2025ല്‍ മാറ്റങ്ങള്‍ പലതാണ്, യു.പി.ഐ ഇടപാടു മുതല്‍ വിമാനത്താവള ഫ്രീ ലോഞ്ച് പ്രവേശനം വരെ; വിശദാംശങ്ങള്‍ അറിയാം

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, വിസ നിയന്ത്രണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് പുതുവര്‍ഷം മാറുന്നത്

Update:2024-12-31 12:17 IST

image credit : canva , Paytm

പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്ത് കാത്തിരിക്കുന്നത് വമ്പന്‍ മാറ്റങ്ങള്‍. യു.പി.ഐ ഇടപാടുകളിലെ പരിധി, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, വിസ നിയന്ത്രണങ്ങള്‍, ബാങ്ക് നിക്ഷേപങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് പുതുവര്‍ഷം മാറുന്നത്. 2025ല്‍ ധനകാര്യ മേഖലയില്‍ ഉണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

യു.പി.ഐ 123പേ ഇടപാട് പരിധിയില്‍ മാറ്റം

ഇന്റര്‍നെറ്റ് ഉപയോഗിക്കാതെ യു.പി.ഐ സംവിധാനം വഴി പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന യു.പി.ഐ 123 പേ പരിധി വര്‍ധിപ്പിക്കും. ഇനി ഈ സംവിധാനം ഉപയോഗിച്ച് 10,000 രൂപ വരെ കൈമാറ്റം ചെയ്യാം. നിലവിലിത് 5,000 രൂപയാണ്. ഒക്ടോബര്‍ 25ന് ദ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) പുറത്തുവിട്ട തീരുമാനം ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ലക്ഷക്കണക്കിന് പേര്‍ക്ക് ഉപയോഗപ്രദമാകുന്ന തീരുമാനമാണിത്.

റുപേ ക്രെഡിറ്റ് കാര്‍ഡുകാര്‍ക്കുള്ള എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം

സ്ഥിരമായി വിമാനയാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് ലഭിക്കുന്ന ഫ്രീ ആക്‌സസ് നിരവധി പേര്‍ക്ക് ഗുണം ചെയ്യുന്ന സേവനങ്ങളിലൊന്നാണ്. എന്നാല്‍ ഇതില്‍ മാറ്റം വരുത്താനാണ് എന്‍.പി.സി.ഐയുടെ തീരുമാനം. ഇനി മുതല്‍ ഉപയോക്താവിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാകും ലോഞ്ച് പ്രവേശനം.

രണ്ടു ലക്ഷം രൂപ വരെ ഈടില്ലാതെ കാര്‍ഷിക വായ്പ

ജനുവരി ഒന്ന് മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ ഈടില്ലാതെ നല്‍കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം. ഉത്പാദന ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ചെറുകിട കര്‍ഷകര്‍ക്ക് സഹായം നല്‍കാന്‍ ഉദ്ദേശിച്ചാണിത്. കാര്‍ഷിക മേഖലയില്‍ കൂടുതല്‍ വായ്പ അനുവദിക്കാന്‍ ഇതുവഴി ബാങ്കുകള്‍ക്ക് കഴിയും. നിലവില്‍ 1.6 ലക്ഷം രൂപ വരെയാണ് ഈടില്ലാത്ത കാര്‍ഷിക വായ്പകള്‍ അനുവദിക്കുന്നത്.

പി.എഫില്‍ നിന്നും എ.ടി.എം വഴി പണം പിന്‍വലിക്കാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വരിക്കാര്‍ക്ക് എ.ടി.എം വഴി പി.എഫ് തുക പിന്‍വലിക്കാവുന്ന സൗകര്യം 2025ല്‍ നിലവില്‍ വരും. ഇതിനായി പ്രത്യേക എ.ടി.എം കാര്‍ഡുകള്‍ അനുവദിക്കും. പി.എഫ് നിക്ഷേപത്തിന്റെ 50 ശതമാനം വരെ ഇത്തരത്തില്‍ പിന്‍വലിക്കാം. തുക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് മെച്ചം. ഇതടക്കം നിരവധി മാറ്റങ്ങള്‍ പുതിയ വര്‍ഷത്തില്‍ നടപ്പിലാക്കുമെന്നാണ് ലേബര്‍ സെക്രട്ടറി സുമിത ധവ്‌റയുടെ പ്രഖ്യാപനം.

