ഹുറൂണ്‍ പട്ടികയില്‍ അദാനിയെ കടത്തിവെട്ടി അംബാനി

ലോക സമ്പന്നരില്‍ രണ്ടാം സ്ഥാനത്തു നിന്ന് ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക് അദാനി. പുതുതായെത്തിയ 16 പേരിൽ രേഖ ജുൻജുൻവാലയും

Update: 2023-03-22 10:53 GMT

ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ മുങ്ങിത്താണപ്പോള്‍ കോടികളാണ് ഗൗതം അദാനിയുടെ സമ്പത്തില്‍ നിന്നും ഒലിച്ചുപോയത്. ലോകം മുഴുവന്‍ ചര്‍ച്ചയായതും അദാനി എന്ന ലോക കോടീശ്വരന്റെ പതനമായിരുന്നു. ഇപ്പോഴിതാ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഗൗതം അദാനി ഇരുപത്തിമൂന്നാം സ്ഥാനത്തേക്ക്. ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അദാനിയെ കടത്തിവെട്ടി മുന്നിലെത്തി.

പുതിയ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് അംബാനി. മാത്രമല്ല, ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയും മുകേഷ് അംബാനിയാണെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പറയുന്നു.

8200 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് രാജ്യത്തെ ഏറ്റവും സമ്പന്നന്‍. ലോകത്തെ 10 ശതകോടീശ്വന്മാരില്‍ ഇപ്പോള്‍ അംബാനി മാത്രമാണ് ഏക ഇന്ത്യക്കാരന്‍.

ഹിന്‍ഡന്‍ബര്‍ഗ് വിനയായി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷമുള്ള ദിനങ്ങള്‍ അദാനി എന്ന വ്യവസായി നേരിട്ട ഏറ്റവും വലിയ തിരിച്ചടി തന്നെയെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. കാരണം, പിന്നീടുള്ള ഒരോ ആഴ്ചയും ശരാശരി 3,000 കോടി രൂപ വീതമാണ് അദാനിക്ക് നഷ്ടമായത്.

ഗൗതം അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ ഡോളറായി കുറഞ്ഞു. അതായത് മൊത്തം ആസ്തിയില്‍ 60ശതമാത്തിലേറെ ഇടിവ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാല, ശിവ് നാടാര്‍ എന്നിവരും പതിവു പോലെ സമ്പന്നപ്പട്ടികയില്‍ മുന്നിലുണ്ട്.

27 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പൂനവാല രാജ്യത്തെ സമ്പന്നരില്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ എച്ച്സിഎല്‍ ടെക്കിന്റെ ശിവ് നാടാരാണ് നാലാമത്. 26 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

2022ലെ ഹുറൂണ്‍ പട്ടിക പ്രകാരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച വ്യക്തിയും ശിവ് നാടാര്‍ ആണ്. 1,161 കോടി രൂപയാണ് അദ്ദേഹം ഈയിനത്തില്‍ ചെലവഴിച്ചത്.

പുതിയ 16 പേര്‍

ആഗോളതലത്തില്‍ ശതികോടീശ്വരന്മാരുടെ എണ്ണത്തില്‍ എണ്ണം 2022ലെ 3,384 ല്‍നിന്ന് 2023ല്‍ 3,112 ആയി കുറഞ്ഞിട്ടുണ്ട്. എട്ട് ശതമാനമാണ് കുറഞ്ഞത്. എന്നാല്‍ 16 ഇന്ത്യക്കാര്‍ കൂടി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. രാകേഷ് ജുന്‍ജുന്‍വാല കുടുംബത്തില്‍ നിന്നും രേഖ ജുന്‍ജുന്‍വാലയും പുതുതായി എത്തിയ ഇന്ത്യക്കാരുടെ കൂട്ടത്തിലുണ്ട്. ഇക്കഴിഞ്ഞിടയ്ക്ക് ടൈറ്റന്‍ ഓഹരി ഉള്‍പ്പടെ പല ഓഹരികളും വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ രേഖ ജുന്‍ജുന്‍വാലയുടെ സ്വത്തും വര്‍ധിച്ചിരുന്നു.


Tags:    

Similar News