ആഗോള ആശങ്കകൾ വളരുന്നു; കിയോസാക്കിയുടെ പ്രവചനം ഫലിക്കുമോ? സ്വർണ്ണ വില താഴേക്ക് തന്നെ; പലിശവർധന നേരത്തേ തുടങ്ങാം

ഈ സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ ഓഹരി നിക്ഷേപകരുടെ കൈ പൊള്ളും, സ്വർണം താഴോട്ടുതന്നെ, റോബർട്ട് ടി. കിയോസാകി പറയുന്നത് എന്താണ്?

Update:2021-09-29 07:52 IST

റിച്ച് ഡാഡ്, പുവർ ഡാഡ് എന്ന വിഖ്യാത ഗ്രന്ഥത്തിൻ്റെ കർത്താവാണ് റോബർട്ട് ടി. കിയോസാകി. എങ്ങനെ സമ്പാദ്യം വളർത്താം എന്ന് വിശദീകരിക്കുന്ന ഈ പുസ്തകത്തിനു പുറമേ പല ഗ്രന്ഥങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കതും ബെസ്റ്റ് സെല്ലറുകളായി. സമ്പാദ്യം വളർത്തുന്നതിനു മാർഗം ഉപദേശിക്കുന്ന ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. 74 വയസുള്ള ഈ നിക്ഷേപ - സമ്പാദ്യ വിദഗ്ധൻ കഴിഞ്ഞ ഞായറാഴ്ച ഒരു ട്വീറ്റ് നടത്തി. (@therealkiyosaki).അതിങ്ങനെയാണ്.

" ഒക്ടോബറിൽ ഓഹരി വിപണിയിൽ വമ്പൻ തകർച്ച വരുന്നു. എന്തുകൊണ്ട്? (യുഎസ്) ട്രഷറിയിലും ഫെഡിലും വേണ്ടത്ര ടി ബില്ലുകൾ (ഹ്രസ്വകാല കടപ്പത്രം) ഇല്ല. സ്വർണം, വെള്ളി, ബിറ്റ് കോയിൻ തുടങ്ങിയവയും തകർച്ചയിലേക്കാണ്. തകർച്ചയ്ക്കു ശേഷം ലാഭകരമായ നിക്ഷേപങ്ങൾ നടത്താൻ പണം കൈയിൽ കരുതുക.... ഓഹരികൾ അപകടകാരികൾ. സൂക്ഷിക്കുക"
ചൊവ്വാഴ്ചത്തെ ആഗോള ഓഹരി - സ്വർണ വിപണികൾ നിരീക്ഷിച്ചവർ, ഈ മാസം 26-നു കിയോസാകി പറഞ്ഞത് ഓർക്കാതിരിക്കില്ല. വിപണികളിൽ പരിഭ്രാന്തി പരത്തുന്ന വിധം നാശം പ്രവചിക്കുന്നവർ ഏറെയുണ്ട്. അപൂർവമായി അവ ശരിയാകാറുമുണ്ട്. കിയോസാകി പറഞ്ഞതുപോലെ വരരുതേ എന്ന് ആഗ്രഹിക്കുമ്പോഴും അതിൽ ചൂണ്ടിക്കാണിക്കുന്ന പശ്ചാത്തലം ഒരുങ്ങി വരുന്നുണ്ടെന്നതു മറക്കാനാവില്ല.

