എന്നെ അധികമാര്‍ക്കും പിടികിട്ടിയിട്ടില്ല

എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?

രണ്ട് രീതിയിലുള്ള ലൈഫ്സ്‌റ്റൈല്‍ ആണ് എന്റേത്. ഡയറ്റും അല്ലാത്തതും. ഡയറ്റിലാണെങ്കില്‍ രാവിലെ എണീറ്റാല്‍ ആദ്യം തന്നെ അര ലിറ്റര്‍ വെള്ളം കുടിക്കും. അല്ലാത്തപ്പോള്‍ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞാല്‍ ഹോര്‍ലിക്സ് കുടിക്കും. പിന്നീട് ബ്രേക്ക്ഫാസ്റ്റ്. ഷൂട്ടിംഗ് ഉണ്ടെങ്കിലും ഇല്ലെങ്കിലും 5.30 ന് തന്നെ എഴുന്നേല്‍ക്കും.

  • ഇഷ്ട ഭക്ഷണം?

അമ്മയുണ്ടാക്കുന്ന ഇഡ്ഡലി, ദോശ, മസാലദോശ ഒക്കെയാണിഷ്ടമെങ്കിലും ഏറ്റവും ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് സേമിയ ഉപ്പുമാവ് ആണ്. സേമിയ ഉപ്പുമാവ് ഉണ്ടാക്കാനറിയുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കൂ എന്നു പണ്ട് പറയുമായിരുന്നു ഞാന്‍. അമ്മ ഉണ്ടാക്കുന്ന കാളന്‍, കാരറ്റില്ലാത്ത സാമ്പാര്‍, കുറച്ചു ഗ്രേവി ടൈപ്പ് അവിയല്‍ അങ്ങനെ ഭക്ഷണത്തില്‍ ചെറിയ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമുണ്ട്. ഉണ്ണിയപ്പം ഏത് സമയത്തു കിട്ടിയാലും കഴിക്കും.

ഇഷ്ട ബ്രാന്‍ഡുകള്‍?

ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല. ഇഷ്ടം തോന്നുന്നവ ഉപയോഗിക്കും. നിരവധി ബ്രാന്‍ഡഡ് വാച്ചുകളുണ്ടെങ്കിലും ചേച്ചി 12 വര്‍ഷം മുന്‍പ് തന്ന ഒരു ഫാസ്റ്റ് ട്രാക്ക് വാച്ച് ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ബ്രാന്‍ഡ് ഏതായാലും അതിന്റെ ഹിസ്റ്ററിയാണ് എന്നെ എക്സൈറ്റ് ചെയ്യുന്നത്.

സൂപ്പര്‍ഹീറോസിന്റെ ആരാധകനാണല്ലോ?

സൂപ്പര്‍ഹീറോ എന്ന കോണ്‍സെപ്റ്റിനോട് ഭയങ്കര ഇഷ്ടമാണ്. രാമായണം, മഹാഭാരതം എന്നിവയൊക്കെ വായിച്ച, ആനിമേറ്റഡ് സിനിമകള്‍ ധാരാളം കണ്ട ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. ഹനുമാന്‍ ഒക്കെ എന്റെ സൂപ്പര്‍ ഹീറോയാണ്. പോസിറ്റിവിറ്റിയും പ്രചോദനവുമാണ് സൂപ്പര്‍ഹീറോ കഥകള്‍ എനിക്ക് തരുന്നത്. ഫാന്റസി ആണെങ്കിലും സൂപ്പര്‍മാന്‍ ഓരോ പ്രതിസന്ധികളെയും മറികടന്ന് മുന്നേറുമ്പോള്‍ ജീവിതത്തെ കുറച്ചുകൂടി പ്രതീക്ഷയോടെ നോ

ക്കി കാണാന്‍ കഴിയാറുണ്ട്. അതുപോലെ മോശം സമയം വരുമ്പോള്‍ അതൊരു ട്വിസ്റ്റിന് വേണ്ടിയായിരിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി ?

എന്റെ അച്ഛന്‍, എം. മുകുന്ദന്‍. തോറ്റുകൊടുക്കാത്ത അച്ഛന്റെ ആത്മവിശ്വാസമാണ് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നത്.

ജീവിതത്തിലെടുത്ത ഏറ്റവും വലിയ തീരുമാനം?

ഞാന്‍ വെറുമൊരു പ്ലസ്ടുക്കാരനാണ്. പക്ഷെ ഡിഗ്രികള്‍ നേടുക എന്നതിനപ്പുറം പാഷനെ പിന്തുടരാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം നല്‍കുന്നത്.

അടുത്ത സുഹൃത്ത്?

നല്ല സുഹൃത്തുക്കള്‍ ജീവിതത്തിലും സിനിമയിലുമുണ്ടെങ്കിലും 20 വര്‍ഷമായി എന്റെയൊപ്പമുള്ള ഉറ്റ സുഹൃത്ത് അനൂപ്.

