പഴയ കാര്‍ വാങ്ങുന്ന സമയത്ത് പലര്‍ക്കും വളരെ ശോചനീയാവസ്ഥയിലായിരിക്കും അത് ലഭിക്കുക. കാര്‍ നല്ല രീതിയില്‍ ഓടിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നന്നാക്കിക്കൊണ്ടുവരാന്‍ ഒരാള്‍ക്ക് പണവും ക്ഷമയും അതിലുപരി അഭിനിവേശവും വേണം. മാത്രമല്ല, ഒരു വിന്റേജ് കാറോ ക്ലാസിക് കാറോ മുന്നില്‍ എത്തുമ്പോള്‍ കാഴ്ച്ചക്കാരുടെ മുഖത്ത് പടരുന്ന സന്തോഷവും ഉടമസ്ഥനോട് തോന്നുന്ന ആരാധനയും ആയിരിക്കാം ചെലവേറിയതാണെങ്കിലും ക്ലാസിക് കാര്‍ പരിപാലിക്കാന്‍ പ്രചോദനം നല്‍കുന്നത്.
സീനിയര്‍ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റും വിന്റേജ് ക്ലാസിക് കാറുകളോട് അഭിനിവേശമുള്ള വ്യക്തിയുമായ ശ്രീനിവാസ് കൃഷ്ണന്‍ പരിപാലിക്കുന്ന 1960 മോഡല്‍ ഫോക്സ്‌വാഗണ്‍ ബീറ്റില്‍ ആണ് പുതിയ അതിഥി. കാര്‍ കണ്ണൂരില്‍ നിന്നാണ് ശ്രീനിവാസ് കൃഷ്ണന്‍ സ്വന്തമാക്കിയത്.
ജര്‍മനിയിലെ വോള്‍ഫ്സ്ബെര്‍ഗിലെ ഫോക്സ്‌വാഗണ്‍ ഫാക്ടറിയില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് 1960 നവംബര്‍ ഏഴിനാണ് കാര്‍ പുറത്തിറക്കിയതെന്നാണ് മനസിലാകുന്നത്. 34 കുതിരശക്തി പുറപ്പെടുവിക്കുന്ന 1200
cc ബോക്സര്‍ എഞ്ചിന്‍ ആണ് ഈ ബീറ്റിലിന്റെ ശക്തി കേന്ദ്രം. കാറിന്റെ എന്‍ജിനെ 4 സ്പീഡ് ഗിയര്‍ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജന്മനാ ഡാര്‍ക് റ്റെര്‍ക്കോയിസ് (ഒരു തരം ബ്ലൂ ഷെയ്ഡ്) ആയിരുന്നു അകത്തും പുറത്തും. ഇപ്പോഴാണ് ഗ്രീന്‍-ഓറഞ്ച് കോമ്പിനേഷന്‍ ആക്കിയത്. അതൊഴിച്ചാല്‍ ബാക്കി ഗ്ലാസ് ഹെഡ് ലാമ്പ്, സ്നോ ഫ്ളേക് ടെയില്‍ ലാമ്പ്, ട്വിന്‍ എക്സോസ്റ്റ് പൈപ്പ്, ബാഡ്ജിംഗ് തുടങ്ങി എല്ലാം ഒറിജിനല്‍ ആണ്.
തുടക്കം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ പോലും ജര്‍മനിയില്‍ മോട്ടോര്‍ കാര്‍ ഉപയോഗിച്ചു വന്നിരുന്നത് വിരളമായിരുന്നു. അവിടെ അന്ന് ആകെ ഉണ്ടായിരുന്നത് 16,000 കാറുകള്‍ മാത്രമായിരുന്നു. ചിലര്‍ സ്റ്റാറ്റസ് സിംബലായി കണ്ടപ്പോള്‍ മറ്റു ചിലര്‍ അതിനെ സാഹസിക യാത്രയ്ക്കായി ആണ് ഉപയോഗിച്ചിരുന്നത്. ബെന്‍സ്, ഡൈംലര്‍ മുതലായ വാഹന കമ്പനികള്‍ ഇറക്കിയിരുന്ന ഹാന്‍ഡ്ക്രാഫ്റ്റഡ് മോഡലുകള്‍ കൈസര്‍ വില്‍ഹേം രണ്ടാമനെപ്പോലെയുള്ള പണക്കാരുടെ സംരക്ഷണയില്‍ ആയിരുന്നു. 1904 ഡിസംബറില്‍ ജര്‍മനിയിലെ ആചെന്‍ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന ചെറുപ്പക്കാരനായ എന്‍ജിനീയര്‍ ഹൈന്റിച്ച് ദെഷംസ്, 'ഡര്‍ മോട്ടോര്‍വാഗണ്‍' എന്ന ജേര്‍ണലില്‍ അന്ന് സാധാരണക്കാര്‍ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ തന്നെ തുടരണമോ അതോ പുതിയൊരു വാഹനം, 'ഫോക്സ്മോബില്‍' അല്ലങ്കില്‍ 'പീപ്പിള്‍സ് ഓട്ടോമൊബൈല്‍' വേണമോ എന്ന ആശയം ഉന്നയിച്ചിരുന്നു.
