പുതിയ വായ്പാ പദ്ധതികളുമായി ബാങ്ക് ഓഫ് ബറോഡ; എം.എസ്.എം.ഇകള്‍ക്ക് കരുത്താകും
വനിതാ ശാക്തീകരണത്തിന് പ്രത്യേക പരിഗണന, കറണ്ട് അക്കൗണ്ട് ഉടമകള്‍ക്ക് ഡിജിറ്റലായി വായ്പ
എം.എസ്.എം.ഇ മേഖലയില്‍ ധനലഭ്യത ഉറപ്പാക്കാന്‍ പുതിയ വായ്പാ പദ്ധതികളുമായി ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. വനിതാ സംരംഭകര്‍ക്കുള്ള 'ബറോഡ മഹിളാ സ്വാവലംബന്‍', ഇതര എം.എസ്.എം.ഇ സംരംഭകര്‍ക്കുള്ള 'ബറോഡ സ്മാര്‍ട്ട് ഒഡി' എന്നീ വായ്പാ പദ്ധതികളാണ് ബാങ്ക് ഓഫ് ബറോഡ അവതരിപ്പിക്കുന്നത്. എം.എസ്.എം.ഇകളുടെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും സ്ത്രീകള്‍ നയിക്കുന്ന ബിസിനസുകള്‍, യുവ സംരംഭകരുടെ ബിസിനസുകള്‍ തുടങ്ങിയ പ്രധാന ബിസിനസ് വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും ബാങ്ക് ഓഫ് ബറോഡ പ്രതിജ്ഞാബദ്ധമാണെന്ന് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലാല്‍ സിംഗ് പറഞ്ഞു. ബറോഡ മഹിളാ സ്വാവലംബന്‍, ബറോഡ സ്മാര്‍ട്ട് ഒഡി എന്നീ പദ്ധതികള്‍ കൂടുതല്‍ പേരിലേക്ക് സാമ്പത്തിക പിന്തുണ എത്തുകയെന്ന സര്‍ക്കാര്‍ നയത്തെ ശക്തിപ്പെടുത്തുന്നതും മുലധന ലഭ്യത ഉറപ്പാക്കുന്നതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബറോഡ മഹിളാ സ്വാവലംബന്‍
'ബറോഡ മഹിളാ സ്വാവലംബന്‍' വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും പിന്തുണക്കാനും ലക്ഷ്യമിടുന്ന വായ്പാ പദ്ധതിയാണ്. പ്രധാന സവിശേഷതകള്‍:
മത്സര പലിശ നിരക്ക്: പലിശ നിരക്ക് ബി.ആര്‍.ആര്‍.എല്‍(aroda Repo Linked Lending Rate ) അടിസ്ഥാനമാക്കിയാണ് തുടങ്ങുന്നത്. നിലവില്‍ 9.15 ശതമാനമാണ് നിരക്ക്.
ലോണ്‍ പരിധി: 20 ലക്ഷം മുതല്‍ 7.5 കോടി വരെയുള്ള ഫിനാന്‍സിംഗ് ഓപ്ഷനുകള്‍.
മാര്‍ജിന്‍ ഇളവുകള്‍: കാപെക്‌സ് ലോണുകള്‍ക്ക് മാര്‍ജിന്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.
കൊളാറ്ററല്‍ സെക്യൂരിറ്റി ഇളവുകള്‍: അഞ്ച് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക്, സി.ജി.ടി.എം.എസ്.ഇ ഗ്യാരന്റി (മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസിനുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ്) സുരക്ഷിതമാക്കിയിട്ടുണ്ടെങ്കില്‍ അധിക ജാമ്യം ആവശ്യമില്ല.
റിബേറ്റുകള്‍: പ്രോസസ്സിംഗ് ചാര്‍ജുകളില്‍ 50 ശതമാനം റിബേറ്റ്.
തിരിച്ചടവ് കാലയളവ്: മൊറട്ടോറിയം കാലയളവ് ഉള്‍പ്പെടെ പരമാവധി 120 മാസങ്ങള്‍.
യോഗ്യത ആര്‍ക്കെല്ലാം: എം.എസ്.എം.ഇ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന, സ്ത്രീകള്‍ക്ക് 51 ശതമാനം ഓഹരിയുള്ളതും ഉദ്യം, ജി.എസ്.ടി രജിസ്‌ട്രേഷനുകളുള്ള സംരംഭങ്ങള്‍ക്ക് ഈ വായ്പക്ക് യോഗ്യതയുണ്ടാകും. ബാങ്ക് ഓഫ് ബറോഡയിലെ നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ഓഫ് ബറോഡ ശാഖകളിലൂടെയും ബറോഡ മഹിളാ സ്വാവലംബന്‍ പദ്ധതിക്ക് അപേക്ഷിക്കാം.
ബറോഡ സ്മാര്‍ട്ട് ഒഡി
ബാങ്ക് ഓഫ് ബറോഡയിലെ നിലവുള്ള കറണ്ട് അകൗണ്ട് ഉടമകള്‍ക്കുള്ള ഹ്രസ്വകാല വായ്പയാണിത്. പൂര്‍ണമായും ഡിജിറ്റലായാണ് വായ്പ അനുവദിക്കുന്നത്. അക്കൗണ്ട് ഉടമകളുടെ ജി.എസ്.ടി റട്ടേണുകളുടെ അടിസ്ഥാനത്തില്‍ മുന്‍കാല ഇടപാടുകള്‍ പരിശോധിച്ചാണ് വായ്പ നല്‍കുന്നത്. പൂര്‍ണമായും ഡിജിറ്റലായാണ് വായ്പ അനുവദിക്കുന്നത്. വായ്പക്ക് അനുമതി ലഭിച്ചാല്‍ ഡോക്യുമെന്റേഷനും അക്കൗണ്ട് ആക്ടിവേഷനുമായി ബ്രാഞ്ച് സന്ദര്‍ശിക്കേണ്ടതുണ്ട്.
പ്രധാന സവിശേഷതകള്‍:
ഉദ്ദേശ്യം: ബാങ്കിന്റെ നിലവിലുള്ള ജി.എസ്.ടി രജിസ്റ്റര്‍ ചെയ്ത വ്യക്തി/പ്രൊപ്രൈറ്റര്‍ഷിപ്പ് കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഹ്രസ്വകാല പ്രവര്‍ത്തന മൂലധന ധനസഹായം നല്‍കുക.
വായ്പാ ഇനം: ഓവര്‍ഡ്രാഫ്റ്റ് സൗകര്യം.
വായ്പാ തുക: 0.50 ലക്ഷം മുതല്‍ 25 ലക്ഷം വരെ.
കാലാവധി: 12 മാസം.
പലിശ നിരക്ക്: 10 ശതമാനം മുതല്‍ വാര്‍ഷിക പലിശ.
ഇളവ്: പ്രോസസ്സിംഗ് ചാര്‍ജുകളില്‍ പ്രത്യേക ഇളവ്. അനുമതി ഘട്ടം വരെ സ്‌ട്രൈറ്റ് ത്രൂ പ്രോസസിംഗ്.
ബറോഡ സ്മാര്‍ട്ട് ഒഡിക്ക് അപേക്ഷിക്കാന്‍, ഉപഭോക്താക്കള്‍ https://dil4.bankofbaroda.co.in/smart-od/SmartOdLandingPage എന്ന ലിങ്ക് സന്ദര്‍ശിക്കണം.