തിരുവനന്തപുരത്തും മെട്രോ; 38 സ്റ്റേഷനുകള്‍, ചെലവ് 11,600 കോടി, ജൂണിലെ യോഗം നിര്‍ണായകം

കേരളത്തില്‍ മെട്രോ റെയില്‍ സര്‍വീസുള്ള രണ്ടാമത്തെ നഗരമെന്ന പട്ടംചൂടാന്‍ അനന്തപുരിയും ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പറേഷന്‍ തയാറാക്കിയ എസ്റ്റിമേറ്റ് ഇതിന്റെ ആദ്യപടിയായി മാറിയിരിക്കുകയാണ്. 46 കിലോമീറ്റര്‍ നീളുന്ന മെട്രൊ നിര്‍മാണത്തിനായി 11,600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ജൂണില്‍ അന്തിമ ഡി.പി.ആര്‍ പൂര്‍ത്തിയാകുമെന്നും സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചേക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പള്ളിപ്പുറം ടെക്‌നോ സിറ്റി മുതല്‍ പള്ളിച്ചല്‍ വരെയാകും ഒന്നാം കോറിഡോര്‍. ഇത് 30.8 കിലോമീറ്റര്‍ വരും. കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെയാണ് രണ്ടാം കോറിഡോര്‍. 15.9 കിലോമീറ്ററാകും ദൂരം.

അണ്ടര്‍ഗ്രൗണ്ട് സ്‌റ്റേഷനുകളും

ചെന്നൈ മെട്രോ മാതൃകയില്‍ തിരക്കുള്ള ഭാഗങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടിലൂടെയാകും മെട്രോ പായുക. ഈസ്റ്റ് ഫോര്‍ട്ട്, കിള്ളിപ്പാലം എന്നിവിടങ്ങളിലാകും അണ്ടര്‍ഗ്രൗണ്ടില്‍ സ്റ്റേഷനുകള്‍ വരിക. ഇത് രണ്ടാം കോറിഡോറിന്റെ ഭാഗമാണ്. പള്ളിപ്പുറം ടെക്‌നോ സിറ്റി-പള്ളിച്ചല്‍ കോറിഡോറിനായി 7,503.18 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കഴക്കൂട്ടം മുതല്‍ കിള്ളിപ്പാലം വരെ രണ്ടാം കോറിഡോര്‍ നിര്‍മ്മാണത്തിന് 4,057.7 കോടി രൂപയും ചെലവ് വരും. ഒന്നാം കോറിഡോറില്‍ 25 സ്റ്റേഷനുകളുണ്ടാകും. 15.9 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന രണ്ടാം കോറിഡോറിന്റെ ഭാഗമായി 13 സ്റ്റേഷനുകളുമാണുണ്ടാവുക.

തിരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി അവലോകനത്തിനായി ഉന്നതതല യോഗം നടന്നിരുന്നു. മുന്‍ ചീഫ് സെക്രട്ടറി കെ.എം അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ഇത്. പദ്ധതിയുടെ സംഗ്രഹമായ എക്‌സിക്യൂട്ടീവ് സമ്മറി ചര്‍ച്ച ചെയ്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. മറ്റ് വകുപ്പുകളുടെ കൂടി നിര്‍ദേശം പരിഗണിച്ച ശേഷം സര്‍ക്കാര്‍ പദ്ധതിക്ക് പ്രാഥമിക അനുവാദം നല്‍കും.

വിഴിഞ്ഞം തുറമുഖം, ഐ.ടി വികസനം എന്നിവ തലസ്ഥാനത്ത് ഗതാഗതക്കുരുക്ക് കൂട്ടുമെന്ന വിലയിരുത്തലിലാണ് മെട്രൊയ്ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കൊച്ചി മെട്രൊയെ പോലെ വലിയ സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ തലസ്ഥാനത്തും കഴിയുമെന്ന് വിദഗ്ധരും പറയുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it