ഇന്ത്യയില്‍ പഞ്ചസാര ഉയര്‍ന്ന അളവില്‍, യൂറോപ്പിന് ഏറ്റവും മികച്ചതും; നെസ്‌ലെയുടെ ഇരട്ടത്താപ്പ് പുറത്ത്

പ്രമുഖ ബേബി ഫുഡ് നിര്‍മാതാക്കളായ നെസ്‌ലെ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കുട്ടികള്‍ക്കുള്ള ഉല്‍പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് വ്യത്യസ്തപ്പെടുത്തുന്നതായി അന്വേഷണ റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പഞ്ചസാര തീര്‍ത്തും കുറവായ ഗുണമേന്മ കൂടിയ ഉല്‍പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്. ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങളില്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്തിയുമാണ് ഇരട്ടത്താപ്പ്.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്‌വര്‍ക്കും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നെസ്‌ലെയെ വെട്ടിലാക്കുന്ന കണ്ടെത്തല്‍. കുട്ടികള്‍ക്കായുള്ള സെറിലാക്ക് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളിലാണ് പഞ്ചസാരയുടെ അധിക സാന്നിധ്യം കണ്ടെത്തിയത്.
കുട്ടികള്‍ക്കുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ പഞ്ചസാരയും മധുരവും കുറയ്ക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഉണ്ട്. ഇത് അവഗണിച്ചാണ് ഇന്ത്യയില്‍ അടക്കം പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഉല്‍പന്നങ്ങള്‍ കമ്പനി വില്‍ക്കുന്നത്. 2022ല്‍ ഇന്ത്യയില്‍ 20,000 കോടിയിലധികം രൂപയുടെ സെറിലാക്ക് ഉല്‍പന്നങ്ങളാണ് വിറ്റതെന്നാണ് കണക്കുകള്‍.
കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് രണ്ടാംതരം
യു.കെ, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്ലെ വിറ്റഴിക്കുന്നത്. ഇന്ത്യയെ പോലെ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ കുട്ടികളുടെ ഉല്‍പന്നങ്ങളില്‍ പഞ്ചസാര കൂടുന്നത് അമിതവണ്ണത്തിനും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും കാരണമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് നെസ്‌ലെ വില്‍പന നടത്തിയിരുന്നത്. കുഞ്ഞിന് ഒരുതവണ നല്‍കുന്ന ഭക്ഷണത്തില്‍ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ക്കുന്നതായാണ് കണക്ക്. ദക്ഷിണാഫ്രിക്കയില്‍ സെറിലാക്കില്‍ നാല് ഗ്രാമോ അതിലധികവും പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സെര്‍ലാക്ക് വില്‍ക്കുന്ന ബ്രസീലില്‍ മൂന്ന് ഗ്രാം പഞ്ചസാര ചേര്‍ത്തിട്ടുണ്ട്. ദാരിദ്ര രാജ്യമായ എതോപ്യയിലും ഏഷ്യന്‍ രാജ്യമായ തായ്‌ലന്‍ഡിലും ആറ് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. നെസ്‌ലെയുടെ ബേബി ഫുഡ് ഉത്പന്നങ്ങളില്‍ പഞ്ചസാര ചേര്‍ക്കുന്നതിന്റെ അളവ് പായ്ക്കറ്റില്‍ രേഖപ്പെടുത്തുന്നില്ല.
അതേസമയം തങ്ങള്‍ എല്ലാ നിയമങ്ങളും പാലിക്കുന്നുണ്ടെന്നും അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വരെ പഞ്ചസാരയുടെ അളവ് കുറച്ചുവെന്നും നെസ്‌ലെ അവകാശപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് വലിയ വാര്‍ത്തയായതോടെ വില്‍പനയില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് കമ്പനി.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it