എഫ് ഐ.ഐകളുടെ പിന്തുണയോടെ ഫെബ്രുവരി മദ്ധ്യത്തില്‍ വിപണികളില്‍ ആരംഭിച്ച പ്രീ-ഇലക്ഷന്‍ റാലി ഇപ്പോള്‍ സ്ഥിരതയാര്‍ജ്ജിച്ചിരിക്കുകയാണ്. അന്നുമുതല്‍ ഇതുവരെ 56000 കോടി രൂപയാണ് എഫ്.ഐ.ഐകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത്.
അതോടെ വെറും 30 ട്രെഡിംഗ് സെഷനുകള്‍ക്കുള്ളില്‍ തന്നെ നിഫ്റ്റി ഏകദേശം 1200 പോയിന്റ് ഉയരുകയുണ്ടായി. വിപണിയിലെ ചില ചെറിയ ഓഹരികള്‍ ഈയൊരു റാലിയില്‍ പങ്കാളിയായെന്ന് മാത്രമല്ല അവ വിപണി സൂചികകളെ കടത്തിവെട്ടുന്ന പ്രകടനം നടത്തുകയും ചെയ്തു. ബെഞ്ച്മാര്‍ക്കുകള്‍ക്ക് അപ്പുറത്തേക്ക് സ്മോള്‍ ആന്റ് മിഡ് കാപുകളിലേക്ക് പണം ഒഴുകുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു.
ഇലക്ഷന്‍ വരെയും അതിനുമപ്പുറത്തേക്കും ഈയൊരു ട്രെന്‍ഡ് തുടര്‍ന്നേക്കും. ഇലക്ഷന് ശേഷം ഇപ്പോളുള്ള നയങ്ങളിലും സ്ഥിരതയിലും തുടര്‍ച്ചയുണ്ടാകുമെന്നാണ് അഭിപ്രായസര്‍വ്വെകളും സൂചിപ്പിക്കുന്നത്.
'ഒരു മനുഷ്യന് ഒരു മല്‍സ്യത്തെ കൊടുത്താല്‍ ഒരു ദിവസത്തേക്ക് നിങ്ങള്‍ക്ക് അയാളുടെ വിശപ്പകറ്റാനാകും. മറിച്ച് മല്‍സ്യത്തെ പിടിക്കാന്‍ അയാളെ പഠിപ്പിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അയാളുടെ വിശപ്പ് എന്നെന്നേക്കുമായി അകറ്റാന്‍ കഴിയും'. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രികകള്‍ കാണുമ്പോള്‍ ഓഹരി നിക്ഷേപത്തിലും പ്രസക്തമായ ഈ പഴഞ്ചൊല്ലാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ആരെയും എന്തിനെയും കണ്ണടച്ച് വിശ്വസിക്കുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് പ്രലോഭിപ്പിക്കാനാണ് നിര്‍ഭാഗ്യവശാല്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുന്നത്.
രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനായി വിവേകപൂര്‍ണ്ണമായ സാമ്പത്തിക നയങ്ങളും പരിഷ്‌ക്കാരങ്ങളും നടപ്പാക്കുകയെന്ന വളരെ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തനത്തിന് പകരം അവരൊക്കെ ഏറ്റവും എളുപ്പമായി കാണുന്നത് സൗജന്യ വാഗ്ദാനങ്ങളെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വത അളക്കുന്നൊരു ലിറ്റ്മസ് ടെസ്റ്റായിരിക്കും ഈ ഇലക്ഷനെന്ന് ഞാന്‍ കരുതുന്നു. അതിന്റെ ശുഭ സൂചനകള്‍ കാണുന്നുണ്ട്.
തളര്‍ച്ച സമ്പദ് ഘടനയിലല്ല
ഇന്ത്യ ഒരു പരിവര്‍ത്തനത്തിന്റെ പാതയിലാണ് അതുപോലെ ലോകവും മാറുകയാണ്. ഒരു വശത്ത് കാര്‍ വില്‍പന കുറയുകയും റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയും നിലനിന്നു പോന്നിരുന്ന തൊഴിലവസരങ്ങള്‍ കുറയുകയും സ്റ്റോക്ക് ബ്രോക്കിംഗ് ഇല്ലാതാകുകയും ചെയ്യുന്നു.
അതേസമയം മറുഭാഗത്ത് ഒല, യൂബര്‍ എന്നിവയിലെ യാത്രകള്‍ എക്കാലത്തെയും ഉയര്‍ന്ന തോതിലെത്തുകയും ഓണ്‍ലൈന്‍ ഫുഡ് വിപണനം വന്‍തോതില്‍ വര്‍ധിക്കുകയും ഉപ്പ് മുതല്‍ കര്‍പ്പുരം വരെ വിറ്റഴിച്ചുകൊണ്ട് ആമസോണിന്റെയും ഫ്ളിപ് കാര്‍ട്ടിന്റെയുമൊക്കെ വ്യാപാരതലം അതിവേഗം വര്‍ധിക്കുകയും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം റെക്കോഡ് നിലവാരത്തിലേക്ക് ഉയരുകയും സിരോഥ പോലെ കുറഞ്ഞ നിരക്കുള്ള ബ്രോക്കര്‍മാര്‍ മുന്നേറുകയും ചെയ്യുന്നു.
