ഉയര്‍ന്ന നിക്ഷേപ പലിശ, എളുപ്പത്തില്‍ വായ്പ; മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികള്‍ക്ക് കുതിപ്പ്; അപകട സാധ്യതകള്‍ എന്തെല്ലാം?

മൈക്രോ ഫിനാന്‍സിലൂടെ വളരുന്ന എം.എസ്.സി സൊസൈറ്റികള്‍ സഹകരണ ബാങ്കുകള്‍ക്ക് വെല്ലുവിളി

Update:2024-12-09 09:48 IST

Image : SBI and Canva

''നിക്ഷേപത്തിന് 12 ശതമാനം പലിശ. ഒരു ലക്ഷത്തിന് മാസം 1000 രൂപ വച്ച് അക്കൗണ്ടിലെത്തും.'' ബന്ധു കൂടിയായ യുവാവ് കാര്യം പറഞ്ഞപ്പോള്‍ റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടുതലൊന്നും ചിന്തിച്ചില്ല. നാട്ടിലെ സഹകരണ ബാങ്കിലും പൊതുമേഖലാ ബാങ്കുകളിലമൊക്കെയായി സ്ഥിര നിക്ഷേപമാക്കിയിരുന്ന 20 ലക്ഷം രൂപ പിന്‍വലിച്ച് പുതിയ സ്ഥാപനത്തില്‍ നിക്ഷേപമാക്കി. ഇപ്പോള്‍ കൃത്യമായി 12 ശതമാനം വച്ച് പലിശ കിട്ടുന്നു. പണം നഷ്ടപ്പെടുമോ എന്ന ആശങ്ക കൊണ്ട് അദ്ദേഹം ബന്ധുവിനോട് ചോദിച്ചു. ''ഈ കമ്പനി പൊളിയുമോ?'' മറുപടി വേഗത്തിലായിരുന്നു. ''കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണവുമുണ്ട്. സൊസൈറ്റിയാണെങ്കിലും വൈകാതെ ബാങ്കായി മാറും.''

മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ (എം.എസ്.സി.എസ്) കേരളത്തിന്റെ ബാങ്കിംഗ് മേഖലയില്‍ നിശബ്ദമായ കുതിപ്പാണ് നടത്തി കൊണ്ടിരിക്കുന്നത്. ആയിരത്തിലേറെ കോടിയുടെ നിക്ഷേപം വര്‍ഷം തോറും സമാഹരിക്കുന്ന സൊസൈറ്റികള്‍ നമുക്ക് ചുറ്റുമുണ്ട്. ഓരോ സൊസൈറ്റിയിലും ജോലിയെടുക്കുന്നത് നൂറ് കണക്കിന് ജീവനക്കാര്‍. റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ബാങ്കുകളെ പോലെ നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയില്‍ നിയന്ത്രണമില്ലാത്തതിനാല്‍, ഉയര്‍ന്ന പലിശ നല്‍കി ഡെപോസിറ്റികള്‍ സ്വീകരിക്കാന്‍ കഴിയുന്നു. പ്രാഥമിക സഹകരണ ബാങ്കുകളെ പോലെ ഒരു ചെറിയ പ്രദേശത്തല്ല ഇവരുടെ ബിസിനസ്. പേര് പോലെ ഒന്നിലേറെ സംസ്ഥാനങ്ങളാണ് പ്രവര്‍ത്തന മേഖല. എവിടെ നിന്നും നിക്ഷേപം സ്വീകരിക്കാം. എവിടെയും ലോണ്‍ കൊടുത്ത് വരുമാനമുണ്ടാക്കാം.

