങ്കുമാദി, നാല്‍പ്പാമരാദി, ഏലാദി തുടങ്ങിയ പരമ്പരാഗത ആയുര്‍വേദ ചേരുവകളില്‍ നിന്ന് ഫെയ്സ് ക്ലെന്‍സറുകള്‍ മുതല്‍ സിറം, മോയ്സ്ചറൈസര്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയ എല്ലാ പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും വികസിപ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു. ആറ് മാസത്തിനുള്ളില്‍ ദുബൈയില്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്യും.

ശക്തമായ ടീം

ഉല്‍പ്പന്ന ഗവേഷണത്തിനും ഉല്‍പ്പാദനത്തിനുമായി റിട്ടയേഡ് മെഡിക്കല്‍ ഓഫീസറായ ഡോ. രമാദേവിക്കൊപ്പം ആയുര്‍വേദ ഡോക്ടര്‍മാരുടെ ഒരു ടീം തന്നെ മനാറ ആയുര്‍വേദയില്‍ പ്രവര്‍ത്തിക്കുന്നു. ഫോര്‍മുലേഷന്‍ വിഭാഗത്തിന്റെ മേധാവി ഡോ. എച്ച്. മിഥുന്‍ ആണ്. ജോയ്ന്റ് ഫ്രീ ആടക്കമുള്ള വേദന സംഹാരികള്‍ വികസിപ്പിച്ചത് ഡോ. അശ്വിന്‍ ശങ്കറാണ്. ഡോ. ഹരിദേവാണ് ഉല്‍പ്പാദന മേല്‍നോട്ടം നിര്‍വഹിക്കുന്നത്. 140 പ്രൊമോട്ടര്‍മാരും അസിസ്റ്റന്റ് സെയ്ല്‍സ് മാനേജര്‍ ഉള്‍പ്പെടെ 12 ഓളംപേരും സെയ്ല്‍സ് വിഭാഗത്തിലുണ്ട്. കൂടാതെ ഫാര്‍മ വിഭാഗത്തില്‍ അഞ്ച് പേരും അരൂര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതിചെയ്യുന്ന ഓഫീസില്‍ 25 പേരും ഉള്‍പ്പെടെ 170ലധികം ജീവനക്കാര്‍ മനാറ ആയുര്‍വേദയില്‍ പ്രവര്‍ത്തിക്കുന്നു. ജീവനക്കാരില്‍ 75 ശതമാനത്തോളം പേരും വനിതകളാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മികച്ച ബ്രാന്‍ഡുകളെ ഏറ്റെടുക്കും

ആയുര്‍വേദത്തില്‍ മികച്ച ഉല്‍പ്പന്നങ്ങളുള്ള നിരവധി ചെറു ബ്രാന്‍ഡുകളെ കണ്ടെത്തി ഏറ്റെടുക്കാനും മനാറ ആയുര്‍വേദ ലക്ഷ്യമിടുന്നു. കെമിക്കല്‍ മുക്തമായ ഉല്‍പ്പന്നങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. കൂടാതെ ഹോം കെയര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ മേഖ ലകളിലേക്ക് കടക്കാനും പദ്ധതിയുണ്ടെന്ന് നിഹാല്‍ പറയുന്നു.

ലക്ഷ്യം, 700 കോടി മൂല്യം

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പിന്തുണയോടെ ഒരു വ്യക്തിക്ക് രാവിലെ മുതല്‍ രാത്രി വരെ ആവശ്യമായി വരുന്ന എല്ലാ ആയുര്‍വേദ പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് മനാറ ആയുര്‍വേദയ്ക്ക് തുടക്കം കുറിക്കുന്നത്. പ്രതിമാസം 30-40 ലക്ഷം രൂപയാണ് വിറ്റുവരവ്. കഴിഞ്ഞ വര്‍ഷത്തെ മൊത്തം വിറ്റുവരവ് 4.4 കോടി രൂപയാണ്. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 20 ലക്ഷം യു.എസ് ഡോളര്‍ (17 കോടി രൂപ) മൂല്യമുള്ള കമ്പനിയായി മാറാന്‍ നിഹാല്‍ അനസിന്റെ നേതൃത്വത്തില്‍ മനാറ ആയുര്‍വേദയ്ക്ക് സാധിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 700 കോടി മൂല്യമുള്ള കമ്പനിയായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് നിഹാല്‍ പറയുന്നു.

വ്യത്യസ്ത വിപണന തന്ത്രം

പരസ്യങ്ങള്‍ നല്‍കാതെയുള്ള വ്യത്യസ്തമായ രീതികളാണ് മനാറ ആയുര്‍വേദ വിപണന ശൃംഖലകള്‍ സ്ഥാപിക്കുന്നതിന് പിന്തുടര്‍ന്നത്. ഓരോ സ്റ്റോറിലും ഉല്‍പ്പന്നത്തെ കുറിച്ച് നന്നായി അറിയാവുന്ന പ്രൊമോട്ടര്‍ മാരെ നിയമിച്ചിട്ടുണ്ട്. സ്റ്റോറിലെത്തുന്ന ഓരോരുത്തരുടേയും ചര്‍മപ്രകൃതിയും ജീവിതശൈലിയും അനുസരിച്ച് അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കാന്‍ പ്രൊമോട്ടര്‍മാര്‍ ഉപയോക്താക്കളെ സഹായിക്കും. കേരളത്തില്‍ 170 ഓളം സ്റ്റോറുകളില്‍ ഇപ്പോള്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

(This article is originally published in Dhanam Business Magazine 31 August 2023 Issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it