വിപണി ഇടിവ് ആഗാേളവ്യാപകം

ചൊവ്വാഴ്ച ആഗോളതലത്തിൽ വിപണികൾ 1.85 ശതമാനം ഇടിഞ്ഞെന്നാണ് മോർഗൻ സ്റ്റാൻലിയുടെ എംഎസ് സിഐ ഗ്ലോബൽ സൂചിക കാണിക്കുന്നത്. യുഎസ് - യൂറോപ്യൻ വിപണികൾ ശരാശരി രണ്ടു ശതമാനം താഴോട്ടു പോയി. ചൈന മാത്രമാണു തരക്കേടില്ലാത്ത നേട്ടം കാണിച്ച പ്രമുഖ വിപണി. യു എസ് ഫ്യൂച്ചേഴ്സ്
ഇന്നു രാവിലെ ഉയർച്ച കാണിക്കുന്നുണ്ടെങ്കിലും ഏഷ്യൻ വിപണികൾ വളരെ താഴ്ന്നാണു തുടക്കമിട്ടത്. ജാപ്പനീസ് നിക്കൈ രണ്ടു ശതമാനം ഇടിഞ്ഞു. യുഎസിൽ ആശ്വാസ റാലി ഉണ്ടാകാമെങ്കിലും വിപണി ഒരു തിരുത്തലിൻ്റെ തുടക്കത്തിലാണെന്നു കൂടുതൽ പേർ വിശ്വസിക്കുന്നു. ചൈനയിൽ എവർഗ്രാൻഡെയുടെ തകർച്ച ഉറപ്പായി എന്നാണു മാധ്യമ റിപ്പാേർട്ടുകൾ.

വലിയ ചാഞ്ചാട്ടം

ഇന്ത്യൻ വിപണി ഇന്നലെ വലിയ ചാഞ്ചാട്ടങ്ങൾക്കിരയായി. ലാഭമെടുക്കലിനുള്ള വിൽപന സമ്മർദത്തിൽ നിന്നു പൊടുന്നനെ ഇടിയുകയായിരുന്നു. സെൻസെക്സ് ആയിരത്തിലേറെ പോയിൻ്റ് ഇടിഞ്ഞു. 1242.91 പോയിൻ്റ് കയറിയിറങ്ങിയ സെൻസെക്സ് 410.28 പോയിൻ്റ് (0.68%) നഷ്ടത്തിൽ 59,667.6 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 106.5 പോയിൻ്റ് (0.6%) നഷ്ടപ്പെടുത്തി 17,748.6 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇതേ നിലവാരത്തിൽ താണു.

റിയൽറ്റിയിൽ തകർച്ച

കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടമുണ്ടാക്കിയ റിയൽറ്റി കമ്പനികൾ ഇന്നലെ കുത്തനേ വീണു. നിഫ്റ്റി റിയൽറ്റി സൂചിക മൂന്നു ശതമാനം ഇടിഞ്ഞു. ഐടി 22 ശതമാനവും ഓട്ടോ 0.64 ശതമാനം ഫിനാൻഷ്യൽ സർവീസസ് 0.92 ശതമാനവും ബാങ്കുകൾ 0.6 ശതമാനം മീഡിയ 1.66 ശതമാനവും താഴോട്ടു പോയി.
വിദേശ നിക്ഷേപകർ ഇന്നലെ 1957.7 കോടി രൂപ ഓഹരികളിൽ നിന്നു പിൻവലിച്ചു. സ്വദേശി ഫണ്ടുകൾ 161.45 കോടിയുടെ ഓഹരികൾ വിറ്റു. വിദേശികൾ ഓപ്ഷൻസിലും വലിയ തോതിൽ വിൽപന നടത്തി.