വളര്‍ച്ചയുടെ ഘട്ടങ്ങള്‍

1986 ല്‍ കാര്‍ഷിക മേഖലയിലെ സാമ്പത്തിക വികസനത്തിനായാണ് കേന്ദ്ര കൃഷി വകുപ്പിന് കീഴില്‍ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സംവിധാനം തുടങ്ങിയത്. കര്‍ഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവര്‍ക്ക് ആവശ്യമായ ലോണുകള്‍ നല്‍കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോല്‍സാഹം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. 2022 ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തുകയും ഇത്തരം സൊസൈറ്റികളെ കേന്ദ്ര സഹകരണ വകുപ്പിന് കീഴിലാക്കുകയും ചെയ്തു. ഇതോടെ ഉയര്‍ന്ന പലിശ നിരക്കില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലേക്കും വായ്പ സ്വീകരിക്കുന്നതിലേക്കും ഇത്തരം സൊസൈറ്റികളുടെ പ്രവര്‍ത്തനം മാറി. ഇന്ന് കേരളത്തിലെ പ്രധാന ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ചില സൊസൈറ്റികളെങ്കിലും ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 38 മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ കേന്ദ്ര രജിസ്‌ട്രേഷനോട് കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെ മറ്റു സംസ്ഥാനങ്ങളിലുള്ള 68 സൊസൈറ്റികളുടെ ബ്രാഞ്ചുകളും കേരളത്തില്‍ സജീവമാണ്. അടുത്ത കാലത്ത് പുതിയ ഒട്ടേറെ സൊസൈറ്റികളും കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ബാങ്കിംഗിന് പുറമെ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള വാണിജ്യമേഖലകളിലും ചില സൊസൈറ്റികള്‍ സജീവമാണ്.

മൈക്രോ ഫിനാന്‍സിലൂടെ വളര്‍ച്ച

വന്‍ തുക ഡെപോസിറ്റ് സ്വീകരിക്കല്‍, വ്യാപകമായി വായ്പ നല്‍കല്‍ തുടങ്ങി ബാങ്കിംഗ് സേവനങ്ങള്‍ ഇത്തരം സൊസൈറ്റികളിലൂടെ സജീവമായി വരികയാണ്. മൈക്രോ ഫിനാന്‍സിംഗ് ആണ് സൊസൈറ്റികളുടെ വളര്‍ച്ചയുടെ അടിത്തറ. വനിതകളുടെ ചെറു സമിതികളുണ്ടാക്കി അവര്‍ക്ക് ചെറിയ തുകകള്‍ വായ്പ നല്‍കുന്നുണ്ട്. ആഴ്ചയിലാണ് പലിശ. ഇത് മൂലം സൊസൈറ്റികളുടെ വരുമാനത്തിന്റെ നിരക്ക് (internal rate of return) വളരെ ഉയര്‍ന്നതാണ്. ചില സൊസൈറ്റികളുടെ ഐ.ആര്‍.ആര്‍ 30 ശതമാനത്തില്‍ ഏറെ വരും. അതായത് വായ്പയായി നല്‍കുന്ന ഒരു ലക്ഷം രൂപക്ക് വര്‍ഷത്തില്‍ 30,000 രൂപക്ക് മുകളില്‍ പലിശ ലഭിക്കുന്നു. 12 ശതമാനം പലിശയില്‍ സ്വീകരിക്കുന്ന ഡെപോസിറ്റുകള്‍ 30 ശതമാനം പലിശക്ക് വായ്പയായി നല്‍കുന്നു. ഇത്തരത്തില്‍ കോടികളാണ് ചില സൊസൈറ്റികള്‍ വായ്പയായി നല്‍കിയിട്ടുള്ളത്. അഞ്ചു പേരടങ്ങുന്ന സ്ത്രീകളുടെ സമിതികള്‍ ഉണ്ടാക്കി ഓരോരുത്തര്‍ക്കും 30,000 രൂപ വരെ വായ്പ നല്‍കുന്നതാണ് ചില സൊസൈറ്റികളുടെ രീതി. വായ്പകള്‍ക്ക് അഞ്ചു പേരും ഈട് നില്‍ക്കണം. സമിതികളുടെ രൂപീകരണം, വായ്പ നല്‍കല്‍, പിരിച്ചെടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായാണ് ജീവനക്കാര്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനങ്ങളുടെ നിയന്ത്രണമില്ല

പൂര്‍ണമായും കേന്ദ്ര നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മള്‍ട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് മേല്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമൊന്നുമില്ല. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്ക് ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായി ഇടപെടാനാകില്ല. സംസ്ഥാന ഓഡിറ്റ് വിഭാഗത്തില്‍ നിയന്ത്രണത്തിലുമല്ല. സ്വന്തമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ മുഖേന വാര്‍ഷിക ഓഡിറ്റ് നടത്തി കേന്ദ്ര സഹകരണ വകുപ്പിന് സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സൊസൈറ്റികളെ കുറിച്ചുള്ള പരാതികളില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതികളുമുണ്ട്. പരാതികള്‍ കേന്ദ്ര സഹകരണ വകുപ്പിനാണ് നല്‍കേണ്ടത്. കേന്ദ്ര നിയമത്തിലെ സെക്ഷന്‍ 108 പ്രകാരം സംസ്ഥാന സഹകരണ വകുപ്പിന് ഇത്തരം സൊസൈറ്റികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ അധികാരമുണ്ട്. എന്നാല്‍ പല സൊസൈറ്റികളും അതിന് അനുവദിക്കുന്നില്ലെന്ന പരാതി സംസ്ഥാന സഹകരണ വകുപ്പ് നേരത്തെ ഉയര്‍ത്തിയിരുന്നു.

