വനിതകള്‍ക്ക് മുന്‍ഗണന, കുറഞ്ഞ പലിശയില്‍ വായ്പ, എസ്.ബി.ഐ യുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് സഹകരണത്തിന് മുത്തൂറ്റ് മൈക്രോഫിന്‍

50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക

Update:2024-11-23 18:26 IST
പ്രമുഖ ബാങ്കായ എസ്.ബി.ഐ യുമായി ചേര്‍ന്ന് കോ-ലെന്‍ഡിങ് പങ്കാളിത്തത്തിന് ഇന്ത്യയിലെ മുന്‍നിര എന്‍.ബി.എഫ്‌.സി സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍. ഇതിന്റെ ഭാഗമായി എസ്.ബി.ഐ 500 കോടി രൂപ മുത്തൂറ്റ് മൈക്രോഫിന്നിന് അനുവദിച്ചു. കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് വായ്പകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളിലും ചെറിയ ബിസിനസുകളിലും ഏര്‍പ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (ജെ.എല്‍.ജി) പ്രഥമ പരിഗണന നല്‍കുന്നതാണ്.
വനിതാ സംരംഭകര്‍ക്ക് താങ്ങാനാവുന്ന വിധത്തില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. അര്‍ഹരായവര്‍ക്ക് 50,000 മുതല്‍ മൂന്നു ലക്ഷം രൂപ വരെയാകും വായ്പകള്‍ നല്‍കുക. ഗ്രാമീണ സംരംഭകര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ചെറിയ ബിസിനസ് നടത്തുന്ന വനിതകള്‍ക്ക്, അവരുടെ ബിസിനസ് വളര്‍ത്താനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കാനും സഹായിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും സാമ്പത്തിക സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കാന്‍ മുത്തൂറ്റ് മൈക്രോഫിന്നിന് ആകുമെന്ന് സി.ഇ.ഒ സദാഫ് സയീദ് പറഞ്ഞു. സമൂഹങ്ങളെ സാമ്പത്തിക സ്വയം പര്യാപ്തതയിലൂടെ ശാക്തീകരിക്കുകയാണ് എസ്.ബി.ഐ യുമായുള്ള ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. സൂക്ഷ്മ സംരംഭങ്ങളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ക്ക് പദ്ധതി മികച്ച പിന്തുണ നല്‍കുമെന്നും സദാഫ് സയീദ് പറഞ്ഞു.
നിലവില്‍ 20 സംസ്ഥാനങ്ങളിലായി 369 ജില്ലകളില്‍ മുത്തൂറ്റ് മൈക്രോഫിന്നിന് സാന്നിധ്യമുണ്ട്.
Tags:    

Similar News