ഇപ്പോള്‍ ഓഹരി നിക്ഷേപകര്‍ നോക്കേണ്ടത് എന്ത്? പൊറിഞ്ചു വെളിയത്ത് പറയുന്നു

പേടിഎം ഐപിഒയുടെ തകര്‍ച്ച അനുദിനം വളര്‍ന്നു വന്നിരുന്ന ഐപിഒ കുമിള പൊട്ടുന്നതിന്റെ മുന്നോടി ആണെന്ന് തോന്നുന്നു. വളരെ അധികം കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യയിലെ ഇതുവരെ ഉള്ള ഏറ്റവും വലിയ ഐ പി ഓ ആയിരുന്നു പേടിഎമ്മിന്റേത്. 2150 രൂപയായിരുന്നു ഇഷ്യു പ്രൈസ്. എന്നാല്‍ ലിസ്റ്റിംഗിന്റെ ആദ്യ ദിനത്തില്‍ തന്നെ ഓഹരി വില ക്ലോസ് ചെയ്തത് 27.4 ശതമാനം നഷ്ടത്തില്‍ 1561 രൂപയിലാണ്. ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രമുഖ ഐപിഒകളുടെ ലിസ്റ്റിംഗ് ദിനപ്രകടനമെടുത്താല്‍ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരിക്കും ഇത്. ഞാന്‍ ഈ ലേഖനമെഴുതുമ്പോള്‍ ഈ ഓഹരിയുടെ വില 1271 രൂപ വരെ താണാണ് ട്രേഡ് ചെയ്യുന്നത്. ഈ പുതുതലമുറ ടെക് കമ്പനിയുടെ ഐപിഒയില്‍ നിക്ഷേപിച്ചവര്‍ക്ക് ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കുന്ന നഷ്ടം 57,000 കോടി രൂപ! 2008 ജനുവരിയില്‍ നടന്ന റിലയന്‍സ് പവര്‍ ഐപിഒയുമായി ചില വിപണി വിദഗ്ധര്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്.

ഓഹരി വിപണിയില്‍ ഏറെ പ്രശസ്തമായൊരു ചൊല്ലുണ്ട്. Turnover is vanity, profit is sanity, but cash is reality. അതായത്, വിറ്റുവരവ് പൊങ്ങച്ചമാണ്, ലാഭം യുക്തിപരവും, പക്ഷേ പണമാണ് യാഥാര്‍ത്ഥ്യം. ഭ്രാന്തമായ വിലകളില്‍ ഉള്ള നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറ കമ്പനികളുടെ ഐപിഒകള്‍ക്ക് പിന്നാലെ പായുന്നവര്‍ തീര്‍ച്ചയായും ഒരു കാര്യം മനസ്സിലാക്കണം. ഇവയില്‍ ഭൂരിഭാഗവും ഇതുവരെ ലാഭമുണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല ഇനി ഭാവിയില്‍ ലാഭം ഉണ്ടാകുമെന്നോ എന്തിനു പ്രസക്തിയോടെ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പോലും ഒരു ഉറപ്പുമില്ല.

ധനത്തില്‍ എഴുതിയ കോളത്തിലും ഇക്കാര്യത്തെ പറ്റി ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് വായിച്ചവര്‍ക്ക് ഗുണം കിട്ടിയിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. പല ഐപിഒകളും ഭൂഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ചാണ് ഉയരങ്ങളിലേക്ക് കുതിക്കുന്നത് എന്ന് ആ കോളത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. വിപണിക്ക് യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ എത്ര സമയമെടുക്കുമെന്ന കാര്യത്തില്‍ മാത്രമേ സംശയമുള്ളൂവെന്ന്. ഐപിഒകളുടെ മാനംമുട്ടെയുള്ള വാല്വേഷനുകളെ പറ്റി ഇപ്പോഴും ഞാന്‍ ആശങ്കിയില്‍ ആണ്.
കാര്‍ഷിക പരിഷ്‌കരണത്തിലെ യു ടേണ്‍
മറ്റൊരു സുപ്രധാനമായ കാര്യം, മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനമാണ്. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ ഹ്രസ്വ വീക്ഷണത്തോടെയുള്ള വലിയ ഒരു തീരുമാനാമായി പോയി ഇത്. 2022ന്റെ തുടക്കത്തില്‍ ഉത്തര്‍പ്രദേശിനും മറ്റ് മൂന്ന് സംസ്ഥാനങ്ങള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് നടക്കാനിടയുള്ള പഞ്ചാബിലെ ഉള്‍പ്പടെയുള്ള വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള നീക്കമാകാം ഇതിനു പിന്നില്‍.

ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ പല കോണുകളിലുള്ളവരും സ്വാഗതം ചെയ്യുകയും അത് പരക്കെ കാര്‍ഷിക പ്രക്ഷോഭത്തിന്റെ വിജയമായി ഉദ്‌ഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും, അങ്ങേയറ്റം നിരാശാപൂര്‍ണമായ ഒരു തീരുമാനമായിപ്പോയി അത്. സര്‍ക്കാരിന്റെ തുടര്‍ന്ന് വരുന്ന പരിഷ്‌കരണ അജണ്ടയ്ക്കുള്ള ഒരു തിരിച്ചടിയാണിത്. വിഭാവനം ചെയ്യുന്ന കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കായി സര്‍ക്കാര്‍ ബദല്‍ സംവിധാനങ്ങള്‍ ആവിഷ്‌കരിച്ച് കൊണ്ടുവന്നില്ലെങ്കില്‍, ഈ തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ദീര്‍ഘകാലത്തില്‍ വിപരീതഫലങ്ങളുണ്ടാക്കിയേക്കും. ബില്ലുകള്‍ പിന്‍വലിച്ച തീരുമാനം തീര്‍ച്ചയായും ഇക്വിറ്റി നിക്ഷേപകരെ സംബന്ധിച്ച് നെഗറ്റീവ് സെന്റിമെന്റ് ഉണ്ടാക്കാവുന്ന ഒന്നാണ്.
റിസള്‍ട്ടുകള്‍ പറയുന്നത്
കമ്പനികള്‍ പുറത്തുവിട്ട നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദ ഫലങ്ങള്‍ അനലിസ്റ്റുകളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ളമുള്ളതാണ്. ഈ ത്രൈമാസത്തില്‍ നിഫ്റ്റി 50 കമ്പനികളുടെ അറ്റലാഭത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 37 ശതമാനം വര്‍ധനയുണ്ട്. 2015 ന് ശേഷം ഇതാദ്യമായി നിഫ്റ്റി ഇപിഎസ് അനുമാനങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതായി അനലിസ്റ്റ് എസ്റ്റിമേറ്റുകള്‍ വെളിപ്പെടുത്തുന്നു. ഇതൊരു പ്രധാനപ്പെട്ട കാര്യമാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാഗതാര്‍ഹമായ കാര്യം കൂടിയാണിത്. വര്‍ഷങ്ങളായി നടക്കുന്ന ശുദ്ധീകരണ പ്രക്രിയകളും സാമ്പത്തിക പരിഷ്‌കാരങ്ങളും കോര്‍പ്പറേറ്റുകളുടെ ലാഭത്തില്‍ പ്രതിഫലിച്ച് തുടങ്ങിയിരിക്കുന്നു.

ഓഹരി വിപണിയിലെ പുതിയ നിക്ഷേപകരോടും വായനക്കാരോട് പൊതുവിലും എനിക്ക് പറയാനുള്ളത് നിങ്ങള്‍ അത്യാവേശത്തില്‍ എടുത്ത് ചാടരുത് എന്നാണ്. ഓഹരി വിപണി കഴിഞ്ഞ ഏതാനും മാസങ്ങളായി വളരെയേറെ ഉദാരമായാണ് പെരുമാറിയിരുന്നത്. എന്നുവെച്ച്, നിങ്ങള്‍ വാങ്ങുന്ന കമ്പനിയുടെ ഫണ്ടമെന്റലുകളും വാല്വേഷനും വളരെ ലാഘവത്തോടെ എടുക്കാനാകുമെന്നല്ല അതിനര്‍ത്ഥം. കണ്ണുമടച്ച് ഐപിഒകള്‍ക്കോ ഹോട്ട് സെക്ടറുകള്‍ക്കോ പിന്നാലെ പായരുത്. നിലവില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളില്‍ തന്നെ പണമുണ്ടാക്കാനുള്ള നിരവധി അവസരങ്ങള്‍ ഇനിയും ശേഷിക്കുന്നുണ്ട്. ഒരുപക്ഷേ അത്തരം കമ്പനികളെ ചുറ്റിപറ്റി ആളും ആരവവും ആഘോഷങ്ങളും കണ്ടെന്നുവരില്ല. പക്ഷേ, അവ നല്ല രീതിയില്‍ പണമുണ്ടാക്കുന്ന അടിത്തറ ഉറച്ച കമ്പനികളാകും. അത്തരം കമ്പനികളില്‍ ഫോക്കസ് ചെയ്യുക. വിപണിയിലെ തിരുത്തലുകള്‍, ഈ ശ്രേണിയിലുള്ള കമ്പനികളുടെ ഓഹരികള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങുന്നതിനുള്ള അവസരമാക്കുക. വരും മാസങ്ങളില്‍ അവ നിങ്ങള്‍ക്ക് കൈനിറയെ നേട്ടം സമ്മാനിച്ചേക്കാം.

ഇന്ത്യയുടെ മഹാ വളര്‍ച്ചയുടെ കഥക്ക് ഇനിയുമേറെ ദൂരം താണ്ടാനുണ്ട്; ഓരോ തിരുത്തലും വിലയെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ മികച്ച മൂല്യമുള്ള കമ്പനികള്‍ വാങ്ങാനുള്ള അവസരമാക്കുക!


Porinju Veliyath
Porinju Veliyath  

ഇക്വിറ്റി ഇന്റലിജന്‍സ് മാനേജിങ് ഡയറക്ടർസിഇഒ. പ്രശസ്ത പോർട്ട്ഫോളിയോ മാനേജർ ആണ്.

Related Articles

Next Story

Videos

Share it