ഗോദ്‌റെജ് ഗ്രൂപ്പ് പിരിഞ്ഞു; വിഭജനം 127 വര്‍ഷത്തിന് ശേഷം

ഗൃഹോപകരണങ്ങളുടെ നിര്‍മാണം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ വ്യാപിച്ചുകിടക്കുന്ന വിപുലമായ ശൃംഖലയുള്ള ഗോദ്‌റെജ് ഗ്രൂപ്പിന്റെ ബിസിനസ് വീതം വച്ച് കുടുംബം. 127 വര്‍ഷത്തിന് ശേഷമാണ് ഈ വിഭജനം. ആദി ഗോദ്റെജ്, സഹോദരന്‍ നാദിര്‍ എന്നിവര്‍ ഒരു ഭാഗത്തും ബന്ധുക്കളായ ജംഷിദ് ഗോദ്റെജ്, സ്മിത ഗോദ്റെജ് കൃഷ്ണ എന്നിവര്‍ മറുഭാഗത്തുമായാണ് സ്വത്തുക്കള്‍ വീതംവെച്ചത്.

ഗോദ്‌റെജ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന അഞ്ച് സ്ഥാപനങ്ങളുടെ നിയന്ത്രണം ആദി ഗോദ്റെജിനും സഹോദരന്‍ നാദിറുനുമായിരിക്കും. ജംഷിദ് ഗോദ്‌റെജ്, സ്മിത ഗോദ്‌റെജ് കൃഷ്ണ എന്നിവരുടെ കീഴിലായിരിക്കും ഗോദ്‌റെജ് ആന്‍ഡ് ബോയ്സും അനുബന്ധ സ്ഥാപനങ്ങളും. മുംബൈയിലുള്ള പ്രധാന സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു

വിഭജനം ഇങ്ങനെ

ഫര്‍ണിച്ചര്‍, ഐ.ടി സോഫ്റ്റ്‌വെയര്‍ തുടങ്ങി എയ്റോസ്പേസ്, വ്യോമയാന മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വ്യവസായങ്ങളില്‍ സാന്നിധ്യമുള്ള ഗോദ്റെജ് & ബോയ്സിന്റെയും അനുബന്ധ സ്ഥാപനങ്ങളും അടങ്ങുന്ന ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിനെ ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ജംഷിദ് ഗോദ്റെജ് നിയന്ത്രിക്കും.അദ്ദേഹത്തിന്റെ സഹോദരി സ്മിതയുടെ മകളായ നൈരിക ഹോള്‍ക്കര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും. മുംബൈയിലെ 3,400 ഏക്കര്‍ ഭൂമിയും ഇവരുടെ കൈവശമായിരിക്കും.

ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികള്‍ ആദിയും നാദിറും അവരുടെ കുടുംബങ്ങളും നിയന്ത്രിക്കും. ആദി ഗോദ്റെജിന്റെ മകന്‍ പിറോജ്ഷ ഗോദ്റെജ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണായിരിക്കും. വിഭജനത്തിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ജംഷാദ് ഗോദ്റെജിനേയും സ്മിത കൃഷ്ണയേയും പൊതു ഓഹരി ഉടമകളായി തരംതിരിക്കും. നിലവില്‍ ലിസ്റ്റഡ് സ്വത്തുക്കളുടെ പ്രമോട്ടര്‍ ഗ്രൂപ്പിലാണ് ഇവര്‍ രണ്ടുപേരുമുള്ളത്.

അഭിഭാഷകനായ അര്‍ദേഷിര്‍ ഗോദ്‌റെജും സഹോദരനും ചേര്‍ന്ന് 1897ലാണ് പൂട്ട് നിര്‍മാണത്തിലൂടെ കമ്പനിക്ക് തുടക്കമിടുന്നത്. അര്‍ദേഷിറിന് മക്കളില്ലാത്തതിനാല്‍ സഹോദരന്‍ പിറോജ്ഷായിലേക്കാണ് കമ്പനിയുടെ അവകാശമെത്തിയ്ത്. പിറോജ്ഷായ്ക്ക് നാല് മക്കളാണുള്ളത്. സോഹ്രാബ്, ദോസ, ബര്‍ജോര്‍, നേവല്‍.പിന്നീട് ബര്‍ജോറിന്റെ മക്കളിലേക്കും (ആദി, നദീര്‍), നേവലിന്റെ മക്കളിലേക്കും (ജംഷിദ്, സ്മിത) അവകാശമെത്തുകയായിരുന്നു. സോഹ്രാബിനും ദോസയുടെ മകന്‍ റിഷാദിനും കുട്ടികളില്ലായിരുന്നു.

ഒത്തൊരുമ നിലനിര്‍ത്താന്‍

റിയല്‍ എസ്റ്റേറ്റ്, മാര്‍ക്കറ്റിംഗ് ബിസിനസുകളില്‍ ഗോദ്റെജിന്റെ ബ്രാന്‍ഡ് നെയിം ഇരു ഗ്രൂപ്പുകള്‍ക്കും ഉപയോഗിക്കാം. രണ്ടു ഗ്രൂപ്പുകള്‍ക്കും ഈ ബ്രാന്‍ഡ് നെയിം ഉപയോഗിക്കുന്നതിന് റോയല്‍റ്റി നല്‍കേണ്ടതില്ല. ഗോദ്റെജ് കുടുംബാംഗങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ മാനിച്ച് ഒത്തൊരുമ നിലനിര്‍ത്തുന്നതിനായിട്ടാണ് സ്വത്ത് വിഭജനം നടത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it