ഓഹരി വിപണി താഴോട്ട്; പേയ്ടിഎം കുതിക്കുന്നു, ഫെഡറല്‍ ബാങ്ക് ഓഹരിയില്‍ ഇടിവ്

ലയനനീക്കത്തില്‍ ഉയര്‍ന്ന് സീ, ധനലക്ഷ്മി ബാങ്കും നേട്ടക്കുതിപ്പ് തുടരുന്നു

Update:2024-02-20 10:30 IST

Image by Canva

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി വിൽപ്പന സമ്മർദ്ദത്തിൽ കൂടുതൽ താണു. വാഹന, ഐ.ടി, ഓഹരികൾ രാവിലെ ഇടിവിലായി. എന്നാൽ താമസിയാതെ വിപണി തിരിച്ചു കയറാൻ ശ്രമിച്ചു. ബാങ്ക് ഓഹരികൾ താഴ്ചയിൽ നിന്നു നേട്ടത്തിലേക്കു മാറിയതാണു കാരണം. എന്നാൽ സൂചികകൾ നേട്ടത്തിൽ നിൽക്കാതെ വീണ്ടും താഴ്ചയിലായി.

ഒരു നോർവീജിയൻ കമ്പനിയുമായി എൽ.എൻ.ജി ലഭിക്കാൻ 15 വർഷത്തേക്കു കരാർ ഉണ്ടാക്കിയ ദീപക് ഫെർട്ടിലൈസേഴ്സ് ഓഹരി 10 ശതമാനം ഉയർന്നു.
പേയ്ടിഎം ഓഹരി ഇന്നും അഞ്ചു ശതമാനം ഉയർന്നു. ചില അനുകൂല വാർത്തകളാണ് കാരണം.
ഓർകിഡ് സൈബർ ടെക് എന്ന കമ്പനിയെ 50 ലക്ഷം ഓസ്ട്രേലിയൻ ഡോളറിനു ടെക് മഹീന്ദ്ര വാങ്ങി.
യു.എസ് മാതൃകമ്പനി 24 ശതമാനം ഓഹരി വിറ്റതിനെ തുടർന്ന് വേൾപൂൾ ഇന്ത്യ ഓഹരി നാലു ശതമാനം താണു.
സോണിയുമായുള്ള ലയന ചർച്ച പുനരാരംഭിക്കാൻ സീ എൻ്റർടെയ്ൻമെൻ്റ് നീക്കം ആരംഭിച്ചതിനെ തുടർന്ന് സീ ഓഹരി ആറു ശതമാനം ഉയർന്നു.
ഫെഡറൽ ബാങ്ക് ഓഹരി ഇന്ന് ഏഴു ശതമാനത്തോളം ഇടിഞ്ഞു. ബാങ്കിൽ സി.ഇ.ഒ ആക്കാൻ ചുരുക്കപ്പട്ടികയിൽ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട കെ.വി.എസ് മണിയന് കൊട്ടക് മഹീന്ദ്ര ബാങ്കിൽ ഉയർന്ന പദവി ലഭിച്ചതാകാം താഴ്ചയ്ക്കു കാരണം. ഫെഡറൽ ബാങ്ക് ചുരുക്കപ്പട്ടിക പരിഷ്കരിക്കേണ്ടി വരും. കൊട്ടക് ബാങ്ക് ഇന്നലെ രണ്ടു ശതമാനം ഉയർന്നു.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്നും അഞ്ചു ശതമാനം കയറി. അഞ്ചു ദിവസം കൊണ്ട് ഓഹരി 32 ശതമാനം നേട്ടമുണ്ടാക്കി.
വാഹന ഓഹരികൾ ഇന്നു നഷ്ടത്തിലാണ്. ടാറ്റാ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി, മഹീന്ദ്ര, ഹീറോ, ഐഷർ, അശോക് ലെയ്‌ലാന്‍ഡ്‌ തുടങ്ങിയവ താഴ്ചയിലായി.
ഉൽപാദനം കുറയുമെന്ന ആശങ്കയിൽ കോൾ ഇന്ത്യ ഓഹരി ഇന്നു രണ്ടര ശതമാനം താഴ്ന്നു.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളർ ഒരു പൈസ കുറഞ്ഞ് 83.01 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.96 രൂപയായി.
സ്വർണം ലോകവിപണിയിൽ 2018 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 45,880 രൂപയായി.
Tags:    

Similar News