ഡെറിവേറ്റീവ് വിപണി താഴോട്ട്

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ് ജി എക്സ് നിഫ്റ്റി ഇന്നലെ 17,630 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെ 17,640 ൽ വ്യാപാരം തുടങ്ങി. ഇന്നും ഇന്ത്യൻ വിപണി താഴോട്ടു നീങ്ങുമെന്നാണ് ഇതിലെ സൂചന.
പ്രതിദിന ചാർട്ടിൽ നിഫ്റ്റി ബെയറിഷ് ആണെങ്കിലും മധ്യകാല പ്രവണത ബുള്ളിഷിൽ നിന്നു മാറിയിട്ടില്ലെന്നു ചില സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. എങ്കിലും ആഗാേള പ്രവണതകളുടെ സ്വാധീനത്തിൽ വിപണി തിരുത്തലിലേക്കു നീങ്ങാനുള്ള സാധ്യത അവർ തള്ളിക്കളയുന്നില്ല. 17,650 ലും 17,575 ലും ഉള്ള സപ്പാേർട്ടുകൾ നില നിർത്താനായാൽ നിഫ്റ്റി സമീപ ദിവസങ്ങളിൽ തിരിച്ചു കയറാം. മറിച്ചായാൽ 17,400 വരെയുള്ള താഴ്ച മുന്നിൽ കാണണം. നിഫ്റ്റി സമീപകാലത്തെ ഉയർന്ന നിലയായ 17,947 ൽ നിന്ന് ഇന്നലെ 17,576 വരെ താണു. ഈ താഴ്ന്ന പരിധിയിലേക്കു നീങ്ങാൻ വീണ്ടും സമ്മർദമുണ്ടാകാം എന്നാണു നിഗമനം. ശക്തമായ ആശ്വാസറാലി ഉണ്ടായാലേ 17,900 മേഖലയിലേക്കു കയറ്റാൻ പറ്റൂ.

ക്രൂഡ് അൽപം താണു

ക്രൂഡ് ഓയിൽ 80.6 ഡോളർ വരെ കയറിയിട്ട് ഇന്നലെ അൽപം താണു. 78.55 ഡോളറിലാണു ബ്രെൻ്റ് ഇനം ഇന്നു രാവിലെ. എന്നാൽ വില തുടർന്നും ഉയരുമെന്നാണു വിലയിരുത്തൽ. പ്രകൃതിവാതക വിലയും ഉയരുന്നുണ്ട്. ചൈനയിൽ കൽക്കരി ക്ഷാമം വന്നതിനെ തുടർന്ന് ലോക വിപണിയിൽ കൽക്കരി വില ഉയരുകയാണ്.

സ്വർണം താഴോട്ടുതന്നെ

ഡോളർ സൂചിക കയറിയതും പലിശ കൂടുമെന്ന സൂചനയും സ്വർണത്തെ വീണ്ടും താഴ്ത്തി. ഇന്നലെ ട്രോയ് ഔൺസി(31.1 ഗ്രാം) ന് 1727 ഡോളർ വരെ താണ സ്വർണം ഇന്നു രാവിലെ 1735 ഡോളറിലാണ്. കേരളത്തിൽ സ്വർണ വില ഇന്നും താഴ്ന്നേക്കും. വലിയ സ്വർണ ഇടിഎഫു (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ) കളിൽ നിന്നു നിക്ഷേപകർ പിന്മാറുകയാണ്.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ സമ്മിശ്ര ചിത്രമാണു നൽകിയത്. ചെമ്പ്, നിക്കൽ, സിങ്ക് തുടങ്ങിയവ താഴ്ന്നപ്പോൾ അലൂമിനിയം, ലെഡ്, ഇരുമ്പയിര് തുടങ്ങിയവ ഉയർന്നു.
ഇന്നലെ രാവിലെ കയറ്റത്തിലായിരുന്ന രൂപ വൈകുന്നേരം താഴോട്ടു പോയി. ഡോളർ 20 പൈസ നേട്ടത്തോടെ 74.04 രൂപയിലെത്തി. ഡോളർ ഇനിയും ഉയരുമെന്നാണു സൂചന. ഡാേളർ സൂചിക 93.7ലെത്തി.

