ചൈനയുടെ സോംഗ് ഷാന്‍ഷാനെ പിന്നിലാക്കി ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ വലിയ ധനികനായതെങ്ങനെ?
ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചികയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം അദാനിയുടെ സമ്പത്ത് 625 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 66.5 ബില്യണ്‍ ഡോളറിലെത്തി.
കുപ്പിവെള്ളക്കമ്പനിയില്‍ നിന്നും ശതകോടീശ്വരപ്പട്ടികയുടെ മുകളിലും ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനുമായി മാറിയ ചൈനയുടെ സോംഗ് ഷാന്‍ഷാനെ പിന്തള്ളി ഗൗതം അദാനി മുന്നിലെത്തി. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചികയില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം അദാനിയുടെ സമ്പത്ത് വ്യാഴാഴ്ച 625 ദശലക്ഷം ഡോളര്‍ ഉയര്‍ന്ന് 66.5 ബില്യണ്‍ ഡോളറിലെത്തിതോടെയാണ് ബ്ലൂം ബെര്‍ഗ് ബില്യണേഴ്‌സ് ലിസ്റ്റിലെ ഈ നേട്ടം അദാനി സ്വന്തമാക്കിയത്.
ഇന്ത്യയിലെ കോടീശ്വരപ്പട്ടികയിലും ഏഷ്യയിലെ കോടീശ്വരപ്പട്ടികയിലും അങ്ങനെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയുടെ തൊട്ടുപിന്നിലാണ് അദാനി. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 76 ബില്യണ്‍ ഡോളറാണ്. അദാനിയുടെ സ്വത്ത് ഉയര്‍ന്നും സോംഗ് ഷാന്‍ഷാന്റെ സ്വത്ത് ഇടിയുകയും ചെയ്തതോടെയാണ് ഈ നേട്ടം സ്വന്തമായത്.
ഷാന്‍ഷന്റെ സമ്പത്ത് 78 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 63.6 ബില്യണ്‍ ഡോളറിലെത്തി. 2021 ല്‍ അദാനിയുടെ സമ്പത്ത് ഇതുവരെ 32 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നതായാണ് ബ്ലൂംബെര്‍ഗ് കണക്കുകള്‍. ലോകത്തെ രണ്ടാമത്തെ വലിയ കോടീശ്വരന്‍ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിനും മിറിയം അഡെല്‍സണിനും ശേഷം ഈ വര്‍ഷത്തെ വളര്‍ച്ച പ്രകടമാക്കുന്ന മൂന്നാമത്തെ സമ്പത്താണ് അദാനി ഗ്രൂപ്പിന്റേത്.
ലിസ്റ്റുചെയ്ത ഗ്രൂപ്പ് കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍, അദാനി ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍ എന്നിങ്ങനെ വിവിധ ഇടങ്ങളിലായാണ് അദാനിയുടെ ഭൂരിഭാഗം സ്വത്തും കിടക്കുന്നത്. ഗ്രൂപ്പിന്റെ പുനരുപയോഗ ഊര്‍ജ്ജ വിഭാഗമായ അദാനി ഗ്രീന്‍ അടുത്തിടെ സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള എസ്ബി എനര്‍ജി വാങ്ങുന്നതിനുള്ള 3.5 ബില്യണ്‍ ഡോളര്‍ കരാറില്‍ ഒപ്പിട്ടിരുന്നു.
കൊമ്മോഡിറ്റി ട്രേഡറായി ആരംഭിച്ച അദാനിക്ക് ഇന്ന് രാജ്യത്തെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ പലതും സ്വന്തമായിട്ടുണ്ട്. അതിന്റെ ഭൂരിഭാഗവും തുറമുഖങ്ങളും, മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ ചില വിമാനത്താവളങ്ങളിലുമുള്‍പ്പെടെ പരന്നു കിടക്കുന്നു.