തൃശൂരിലെ ഏറ്റവും വലിയ മാള്‍, ഹൈലൈറ്റ് മാള്‍ തുറന്നു; 200ല്‍പരം ബ്രാന്‍ഡുകള്‍, ആറു സ്‌ക്രീനില്‍ സിനിമ
നിര്‍മാണം 900 കോടി രൂപ ചെലവില്‍; താഴത്തെ നിലയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്
image credit : Hilite group
തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളെന്ന വിശേഷണത്തോടെ ഹൈലൈറ്റ് മാള്‍ തുറന്നു. 4.3 ഏക്കര്‍ സ്ഥലത്ത് എട്ടു ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ സ്ഥിതി ചെയ്യുന്നത്. കുട്ടനെല്ലൂര്‍ ബൈപ്പാസിന് സമീപം ദേശീയപാതക്കും സംസ്ഥാന പാതക്കും സമീപത്തായാണ് മാള്‍. ഇത് ഒരുക്കിയിരിക്കുന്നതാകട്ടെ സംസ്ഥാനത്തെ ആദ്യത്തെ ഷോപ്പിംഗ് മാള്‍ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച ഹൈലൈറ്റ് ഗ്രൂപ്പും. ചുരുങ്ങിയ കാലം കൊണ്ടുതന്നെ കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ കൊമേഴ്‌സ്യല്‍, റെസിഡന്‍ഷ്യല്‍, റീറ്റെയ്ല്‍ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളിലൂടെ ശ്രദ്ധേയരാണ് ഹൈലൈറ്റ് ഗ്രൂപ്പ്. 900 കോടി രൂപ ചെലവിലാണ് മാള്‍ നിര്‍മിച്ചിരിക്കുന്നത്.
ലോകോത്തര ബ്രാന്‍ഡുകള്‍, വമ്പന്‍ ഫുഡ്‌കോര്‍ട്ട്
75,000 ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഡെയിലിയാണ് മാളിന്റെ പ്രധാന ഹൈലൈറ്റ്. മാളിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക. കൂടാതെ ഇരുന്നൂറിലധികം ലോകോത്തര ബ്രാന്‍ഡുകള്‍, 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫുഡ് കോര്‍ട്ട്, മലബാര്‍ ഗ്രൂപ്പിന്റെ 20,000 ചതുരശ്ര അടി വലിപ്പമുള്ള പ്ലേയാസ എന്റര്‍ടെയിന്‍മെന്റ് സെന്റര്‍, നിരവധി വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സെന്റര്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ആദ്യ എപ്പിക് തിയറ്റര്‍ അടങ്ങിയ പലാക്‌സി സിനിമാസിന്റെ ആറ് സ്‌ക്രീനുകളും മാളിന്റെ പ്രത്യേകതയാണ്. തിയറ്റര്‍ അടുത്ത മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ഉടമകള്‍ വിശദീകരിക്കുന്നത്.