അപകട സാധ്യതകള്‍

ഉയര്‍ന്ന പലിശ നല്‍കുന്നതിനാല്‍ ഇത്തരം സൊസൈറ്റികളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ തോതില്‍ കൂടിയിട്ടുണ്ട്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സൊസൈറ്റികള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രഗല്‍ഭരായ ബാങ്കര്‍മാരെ മുന്‍നിരയില്‍ നിയമിച്ച് വളരുന്ന സൊസൈറ്റികളെയും കാണാം. ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കനുസരിച്ച് വായ്പകള്‍ നല്‍കി വരുമാനം കൂട്ടാന്‍ കഴിയുന്ന സൊസൈറ്റികള്‍ക്ക് മാത്രമേ കിടമല്‍സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ. അതേസമയം, ഇത്തരം സൊസൈറ്റികള്‍ നല്‍കുന്ന വായ്പകള്‍ സുരക്ഷിതമല്ല എന്നതാണ് പ്രധാന അപകട സാധ്യത. വായ്പാ തുകക്ക് തുല്യമായി ഈട് വാങ്ങാതെയാണ് പല സൊസൈറ്റികളും പണം നല്‍കുന്നത്. ഇത് മൂലം തിരിച്ചടവ് മുടങ്ങിയാല്‍ സൊസൈറ്റികളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കും. ഡയരക്ടര്‍ ബോര്‍ഡ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഡയരക്ടര്‍മാര്‍ വഴിയുള്ള വായ്പാ ക്രമക്കേടുകളും ഇത്തരം സൊസൈറ്റികള്‍ക്കുള്ള ഭീഷണിയാണ്. നിക്ഷേപം നടത്തുന്നവര്‍ ഇത്തരം അപകട സാധ്യതകളെ കൂടി തിരിച്ചറിയണം.

സഹകരണ മേഖലക്ക് വെല്ലുവിളി

മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികള്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി സംസ്ഥാന സഹകരണ മന്ത്രി തന്നെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇവര്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിനാല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ വലിയ തോതില്‍ ഇത്തരം സൊസൈറ്റികളില്‍ എത്തുന്നുണ്ട്. പലിശയുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം സൊസൈറ്റികളുമായി പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കോ കേരള ബാങ്കിനോ മല്‍സരിക്കാന്‍ കഴിയുന്നില്ല. മള്‍ട്ടി സ്‌റ്റേറ്റ് സൊസൈറ്റികള്‍ നിക്ഷേപ സമാഹരണത്തിന്റെ ഒരു ഘട്ടം കടന്നാല്‍ ബാങ്കുകളായി മാറേണ്ടി വരും. അപ്പോള്‍ കൂടിയ പലിശ നിരക്ക് നല്‍കാനാവില്ല. അത്തരമൊരു ഘട്ടത്തില്‍ മാത്രമാണ് പ്രാഥമിക ബാങ്കുകള്‍ക്ക് ഇവയുമായി മല്‍സരിക്കാന്‍ കഴിയുക. അതേസമയം, വലിയ തോതില്‍ ബിസിനസ് നടത്തുന്ന മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റികള്‍ പുതിയ സൊസൈറ്റികള്‍ രൂപീകരിച്ച് വീണ്ടും രംഗത്തു വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ സൊസൈറ്റികളെ ഏറ്റെടുക്കുമുണ്ട്. നിലവിലുള്ള സൊസൈറ്റികള്‍ ബാങ്കുകളായി മാറിയാല്‍ തന്നെ പുതിയ സൊസൈറ്റികള്‍ രംഗത്തു വരും. പ്രാഥമിക ബാങ്കുകള്‍ക്കുള്ള വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. വായ്പകളുടെ വൈവിധ്യ വല്‍ക്കരണത്തിലൂടെ ബിസിനസ് തന്ത്രങ്ങളില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഈ വെല്ലുവിളിയെ അതി ജീവിക്കാന്‍ കഴിയൂ.

Tags:    

Similar News