ഊര്‍ജസ്വലതയുടെ രഹസ്യം?

എല്ലാ കാര്യത്തോടും എക്സൈറ്റ്മെന്റ് പുലര്‍ത്തുന്നു. അതാണ് എനര്‍ജിയുടെ രഹസ്യം. പിന്നെ വ്യായാമവും, യാത്രകളും.

യാത്ര പോകാന്‍ ആഗ്രഹമുള്ള സ്ഥലങ്ങള്‍?

ഓള്‍ ഇന്ത്യ റോഡ് ട്രിപ്പ് നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്. അത് തീര്‍ച്ചയായും നടന്നിരിക്കും.

ഉണ്ണി മുകുന്ദനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യം?

ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ പൂര്‍ണമായി ആര്‍ക്കും പിടികിട്ടിയിട്ടില്ല. മല്ലുസിംഗ് എന്ന സിനിമ കണ്ട് ഹരീന്ദര്‍ സിംഗിനെ പോലെ വലിയ ചൂടനാണെന്ന് കരുതുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ എനിക്ക് ദേഷ്യമല്ല, സങ്കടമാണ് വരാറുള്ളത്. സംഗീതം ഭയങ്കര ഇഷ്ടമാണ്. പാട്ടെഴുതാനും പാടാനും കഴിഞ്ഞതൊക്കെ വലിയ കാര്യമായി ഞാന്‍ കരുതുന്നു.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ഓരോ കഥാപാത്രവും മികച്ചതാക്കാന്‍ എന്നോട് തന്നെ ചലഞ്ച് ചെയ്യാറുണ്ട്. ഏറ്റെടുക്കുന്ന എന്തു കാര്യവും പൂര്‍ത്തിയാക്കുംവരെ അതൊരു വെല്ലുവിളിയായാണ് കരുതുന്നത്. എന്റെ ആത്മസംതൃപ്തിയോളം എനിക്ക് ആരുടെയും മുന്നില്‍ ഒന്നും പ്രൂവ് ചെയ്യാനില്ല.

ജീവിതത്തിലെ വലിയ നഷ്ടം?

ജീവിതം നമുക്ക് മുന്നില്‍ നിരവധി കാര്യങ്ങള്‍ വെച്ചു നീട്ടും. എന്നാല്‍ ഞാന്‍ ഇന്നുവരെ അത്തരത്തിലുള്ള എന്‍ജോയ്മെന്റുകള്‍ക്കായി സമയം മാറ്റിവെച്ചിട്ടില്ല. ഇപ്പോള്‍ എനിക്ക് 32 വയസ്. നാല്‍പ്പതുകളിലെങ്കിലും മനസ് പറയും പോലെ ജീവിക്കണമെന്ന് ആഗ്രഹമുണ്ട്.

ആരാണ് ഏറ്റവും വലിയ ക്രിറ്റിക് ?

എനിക്ക് അങ്ങനെയൊരു ക്രിറ്റിക് ഉണ്ടായിട്ടില്ല.

സിനിമയില്‍ റോള്‍ മോഡലുകള്‍ ഉണ്ടോ?

ഞാന്‍ മമ്മൂക്ക & ലാലേട്ടന്‍ ഫാന്‍ ആണ്. പക്ഷെ ഹോളിവുഡ് നടന്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വര്‍ക്കൗട്ടിലൊക്കെ അദ്ദേഹത്തെ വലിയ പ്രചോദനമാക്കാറുണ്ട്.

മാമാങ്കം എന്ന ചരിത്ര സിനിമയിലെ കഥാപാത്രം?

ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായിട്ടാണ് ഞാനെത്തുന്നത്. ജീവിച്ചിരുന്ന ഒരു നായക കഥാപാത്രമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്. സ്വന്തം നാട് ഇല്ലാതാകുമെന്ന് അറിഞ്ഞ് പോരാടുന്ന, 27 ാം വയസ്സില്‍ ജീവന്‍ വെടിഞ്ഞ ഒരു ധീരയോദ്ധാവായിട്ടാണ് അതില്‍ എന്റെ കഥാപാത്രം. അതിനായി ഏറെ പരിശീലനങ്ങളും എടുക്കേണ്ടി വന്നിരുന്നു. അതൊരു ഫീല്‍ ആണ്. നേരത്തെ ക്ലിന്റ് എന്ന സിനിമയില്‍ ജോസഫ് ആയിട്ടഭിനയിച്ചപ്പോഴും അത്തരത്തില്‍ ഒരു ഫീല്‍ ആണുണ്ടായിരുന്നത്. സ്വന്തം മകന്‍ മരിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും ജീവിതത്തിലെ പ്രശ്നങ്ങളോട് പോരാടുന്ന അച്ഛന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it