ബിറ്റ്‌കോയ്ന്‍ അഞ്ച് ദിവസത്തിനിടെ ഇടിഞ്ഞത് 13 ശതമാനം
ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം 1.71 ട്രില്യണ്‍ ഡോളറായി കുറഞ്ഞു
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പണപ്പെരുപ്പ ആശങ്കകള്‍ കാരണം ക്രിപ്റ്റോകറന്‍സികള്‍ തിങ്കളാഴ്ചയും ഇടിവ് തുടര്‍ന്നു. ആള്‍ട്ട്‌കോയിനാണ് വലിയ നഷ്ടം നേരിട്ടത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ പരിഹാരത്തിന്റെ പ്രതീക്ഷകള്‍ ഇല്ലാത്തായതോടെയാണ് ക്രിപ്‌റ്റോകറന്‍സികളും ഇടിവിലേക്ക് വീണത്. എല്ലാ മുന്‍നിര ഡിജിറ്റല്‍ ടോക്കണുകളും താഴേക്ക് പതിച്ചു. ടെറ 10 ശതമാനത്തിലധികം ഇടിഞ്ഞു. സോളാന, അവലാഞ്ച എന്നിവ എട്ട് ശതമാനവും കാര്‍ഡാനോ, എക്‌സ്ആര്‍പി, എഥേറിയം എന്നിവ ആറ് ശതമാനവും ഇടിവ് രേഖപ്പെടുത്തി.
ബിറ്റ്‌കോയ്ന്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം ഇടിഞ്ഞത് 13 ശതമാനമാണ്. മാര്‍ച്ച് മൂന്നിന് 44,000 ഡോളറിനോടടുത്തുണ്ടായിരുന്ന വിലയാണ് ഇന്ന് 38,000 ആയി കുറഞ്ഞത്. ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം ഇന്ന് 1.71 ട്രില്യണ്‍ ഡോളറായാണ് കുറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് ശതമാനത്തിലധികം ഇടിവാണുണ്ടായത്. മൊത്തം ക്രിപ്റ്റോകറന്‍സി ട്രേഡിംഗ് അളവ് 25 ശതമാനത്തിലധികം ഉയര്‍ന്ന് 67.11 ബില്യണ്‍ ഡോളറിലെത്തി.