വിശാലമായി ചിന്തിക്കുന്ന ഏതൊരാള്‍ക്കും രാജ്യത്തെ സമ്പദ്ഘടന തളരുന്നില്ലെന്നും മറിച്ച് പണ്ടേ നിലവിലുള്ള ചില ബിസിനസ് മാതൃകകള്‍ നൂതന സംരംഭങ്ങളാല്‍ തകര്‍ത്തെറിയപ്പെടുന്നതാണെന്നും മനസ്സിലാക്കാന്‍ സാധിക്കും. ഇത്തരമൊരു ഡിസ്റപ്ഷനെക്കുറിച്ച് അവബോധമില്ലാത്തവരും മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നവരുമാണ് ഇപ്പോള്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
കുറഞ്ഞ പണപ്പെരുപ്പ നിരക്കോടെ രാജ്യം സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇന്ത്യന്‍ വിപണികളുടെ ഭാവി എവിടേക്ക് ആയിരിക്കുമെന്നത് ആര്‍ക്കും വളരെ എളുപ്പത്തില്‍ ഊഹിക്കാവുന്നതേയുള്ളൂ. ഏകദേശം 13 മാസത്തെ ഇടവേളക്ക് ശേഷം മിഡ് കാപിലേക്ക് നിക്ഷേപകര്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. എപ്പോഴും ലാര്‍ജ് കാപുകളെ മാത്രം ലക്ഷ്യമിടാന്‍ നിക്ഷേപകര്‍ക്ക് സാധിക്കില്ലെന്ന് മാത്രമല്ല ഇവ തമ്മിലുള്ള വാല്യുവേഷന്‍ ഗ്യാപ് നിലനില്‍ക്കാത്തതുമാണ്.
അതിനാല്‍ ഓഹരികളുടെ തെരഞ്ഞെടുപ്പിനായി ഒരു ബോട്ടം-അപ് അപ്രോച്ച് സ്വീകരിക്കുന്നതോടൊപ്പം മികച്ച കോര്‍പ്പറേറ്റ് ഗവേണന്‍സുള്ള കമ്പനികളില്‍ ശ്രദ്ധപതിപ്പിക്കുകയുമാണ് വായനക്കാര്‍ ചെയ്യേണ്ടത്. ഒന്ന് ഒന്നര വര്‍ഷത്തിനകം തന്നെ 100 ശതമാനത്തില്‍ അധികം റിട്ടേണ്‍ നല്‍കാന്‍ കഴിവുള്ള അനേകം കമ്പനികള്‍ ഇന്ത്യയിലുണ്ട്.
ഒരു ബുള്‍ തരംഗത്തിന് നമ്മള്‍ ശരിക്കും സജ്ജരായിരിക്കുന്നുവെന്ന് ചരിത്രത്തില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ സൂചിപ്പിക്കുന്നു അതിനു തയ്യാറായിക്കൊള്ളൂ. 1988-92ലെ ബുള്‍ റണ്ണില്‍ സെന്‍സെക്സ് 11 ഇരട്ടിയാണ് വളര്‍ന്നത്. തുര്‍ന്നുള്ള ഒരു പതിറ്റാണ്ടോളം കണ്‍സോളിഡേഷന്റെ സമയമായിരുന്നു. 2003 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ സെന്‍സെക്സ് വീണ്ടും ഏഴ് ഇരട്ടിയായി വളര്‍ന്നു അതിനു ശേഷം ഒരു പതിറ്റാണ്ട് വീണ്ടും കണ്‍സോളിഡേഷനുണ്ടായി.
എല്ലാ അടിസ്ഥാനഘടകങ്ങളും കണക്കിലെടുക്കുമ്പോള്‍ സമ്പദ്ഘടന 5 ട്രില്യണ്‍ ഡോളറിലേക്കെത്തുന്ന വരും വര്‍ഷങ്ങളില്‍ സ്ഥിരതയുള്ളൊരു ബുള്‍ മാര്‍ക്കറ്റ് നമുക്ക് കാണാനാകും.
ഇടക്കാലത്ത് ഇന്ത്യയെ അവഗണിച്ചിരുന്ന എഫ് ഐ ഐകള്‍ ഈ സാധ്യതകള്‍ മനസ്സിലാക്കിക്കൊണ്ട് വിപണിയിലേക്ക് മടങ്ങി വന്ന ഈ വര്‍ഷത്തില്‍ അവര്‍ ഒരു ലക്ഷം കോടിയിലധികം നമ്മുടെ വിപണിയില്‍ നിക്ഷേപിച്ചാലും അത്ഭുതം ഇല്ല. മറ്റൊരു സ്ഥിരതയുള്ള ബുള്‍ മാര്‍ക്കറ്റിന്റെ തുടക്കത്തിന് ആണ് നമ്മള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു.