നേട്ടത്തിന്റെ റണ്‍വേയില്‍ സിയാലിന്റെ ബിസിനസ് ജെറ്റ് ടെര്‍മിനല്‍
ഇത് വരെ എത്തിയത് 562 വിമാനങ്ങള്‍, ഈ വര്‍ഷം തന്നെ 1,000 വിമാനങ്ങളെത്തുമെന്ന് പ്രതീക്ഷ
കൊച്ചി വിമാനത്താവളത്തിൽ ആരംഭിച്ച ബിസിനസ് ജെറ്റ് ടെര്‍മിനലിന് മികച്ച പ്രതികരണം. ഇതുവരെ പറന്നിറങ്ങിയത് 562 വിമാനങ്ങള്‍. കഴിഞ്ഞ ഡിസംബറിലാണ് ബിസിനസ് ജെറ്റ് ടെര്‍മിനൽ പ്രവർത്തനം ആരംഭിച്ചത്.
ഐ.പി.എല്‍ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങള്‍ പറന്നിറങ്ങിയ ഈ ബിസിനസ് ടെര്‍മിനലിലേക്ക് ഈ വര്‍ഷം തന്നെ 1,000 വിമാനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ ശ്രദ്ധകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രാജ്യത്തെ നാലാമത്തേത്
ബിസിനസ് ജെറ്റ് ടെര്‍മിനല്‍ തുറക്കുന്ന രാജ്യത്തെ നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടെര്‍മിനലാണിത്. 40,000 ചതുരശ്രയടിയാണ് വിസ്തീര്‍ണം. ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കും സ്വകാര്യ വിമാനങ്ങള്‍ക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനൊപ്പം ചാര്‍ട്ടര്‍ ഗേറ്റ് വേയും ആരംഭിച്ചതോടെ പ്രധാനപ്പെട്ട ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കും വിനോദ സഞ്ചാരത്തിനുമായി കുറഞ്ഞ ചിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളെ എത്തിക്കാനാകുന്നുണ്ട്.
ഡ്രൈവ് ഇന്‍ പോര്‍ച്ച്, സ്വകാര്യ കാര്‍പാര്‍ക്കിംഗ് ഇടം, അഞ്ച് ലോഞ്ചുകള്‍, കസ്റ്റംസ്, ബിസിനസ് സെന്റര്‍, ചെക്ക്-ഇന്‍, ഇമിഗ്രേഷന്‍, ഹെല്‍ത്ത്, സെക്യൂരിറ്റി സംവിധാനങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍, അത്യാധുനിക വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം എന്നിവ ഈ ബിസിനസ് ടെര്‍മിനലില്‍ ഒരുക്കിയിട്ടുണ്ട്.
ഇതിനു പുറമെ അതീവ സുരക്ഷ ആവശ്യമുള്ള വി.ഐ.പി അതിഥികള്‍ക്കായി 10,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് മിനിറ്റുകൊണ്ട് കാറില്‍ നിന്ന് വിമാനത്തിലെത്താമെന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.
മികച്ച കണക്ടിവിറ്റി
ആധുനിക സൗകര്യങ്ങളോട് കൂടി, പരമാവധി ചെവല് കുറച്ചാണ് ഗേറ്റ്‌വേയുടെ നിര്‍മാണം അതുകൊണ്ട് താരതമ്യേന കുറഞ്ഞ ചെലവില്‍ ബിസിനസ് ജെറ്റ് യാത്രകള്‍ ഒരുക്കാന്‍ സാധിക്കുന്നു. 30 കോടി രൂപ മുതല്‍ മുടക്കില്‍ 10 മാസത്തിനുള്ളില്‍ ഈ ടെര്‍മിനല്‍ സിയാല്‍ പൂര്‍ത്തീകരിച്ചത്.
ഗിഫ്റ്റ് സിറ്റി, വ്യാവസായിക ഇടനാഴി, അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവ യാഥാര്‍ത്ഥ്യമാകാനിരിക്കേ, ഈ ചാര്‍ട്ടര്‍ ഗേറ്റ് വേ എറ്റവും മികച്ച കണക്ടിവിറ്റി മാര്‍ഗമായി മാറുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.