ഓഹരിവില പെരുപ്പിച്ച് കൃത്രിമ ലാഭം: 135 സ്ഥാപനങ്ങള്‍ക്ക് വിലക്കുമായി സെബി
നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് സെബിയുടെ മുന്നറിയിപ്പ്
ഓഹരി വില പെരുപ്പിച്ച് കാട്ടി കൃത്രിമലാഭം രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 135 കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI). ഈ കമ്പനികള്‍ക്ക് 126 കോടി രൂപയുടെ പിഴയും സെബി ചുമത്തി.
അഞ്ച് സ്മാള്‍ ക്യാപ് ഓഹരികളുടെ വില ഉയര്‍ത്തികാട്ടി ബള്‍ക്ക് ടെക്‌സ്റ്റ് മെസേജുകളിലൂടെയും എസ്.എം.എസുകളിലൂടെയും വാങ്ങല്‍ ശുപാര്‍ശ നല്‍കിയാണ് ഓഹരി വില ഉയര്‍ത്തിയത്. ഇന്‍ഫ്‌ളുവന്‍സര്‍മാരും സ്ഥാപനങ്ങളും വിവിധ സമൂഹ മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടേയും ഓഹരികള്‍ ശുപാര്‍ശ ചെയ്ത് വിലയില്‍ കൃത്രിമം നടത്തുന്നത് ശ്രദ്ധയില്‍പെട്ട സെബി നിരീക്ഷണം കര്‍ശനമാക്കിയിരുന്നു.
വില കുതിച്ചുയര്‍ന്ന് സംശയത്തിനിടയാക്കി
എന്‍മൗര്യ ഉദ്യോഗ് ലിമിറ്റഡ്, 7 എന്‍.ആര്‍ റീറ്റെയ്ല്‍, ഡാര്‍ജലിംഗ് റോപ് വേ കമ്പനി, ജി.ബി.എല്‍ ഇന്‍ഡസ്ട്രീസ്, വിശാല്‍ ഫാബ്രിക് എന്നിവയുടെ ഓഹരി വിലയിലും ട്രേഡിംഗ് വോളിയത്തിലും അസാധാരണമായ കുതിപ്പ് ഉണ്ടായതോടെയാണ് സെബി അന്വേഷണം ആരംഭിച്ചത്. ഈ അഞ്ച് ഓഹരികളിലും വിവിധ സ്ഥാപനങ്ങള്‍ പിന്തുടര്‍ന്ന വ്യാപാര രീതിയില്‍ സമാനതയുള്ളതായി സെബിക്ക് അന്വേഷണത്തില്‍ മനസിലായി. ബള്‍ക്ക് മെസേജ് വഴി വാങ്ങല്‍ ശുപാര്‍ശ നല്‍കുന്നുവെന്നതായിരുന്നു പ്രധാന സമാനത. വിശാല്‍ ഫാബ്രിക് ഒഴികെയുള്ള ഓഹരികളുടെ ശുപാര്‍ശയ്ക്കായി ചില വെബ്‌സൈറ്റുകളും ഉപയോഗിച്ചിട്ടുണ്ടെന്ന് സെബി കണ്ടെത്തി. തുടര്‍ന്ന് ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാവിധ ഇടപാടുകളില്‍ നിന്നും ഈ 135 കമ്പനികള്‍ക്ക് സെബി വിലക്കേര്‍പ്പെടുത്തി.
കൂടാതെ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 226 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഈ സ്ഥാപനങ്ങളില്‍ നിന്ന് 143.79 കോടി രൂപ തിരിച്ചെടുക്കാനായേക്കുമെന്നാണ് കരുതുന്നത്.
നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ്
ചില പ്രത്യേക ഓഹരികള്‍ വിറ്റഴിക്കാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരും സ്ഥാപനങ്ങളും നിക്ഷേപകര്‍ക്ക് തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്നുണ്ട്. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, യുട്യൂബ് എന്നീ സാമൂഹ മാധ്യമങ്ങളെയാണ് പ്രധാനമായും ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഇത്തരം സന്ദേശങ്ങളെ കുറച്ച് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെബി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. അഗീകൃത സ്ഥാപനങ്ങള്‍ വഴി മാത്രം ഇടപാടുകള്‍ നടത്താനാണ് സെബിയുടെ ഉപദേശം.