ഇതെന്റെ രണ്ടാം ജന്മം

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

നാലര മണിക്ക് എണീക്കും. രണ്ട് ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കും. കാന്‍സര്‍ ഭേദമായൊരു ന്യൂറോപ്പതിക് രോഗിയാണ് ഞാന്‍. അതിനാല്‍ ഒന്നര മണിക്കൂര്‍ ഫിസിയോതെറാപ്പി ചെയ്യും. അതിനിടയില്‍ ആലുവേര ജ്യൂസ്, തേന്‍,

ബ്രാന്‍ഡി എന്നിവ ഒരു സ്പൂണ്‍ വീതം മിക്‌സ് ചെയ്ത് കുടിക്കും. തുടര്‍ന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ഈ നൂറ്റാണ്ടില്‍ ജീവിക്കാന്‍ സാധിച്ചത്. കാരണം മുന്‍ നൂറ്റാണ്ടുകളെ അപേക്ഷിച്ച് ഭൗതിക സാഹചര്യങ്ങളിലും സുഖഭോഗങ്ങളിലുമൊക്കെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്.

സ്വാധീനിച്ച വ്യക്തികള്‍?

എന്റെ അച്ഛനും അമ്മയും. ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ചതിനാല്‍ ഹിന്ദുവായി വളര്‍ന്നു. വളര്‍ന്ന സാഹചര്യങ്ങളാണ് നമ്മളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. ബോധം വന്നശേഷം ആരും നമ്മളെ സ്വാധീനിച്ച് നന്നാക്കുമെന്ന വിശ്വാസം എനിക്കില്ല.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയൊരു വെല്ലുവിളി?

ആറ് വര്‍ഷം മുന്‍പ് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടപ്പോള്‍ വേണ്ടപ്പെട്ടവരെല്ലാം എന്നെ ഉപേക്ഷിച്ചു. കൂടെ നടന്നവര്‍, കൂടെ കിടന്നവര്‍, കൂടെ കുടിച്ചവര്‍, കൈപിടിച്ചുയര്‍ത്തിയവര്‍ എന്നിവര്‍ക്കെല്ലാം ഞാന്‍ മരിച്ചുപോകുമെന്ന

ചിന്തയുണ്ടായതോടെ എന്നില്‍ നിന്നും അകന്നു. അപ്പോഴാണ് ജീവിതം വലിയൊരു വെല്ലുവിളിയായി എനിക്ക് തോന്നിയത്. അവരുടെയൊക്കെ മുന്നില്‍ വീണ്ടും ജീവിക്കണം എന്നൊരു വാശി എനിക്കുണ്ടായി.

രോഗവിമുക്തി നേടിയത് എങ്ങനെ?

കാന്‍സറിനെയും ന്യൂറോപ്പതിയെയും അതിജീവിക്കാന്‍ വേണ്ടി ഞാന്‍ ചെയ്യാത്ത ചികിത്സകളില്ല. ഒരേ സമയത്ത് 5 ചികിത്സാ രീതികള്‍ ചെയ്തു. അപകടകരമാണെന്ന് പലരും ഉപദേശിച്ചെങ്കിലും കാന്‍സറിനെക്കാള്‍ വലിയ അപകടമില്ല എന്നതായിരുന്നു എന്റെ നിലപാട്. എന്തായാലും ഞാനിപ്പോള്‍ എന്റെ രണ്ടാം ജന്മത്തിലാണ്. ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും.

വിശ്രമവേളകള്‍ എങ്ങനെ ചെലവഴിക്കുന്നു?

ഉറക്കം. ഈ ലോകത്ത് ഇത്രയും സുഖമായി ഉറങ്ങുന്ന മറ്റൊരു വ്യക്തി കാണില്ല.

മറ്റുള്ളവരില്‍ താങ്കള്‍ വെറുക്കുന്ന കാര്യം?

ഒരു സാധാരണക്കാരനാണെങ്കിലും ജീവിതത്തില്‍ ഞാന്‍ മുറുകെ പിടിച്ചിട്ടുള്ള ചില മൂല്യങ്ങളാണ് നന്ദി, സ്മരണ, ഗുരുത്വം എന്നിവ. ഇതില്ലാത്തവരെ എനിക്ക് വെറുപ്പാണ്.

