വിപണിയില്‍ ആലസ്യം; ക്ഷീണിച്ച് അദാനി ഓഹരികള്‍, ഇടിഞ്ഞ് കൊഫോര്‍ജ്
ക്രൂഡ് ഓയില്‍ വിലയിടിവ് തുടരുന്നു, പേയ്ടിഎം കയറി
വിപണി ദുര്‍ബലമായി തുടരുന്നു. രാവിലെ താഴ്ന്ന് ഓപ്പണ്‍ ചെയ്ത മുഖ്യ സൂചികകള്‍ പിന്നീട് കൂടുതല്‍ താഴ്ന്ന ശേഷം നഷ്ടം നാമമാത്രമാക്കി. ഓയില്‍ ഗ്യാസ്, മെറ്റല്‍, മീഡിയ, ഓട്ടോ മേഖലകള്‍ നേട്ടം ഉണ്ടാക്കി. ഐ.ടി ഇന്നും താഴ്ചയിലാണ്.
സിമന്റ് ഡിമാന്‍ഡ് കുറഞ്ഞു വരികയാണ്. ഏതാനും മാസങ്ങളായി തുടരുന്ന മാന്ദ്യം ഇപ്പോള്‍ കൂടി. തിരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷമേ ഇനി വിപണിയില്‍ ഡിമാന്‍ഡ് തിരിച്ചുവരൂ എന്നാണു കരുതുന്നത്.
വീഴ്ചയിൽ മുന്നിൽ അദാനി എന്റർപ്രൈസസ്
പ്രതിവര്‍ഷം 8,000 വൈദ്യുത വാഹനങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം നൂറില്‍ നിന്നു 15 ശതമാനമായി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വൈദ്യുത വാഹന കമ്പനികളുടെ ഓഹരി ഉയര്‍ന്നു. മൂലധന നിക്ഷേപവുമായി ബന്ധപ്പെടുത്തിയാണ് നികുതിയിളവ്.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു താഴ്ചയിലാണ്. അദാനി എന്റര്‍പ്രൈസസ് 4.4 ശതമാനവും അദാനി പോര്‍ട്‌സ് 3.7 ശതമാനവും പവര്‍ 2.8 ശതമാനവും ഗ്രീന്‍ എനര്‍ജി 2.5 ശതമാനവും താഴ്ന്നു. ഗ്രൂപ്പ് കമ്പനികളുടെ കൈക്കൂലി ആരോപണത്തില്‍ യു.എസ് ഏജന്‍സികള്‍ അന്വേഷിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് പ്രധാന കാരണം.
പേയ്ടിഎം ഓഹരികള്‍ ഇന്നും അഞ്ചു ശതമാനം നേട്ടത്തിലാണ്.
സ്റ്റീല്‍, അലൂമിനിയം, ഇരുമ്പയിര് അടക്കമുള്ള കമ്മോഡിറ്റി ഉത്പന്നങ്ങള്‍ നേട്ടം കുറിച്ചു. ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്‌ള്യു സ്റ്റീല്‍, എന്‍.എം.ഡി.സി തുടങ്ങിയ ഓഹരികള്‍ ഉയരത്തിലായി.
ക്യൂ.ഐ.പി വഴി 300 കോടിയുടെ ധനസമാഹരണം നടത്തുന്ന കൊഫോര്‍ജിന്റെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
സ്വർണം, രൂപ, ക്രൂഡ്
രൂപ ഇന്നു ചെറിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ അഞ്ചു പൈസ താഴ്ന്ന് 82.84 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീടു 82.86 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,146 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 48,280 രൂപ ആയി.
ക്രൂഡ് ഓയില്‍ വിലയിടിവ് തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് 85.65 ഡോളറില്‍ എത്തി.