കല്യാണക്കാലത്തും വണ്ടി വേണ്ട! നവംബറില്‍ കാര്‍ വില്‍പ്പന കുത്തനെയിടിഞ്ഞു, കെട്ടിക്കിടക്കുന്നവയുടെ കാര്യത്തിലും ആശങ്ക
ഇരുചക്ര വാഹനങ്ങള്‍, ട്രാക്ടര്‍ എന്നിവയുടെ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി
ഉത്സവകാലത്തെ റെക്കോഡ് വില്‍പ്പനയ്ക്ക് ശേഷം വാഹനവിപണിക്ക് നിരാശ. ഉത്തരേന്ത്യയിലെ കല്യാണ സീസണായിട്ടും നവംബറിലെ യാത്രാ വാഹനങ്ങളുടെ (Passenger vehicle) വില്‍പനയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം കുറവ്. നവംബര്‍-ഡിസംബര്‍ മാസത്തില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുന്നത് വിപണിക്ക് ഉണര്‍വാകുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷക്കൊത്ത് ഉയരാന്‍ മടിച്ച ഇരുചക്ര വാഹന വിപണി പക്ഷേ, മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഗ്രാമീണ വിപണിയില്‍ ഡിമാന്‍ഡ് നിലനില്‍ക്കുന്നുണ്ടെന്ന സൂചന നല്‍കി ട്രാക്ടര്‍ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 29.88 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സമാനകാലയളവില്‍ മുച്ചക്ര വാഹനങ്ങളുടെ വില്‍പനയിലും 4.23 ശതമാനം വളര്‍ച്ചയുണ്ട്. എന്നാല്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 6 ശതമാനം കുറഞ്ഞതായും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് (ഫാഡ) പുറത്തുവിട്ട കണക്കില്‍ പറയുന്നു.
ഷോറൂമിലെ വണ്ടികളുടെ എണ്ണം കുറഞ്ഞു, പക്ഷേ...
ഫാക്ടറികളില്‍ നിന്നും ഷോറൂമിലെത്തിയ ശേഷം വാഹനങ്ങള്‍ വില്‍പ്പന നടക്കാതെ സൂക്ഷിക്കേണ്ടി വരുന്ന ദിവസത്തിന്റെ എണ്ണത്തില്‍ (ഇന്‍വെന്ററി ലെവല്‍) കുറവ് വന്നിട്ടുണ്ട്. 65-68 ദിവസം വരെയാണ് ശരാശരി ഒരു വാഹനം ഷോറൂമില്‍ സൂക്ഷിക്കേണ്ടി വരുന്നത്. വാഹന നിര്‍മാതാക്കള്‍ ഉത്പാദനത്തില്‍ കുറച്ച് കൂടി ശ്രദ്ധിച്ചാല്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നതും അനാവശ്യ ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നതും കുറക്കാമെന്നുമാണ് ഫാഡയുടെ നിലപാട്.
നവംബറില്‍ വിവാഹ സീസണ്‍ പ്രമാണിച്ച് വില്‍പ്പന കൂടുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അങ്ങനെയുണ്ടായില്ലെന്ന് ഫാഡ പ്രസിഡന്റ് പറഞ്ഞു. ഇരുചക്ര വാഹന വില്‍പ്പന കൂട്ടാന്‍ ഗ്രാമീണ വിപണി സഹായിച്ചത് ആശ്വാസമായി. വിവാഹവുമായി ബന്ധപ്പെട്ട വില്‍പ്പന കാര്യമായുണ്ടായില്ല. ഇത്തവണ ദീപാവലി ഒക്ടോബര്‍ അവസാനമായത് നവംബറിലെ വില്‍പ്പന കുറച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപണിയുടെ താത്പര്യങ്ങള്‍ മാറിയത്, പുതിയ മോഡലുകളുടെ കുറവ്, ഉത്സവ സീസണ് ശേഷമുള്ള മന്ദത തുടങ്ങിയ കാര്യങ്ങള്‍ വില്‍പ്പന കുറച്ചിട്ടുണ്ടെന്നാണ് ഡീലര്‍മാരുടെ നിലപാട്. നവംബറില്‍ പ്രധാന ആഘോഷങ്ങളൊന്നുമില്ലാത്തതും തിരിച്ചടിയായി. സി.എസ് വിഘ്‌നേശ്വര്‍
മഹീന്ദ്രയും ടൊയോട്ടയും മാത്രം
യാത്രാ വാഹനങ്ങളുടെ ശ്രേണിയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടൊയോട്ട കിര്‍ലോസ്‌കറും ഒഴിച്ചുള്ള കമ്പനികള്‍ക്കെല്ലാം നവംബറില്‍ നഷ്ടക്കച്ചവടമാണ്. മഹീന്ദ്രക്ക് രണ്ട് ശതമാനവും ടൊയോട്ടക്ക് 13 ശതമാനവും മാത്രമാണ് കച്ചവടം കൂടിയതെന്ന് കൂടി ഓര്‍ക്കണം. വിപണിയിലെ വമ്പന്മാരായ മാരുതിക്ക് 16 ശതമാനവും ഹ്യൂണ്ടായ് മോട്ടോര്‍സിന് 14 ശതമാനവും ടാറ്റ മോട്ടോര്‍സിന് 23 ശതമാനവും കച്ചവട നഷ്ടമുണ്ടായി.
ഡിസംബറിലെന്ത്
ജനുവരി മുതല്‍ കാറുകള്‍ക്കും എസ്.യു.വികള്‍ക്കും മൂന്ന് മുതല്‍ നാല് ശതമാനം വരെ വിലവര്‍ധനയുണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഡിസംബര്‍ മാസത്തില്‍ വമ്പന്‍ ഓഫറുകളും കമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഡിസംബറില്‍ വണ്ടി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരുന്ന് 2025ലെ മോഡല്‍ എടുക്കാമെന്ന് ചിന്തിച്ചേക്കുമെന്ന് ചില വിലയിരുത്തലുകളുണ്ട്. എന്നാല്‍ ഇയര്‍ എന്‍ഡിംഗ് ഓഫറുകള്‍ക്ക് മാത്രമായി കാത്തിരിക്കുന്നവരുമുണ്ട്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് നവംബറിനേക്കാള്‍ മെച്ചപ്പെട്ട വില്‍പ്പന ഡിസംബറിലുണ്ടാകുമെന്നാണ് പ്രതീക്ഷ.