ലോകത്തെ ഏറ്റവും സമ്പന്നനായ ജയില്‍പ്പുള്ളിയായി ഈ ക്രിപ്റ്റോ രാജാവ്! ആസ്തി ഇങ്ങനെ

ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ ബിനാന്‍സിന്റെ സ്ഥാപകനും സി.ഇ.ഒയുമായിരുന്ന ചാങ്‌പെങ് ഷാവോയ്ക്ക് നാലുമാസത്തെ തടവുശിക്ഷ. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാന്‍സ് പ്ലാറ്റ്‌ഫോമിലൂടെ സൈബര്‍ ക്രിമിനലുകളും തീവ്രവാദ ഗ്രൂപ്പുകളും അനായാസം സൈ്വര്യവിഹാരം നടത്തുന്നതില്‍ നിന്ന് തടഞ്ഞില്ല എന്നീ കുറ്റങ്ങള്‍ക്കാണ് യു.എസ് കോടതി അദ്ദേഹത്തെ ശിക്ഷിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടത് മൂന്നു വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നാണ്. എന്നാല്‍ കോടതി ഇതു തള്ളി. ഇത് ആദ്യമായിട്ടാണ് ഒരു സി.ഇ.ഒ യു.എസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. ചാങ്‌പെങ് ഷാവോയ്‌ക്കെതിരേ അടുത്ത കാലത്ത് യു.എസില്‍ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കനേഡിയന്‍ പൗരനായ ഷാവോ നിയമലംഘനം നടത്തിയതായും കള്ളപ്പണം വെളുപ്പിച്ചതായും കഴിഞ്ഞ നവംബറില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ കമ്പനിക്ക് യു.എസ് നീതിന്യായ വകുപ്പ് 36,000 കോടി രൂപ (4.3 ബില്യണ്‍ ഡോളര്‍) പിഴയും ചുമത്തിയിരുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനിയായ എഫ്.ടി.എക്‌സ് സ്ഥാപകന്‍ സാം ബാന്‍ക്മാന്‍-ഫ്രൈഡിന് ശേഷം ജയില്‍ കയറേണ്ടിവന്ന ക്രിപ്‌റ്റോ രംഗത്തെ രണ്ടാമനാണ് ഷാവോ.
ജയിലില്‍ കിടക്കുമ്പോഴും വരുമാനം കൂടും
സാം ബാങ്ക്മാന്‍ ജയിലില്‍ പോയപ്പോള്‍ അദേഹത്തിന്റെ കമ്പനി തന്നെ തകര്‍ന്നെങ്കില്‍ നേരെ തിരിച്ചായിരിക്കും ഷാവോയുടെ കാര്യത്തില്‍ സംഭവിക്കുകയെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ജയിലില്‍ പോയി തിരിച്ചെത്തുമ്പോള്‍ ബിനാന്‍സ് സ്ഥാപകന്റെ സമ്പാദ്യം വീണ്ടും ഉയരാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു. ക്രിപ്‌റ്റോ മൂല്യത്തില്‍ സമീപകാലത്തുണ്ടായ വന്‍ കുതിച്ചുചാട്ടമാണ് ഷാവോയ്ക്ക് ഗുണമാകുക. 43 ബില്യണ്‍ ഡോളറാണ് (3.5 ലക്ഷം കോടി രൂപ) അദേഹത്തിന്റെ വരുമാനം.
കഴിഞ്ഞ വര്‍ഷം ബിനാന്‍സിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങിയെങ്കിലും ഈ 47കാരന്റെ കമ്പനിയിലെ നിയന്ത്രണത്തിന് കാര്യമായ കുറവുണ്ടായിട്ടില്ല. അദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളവരില്‍ ഏറിയപങ്കും. 90 ശതമാനത്തോളം ഓഹരികളും ഷാവോയുടെ കൈവശം തന്നെയാണ് ഇപ്പോഴുമുള്ളത്. യു.എസില്‍ ജയില്‍ശിക്ഷ അനുവഭിക്കുന്ന ഏറ്റവും സമ്പന്നനും ഷാവോയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it