രസകരമായൊരു ബാല്യകാല സ്മരണ?

അമ്മ എന്നെ തോളില്‍ ഇരുത്തി ആറ് കടന്ന് ആശാന്‍ പള്ളിക്കൂടത്തില്‍ കൊണ്ടുപോകുന്നതും ചന്തയില്‍ പോയിട്ട് തിരികെ വരുമ്പോള്‍ അമ്മ എനിക്ക് ചക്കരയും അണ്ടിപ്പരിപ്പും കൊണ്ടുവന്നിരുന്നതും. മുതിര്‍ന്നപ്പോള്‍ ആദ്യമായി ഒരു പെണ്ണിനെ സ്‌നേഹിച്ചതും പ്രണയം നാമ്പിട്ടതുമൊക്കെ സുഖകരമായൊരു ഓര്‍മ്മയാണ്. പക്ഷെ അതൊക്കെ മൗനപ്രണയമായിപ്പോയി.

സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളില്‍ പ്രിയപ്പെട്ടത്?

ഷൂട്ടിംഗിന്റെ ഭാഗമായി അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമൊക്കെ പോയിട്ടുണ്ടെങ്കിലും ബാങ്കോക്കിലെ മനോഹരമായ പൂന്തോട്ടങ്ങള്‍ അവിസ്മരണീയമായൊരു കാഴ്ചയാണ്.

താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്തൊരു കാര്യം?

ഞാനൊരു നല്ലവനാണെന്ന കാര്യം ആര്‍ക്കും അറിയില്ല.

സിനിമകളിലെ വില്ലന്‍ ഇമേജില്‍ ദുഃഖം തോന്നിയിട്ടുണ്ടോ?

ഇല്ല. വില്ലന്‍ അല്ല ഏത് വേഷമായാലും അത് അഭിനയമാണ്.

സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം?

നരസിംഹം എന്ന പടത്തില്‍ എനിക്കും മമ്മൂട്ടിക്കും വക്കീല്‍ വേഷമായിരുന്നു. എനിക്കുള്ള രണ്ട് സീനില്‍ ഒരെണ്ണം ഏറെ ദൈര്‍ഘ്യമുള്ളതും ഇംഗ്ലീഷിലുള്ള വാദവുമായിരുന്നു. ഞാനതിന്റെ ഷൂട്ടിംഗും ഡബ്ബിംഗും ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കിയെങ്കിലും ദൗര്‍ഭാഗ്യവശാല്‍ സിനിമയില്‍ അത് വെട്ടിക്കുറച്ചു.

ശബരിമല വിവാദത്തില്‍ അകപ്പെട്ടതിനെക്കുറിച്ച്?

നമ്മുടെ വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ ഒരു നാടന്‍ പ്രയോഗത്തെ

അത്രയും വിവാദമാക്കേണ്ടിയിരുന്നില്ല.

ചെറുപ്പത്തില്‍ ആരാകണമെന്നായിരുന്നു ആഗ്രഹം?

ജേര്‍ണലിസ്റ്റ്. കാരണം ഒരു പോലീസുകാരന്‍ കേസ് ഇന്‍വെസ്റ്റിഗേറ്റ് ചെയ്യുന്നതിനെക്കാള്‍ മുന്‍പേ പത്രക്കാരാണ് ആ കേസ് പുറംലോകത്തെ അറിയിക്കുന്നത്. ഈയൊരു താല്‍പ്പര്യത്താല്‍ എം.എ കഴിഞ്ഞശേഷം ജേര്‍ണലിസത്തില്‍ ഡിപ്ലോമ നേടി. പക്ഷെ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ക്ലര്‍ക്കായി പ്രവേശിക്കുകയും തിരുവനന്തപുരം നഗരസഭയില്‍ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിക്കുകയും ചെയ്തു.

താങ്കളുടെ ഏറ്റവും പുതിയ കൃതി?

കാന്‍സറും ഞാനും പിന്നെ കുറെ തിരിച്ചറിവുകളും എന്ന പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it