എന്നിരുന്നാലും ജര്‍മനിയില്‍ കാറുകള്‍ ഒരു ലക്ഷ്വറി ഐറ്റം ആയി തന്നെ തുടര്‍ന്നു. ഓപ്പല്‍ റുസ്സല്‍സ്ഹൈമിലും, ഹാനോമാഗ് ഹാനോവറിലും കാറുകളുടെ മാസ് പ്രൊഡക്ഷന്‍ തുടങ്ങിയിട്ടും ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ജര്‍മനി, ഓട്ടോമൊബൈല്‍ ഉടമസ്ഥതയിലും ഉപയോഗത്തിലും ഫ്രാന്‍സിനേക്കാളും യുകെയേക്കാളും പിന്നില്‍ ആയിരുന്നു. അമേരിക്കയേക്കാള്‍ വളരെ പിന്നിലും. എന്നിരുന്നാലും, ഓപ്പല്‍ കാറുകളുടേയും ഹാനോമാഗ് കാറുകളുടേയും താരതമ്യേനയുള്ള വിലക്കുറവ് കാരണം 'പീപ്പിള്‍സ് കാര്‍' അഥവാ 'ഫോക്സ് വാഗണ്‍' എന്ന പേര് ഈ കാറുകള്‍ക്ക് വീണിരുന്നു.
ഈ ആശയം പേഴ്‌സണല്‍ മൊബിലിറ്റിയില്‍ സാധാരണക്കാരുടെ ഇടയില്‍ പുതിയ സ്വപ്നങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതേ സമയത്ത് അമേരിക്കയില്‍ കാറുകള്‍ക്കുള്ള വലിയ മാര്‍ക്കറ്റ് വികസനത്തിന്റെ പ്രധാന കാരണം ആകുകയായിരുന്നു. 1908ല്‍ ഫോര്‍ഡ് മോട്ടര്‍ കമ്പനി അവരുടെ Model Tയുടെ നിര്‍മാണം തുടങ്ങി. 825 ഡോളര്‍ ആയിരുന്നു അതിന്റെ വില. 1920ല്‍ അസ്സംബ്ലി ലൈന്‍ കണ്ടുപിടിച്ചതോടെ Model Tയുടെ വില 450 ഡോളറിലേക്ക് കുറഞ്ഞു. അതോടെ കാര്‍ ഉടമസ്ഥരുടെ പുതിയൊരു സെഗ്മെന്റ് ഉടലെടുക്കുകയും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ അമേരിക്ക യഥാര്‍ത്ഥത്തില്‍ ഒരു ഓട്ടോമൊബൈല്‍ സൊസൈറ്റി ആയി മാറുകയും ചെയ്തു. ജര്‍മനിയില്‍ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് തന്നെ പണക്കാര്‍ക്കിടയില്‍ വേഗതയും പവറും ഹരമായി മാറിയതോടെ ചെറിയ കാറുകളുടെ നിര്‍മാണത്തിന്റെ ആവശ്യകതയേറി. 1909ല്‍ 3950 മാര്‍ക്കിന് (ജര്‍മനിയുടെ അന്നത്തെ കറന്‍സി) ലോഞ്ച് ചെയ്ത ഓപ്പല്‍ ഡോക്ടര്‍ വാഗണ്‍ എളുപ്പത്തില്‍ ഓടിക്കാന്‍ സാധിക്കുമായിരുന്നതിനാല്‍ ശ്രദ്ധ പിടിച്ച് വര്‍ഷത്തില്‍ 800 യൂണിറ്റുകള്‍ വിറ്റിരുന്നു. 1912ല്‍ കമ്പനി ഇതിന് 'ഫോക്സ് ഓട്ടോമൊബില്‍' അഥവാ 'പീപ്പിള്‍സ് ഓട്ടോമൊബൈല്‍' എന്ന് പേരിട്ടു.