എഫ്.ഡിയിലും മാറ്റം

നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലെയും (എന്‍.ബി.എഫ്.സി) ഹൗസിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളിലെയും സ്ഥിര നിക്ഷേപ (Fixed deposit) നിയമങ്ങളിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത്, നോമിനേഷനുകള്‍, നിക്ഷേപങ്ങളുടെ തിരിച്ചടവ്, ലിക്വിഡ് അസറ്റുകള്‍ സൂക്ഷിക്കുന്നത് തുടങ്ങിയ കാര്യങ്ങളിലെ മാറ്റങ്ങള്‍ ജനുവരി ഒന്ന് മുതല്‍ നടപ്പിലാകും. പുതിയ ചട്ട പ്രകാരം എന്‍.ബി.എഫ്.സികളിലെ സ്ഥിരനിക്ഷേപത്തില്‍ നിന്നും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് 10,000 രൂപയില്‍ താഴെയുള്ള തുക പിന്‍വലിക്കാം. ഗുരുതര രോഗം ബാധിച്ചാല്‍ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് മുഴുവന്‍ തുകയും പിന്‍വലിക്കാനും കഴിയും.

കാറുകള്‍ക്ക് വില കൂടും

പുതുവര്‍ഷത്തില്‍ രാജ്യത്തെ വാഹന വില വര്‍ധിക്കും. രണ്ട് മുതല്‍ അഞ്ച് ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് പ്രധാന വാഹന നിര്‍മാതാക്കളെല്ലാം അറിയിച്ചിട്ടുണ്ട്. ഉത്പാദന-പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിച്ചത് മൂലമാണ് വിലക്കയറ്റമെന്നാണ് കമ്പനികളുടെ വിശദീകരണം. മാരുതി സുസുക്കി മുതല്‍ മേഴ്‌സിഡസ് ബെന്‍ഡ് വരെയുള്ള കാറുകള്‍ സ്വന്തമാക്കണമെങ്കില്‍ ഇനി അധിക തുക നല്‍കേണ്ടി വരുമെന്ന് അര്‍ത്ഥം.

വിസ ചട്ടങ്ങളില്‍ മാറ്റം 

ഇന്ത്യക്കാര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലേക്കുള്ള വിസ ചട്ടങ്ങളിലും പുതുവര്‍ഷത്തില്‍ മാറ്റമുണ്ട്. തായ്‌ലാന്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് വിസയെടുക്കാന്‍ പുതിയ ഇ വിസ സംവിധാനം ഏര്‍പ്പെടുത്തി. ഇതനുസരിച്ച് ഓണ്‍ലൈനായി വിസ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയും. യു.എസിലേക്കുള്ള എച്ച്.വണ്‍ ബി വിസയിലടക്കം മാറ്റമുണ്ട്. ജനുവരി 17 മുതല്‍ യു.എസ് വിസക്കായി ഇന്ത്യക്കാര്‍ പ്രത്യേക ഫോം 1-129 പൂരിപ്പിച്ച് നല്‍കണം. യു.കെ വിസക്ക് ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയായത് കയ്യില്‍ സൂക്ഷിക്കേണ്ട ബാങ്ക് ബാലന്‍സിന്റെ വര്‍ധനയാണ്. ഇത് 11 ശതമാനം വരെ വര്‍ധിക്കും. യു.എ.ഇ വിസിറ്റ് വിസക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഹോട്ടല്‍ ബുക്കിംഗും ബാങ്ക് ബാലന്‍സ് രേഖകളും സമര്‍പ്പിച്ചാല്‍ മാത്രമേ നിലവില്‍ യു.എ.ഇ വിസ അനുവദിക്കുന്നുള്ളൂ. പുതുവര്‍ഷത്തിലും ഇത് തുടരും.
Tags:    

Similar News