ഹിറ്റ്ലറും ഫെര്‍ഡിനന്‍ഡ് പോര്‍ഷെയും
ഒരാള്‍ ബുദ്ധിശാലിയായ രാഷ്ട്രീയക്കാരന്‍, മറ്റേയാള്‍ ജീനിയസ് എന്‍ജിനീയര്‍. മുന്നില്‍ ഉള്ളത് വലിയൊരു പ്രോജക്റ്റ് - ഫോക്സ് വാഗണ്‍! 1933ല്‍ ജര്‍മന്‍ ചാന്‍സലര്‍ ആയി അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഹിറ്റ്ലര്‍ കാര്‍ നിര്‍മാണത്തിന്റെ പ്രഖ്യാപനവും നടത്തി. ഈ പ്രോജക്റ്റ് സാക്ഷാത്ക്കരിക്കാന്‍ ഒരു ക്രിയേറ്റീവ് മൈന്‍ഡ് ആവശ്യമായിരുന്നു. അപ്പോഴാണ് ഫെര്‍ഡിനന്‍ഡ് പോര്‍ഷെ രംഗപ്രവേശം ചെയ്യുന്നത്. 1934ല്‍ റെയിച്ച് അസോസിയേഷന്‍ ഓഫ് ജര്‍മന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി, കാര്‍ ഡിസൈന്‍ ചെയ്യാനുള്ള ഉത്തരവാദിത്വം ഫെര്‍ഡിനന്‍ഡ് പോര്‍ഷെയെ ഏല്‍പ്പിച്ചു. പോര്‍ഷെയുടെ സമകാലീകന്‍ ആയിരുന്ന ഹംഗേറിയന്‍ എന്‍ജിനീയര്‍, ബേല ബരേന്‍യി (
Bela Barenyi) 1925ല്‍ തന്നെ ഇത്തരം ഒരു കാര്‍ ഡിസൈന്‍ ചെയ്തിരുന്നു എന്ന അവകാശവാദം കൂടി നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഹിറ്റ്ലറുടെ പിന്തുണ ഇല്ലാതെ ഇങ്ങനെ ഒരു വാഹനം ഉണ്ടാക്കുക അസംഭവ്യമായിരുന്നു. ഒരു ചെറിയ കാറിന്റെഐഡിയ പോര്‍ഷെക്ക് നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ പ്രോട്ടോടൈപ്പ് ഉണ്ടാക്കാന്‍ ഏറെ താമസം ഉണ്ടായില്ല. അങ്ങനെ ഫോക്സ്‌വാഗണ്‍ ടൈപ്പ് 1 ഉടലെടുത്തു. ഒരു ഡ്രൈവേഴ്‌സ് ലൈസന്‍സ് പോലും ഇല്ലാതിരുന്ന ഹിറ്റ്ലര്‍ 1935ല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള കാറിന്റെ പ്രോട്ടോടൈപ്പ് അപ്രൂവ് ചെയ്യുകയും ചെയ്തു. ഏറെ താമസിയാതെ 1938ല്‍ വോള്‍ഫ്സ്ബെര്‍ഗ് എന്ന സ്ഥലത്ത് ഫോക്സ്‌വാഗണ്‍ ഫാക്ടറിക്ക് ഹിറ്റ്ലറുടെ സാന്നിധ്യത്തില്‍ തറക്കല്ലിട്ടു. 1939ല്‍ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാല്‍ കാറിന്റെ മാസ് പ്രൊഡക്ഷന്‍ യുദ്ധം അവസാനിക്കുന്നതുവരെ നടന്നുമില്ല.
ബീറ്റില്‍
ജനങ്ങളുടെ ഈ കൂനന്‍ കാറിന്റെ വിജയം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആണ് തുടങ്ങിയത്. 1945ല്‍ ആദ്യത്തെ കാര്‍ അസംബ്ലി ലൈനില്‍ നിന്നും പുറത്തിറങ്ങി. പത്ത് വര്‍ഷം കൊണ്ട് ഒരു ദശലക്ഷം കാറുകള്‍, അതായത് പ്രതിവര്‍ഷം ഒരു ലക്ഷം കാറുകള്‍. 2003 വരെ ഏകദേശം 22 ദശലക്ഷം കാറുകളാണ് ഫോക്സ്‌വാഗണ്‍ നിര്‍മിച്ച് വിറ്റഴിച്ചത്. ബോക്സര്‍ എഞ്ചിന്‍ പിടിപ്പിച്ച ഈ കൂനന്‍ കാര്‍ ജര്‍മനിയുടെ സാമ്പത്തിക മഹാ അത്ഭുതത്തിന്റെ ചിഹ്നം ആയി മാറുകയായിരുന്നു. അതുവരെ ഈ വാഹനത്തിന് ഫോക്സ്വാഗണ്‍ എന്ന പേര് ആയിരുന്നു. പില്‍ക്കാലത്ത്, 1968ല്‍ നാസി കാലഘട്ടത്തില്‍ നിന്ന് അകറ്റിനിര്‍ത്താനായി കാറിന് ബീറ്റില്‍ എന്ന് പേരിട്ട് ഫോക്സ്‌വാഗണ്‍ ബ്രാന്‍ഡ് ആയിമാറി. 1100 cc 1300 cc 1500 cc 1600 cc എന്നീ കപ്പാസിറ്റികളില്‍ റിയര്‍ എഞ്ചിന്‍ റിയര്‍ വീല്‍ ഡ്രൈവ് ആയിരുന്നു 1997 വരെ ബീറ്റില്‍ നിര്‍മിച്ചിരുന്നത്.