വളർച്ചനിഗമനം ഉയർത്തുന്നു

ഇക്ര, സ്റ്റാൻഡാർഡ് ആൻഡ് പുവർ തുടങ്ങിയ റേറ്റിംഗ് ഏജൻസികൾ ഇക്കൊല്ലത്തെ ജിഡിപി വളർച്ച സംബന്ധിച്ച നിഗമനം ഉയർത്തി. റിസർവ് ബാങ്കിൻ്റെ 9.5 ശതമാനത്തിനടുത്തേക്ക് അവർ എത്തി. ഗവണ്മെൻ്റ് വക്താക്കൾ അതേച്ചൊല്ലി വലിയ ആവേശത്തോടെ പ്രതികരിച്ചു. ഇരട്ടയക്ക വളർച്ച ഇക്കൊല്ലവും അടുത്ത കൊല്ലവും ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാറിൻ്റെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ സഞ്ജീവ് സന്യാൽ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.

പലിശവർധന നേരത്തേ തുടങ്ങും

പലിശ നിരക്കുകൾ പ്രതീക്ഷിച്ചതിലും നേരത്തേ ഉയരും എന്നാണ് ക്രൂഡ് ഓയിൽ - പ്രകൃതി വാതക വിലക്കയറ്റവും കടപ്പത്രങ്ങളിലെ നിക്ഷേപനേട്ട (Yield) ത്തിലെ കുതിപ്പും കാണിക്കുന്നത്. യുഎസിൽ 10 വർഷ സർക്കാർ കടപ്പത്രത്തിൻ്റെ വില 1.544 ശതമാനം നിക്ഷേപനേട്ടം കിട്ടാവുന്ന വിധം താണു.
ഇന്ത്യയിൽ 10 വർഷ കടപ്പത്രത്തിൻ്റെ നിക്ഷേപനേട്ടം 6.23 ശതമാനത്തിലേക്കു കയറി. റിസർവ് ബാങ്ക് വേരിയബിൾ റേറ്റ് റിവേഴ്സ് റീപോ നടത്തുന്നതിലെ കുറഞ്ഞ നിരക്ക് 3.99 ശതമാനം വരെയായി. ഈ മാസമാദ്യം 3.38 ശതമാനമായിരുന്നു. മാർച്ചിനു മുമ്പ് റീപോ, റിവേഴ്സ് റീപോ നിരക്കുകൾ 0.25 ശതമാനം വീതം കൂട്ടുമെന്നാണ് ഇതിൽ നിന്നു നിരീക്ഷകർ കണക്കാക്കുന്നത്.

ഇന്ധനക്ഷാമം, വിലക്കയറ്റം

ക്രൂഡ് ഓയിൽ വില ഡിസംബറോടെ വീപ്പയ്ക്കു തൊണ്ണൂറോ നൂറോ ഡോളർ ആകുമെന്ന് പലരും പ്രവചിച്ചു കഴിഞ്ഞു. പ്രകൃതിവാതക വില ഡിസംബറോടെ നാലിരട്ടിയാകുമെന്ന് സിറ്റി ഗ്രൂപ്പ് പ്രവചിക്കുന്നു. 10 ലക്ഷം യൂണിറ്റിന് 25 ഡോളറിൽ താഴെയാണ് ഇപ്പോൾ വില. യുകെയിൽ പെടോൾ പമ്പുകളിൽ പെട്രാേൾ ഇല്ല. ചൈനയിലെ ഇരുപതു പ്രവിശ്യകളിൽ പവർ കട്ട് പ്രഖ്യാപിച്ചു. വൈദ്യുതി ദൗർലഭ്യം ചൈനീസ് ഫാക്ടറികളുടെ പ്രവർത്തനം മന്ദീഭവിപ്പിച്ചു. മൈക്രോ ചിപ് ക്ഷാമം, കണ്ടെയ്‌നർ ദൗർലഭ്യം തുടങ്ങിയവ വാണിജ്യത്തിലും ഉൽപാദനത്തിലും വരുത്തുന്ന തടസങ്ങൾക്കു പുറമെയാണിത്.
ഇതിൻ്റെയെല്ലാം ഫലം ഒന്നു മാത്രം - വിലക്കയറ്റം. താൽക്കാലികമാണു വിലക്കയറ്റമെന്നും ചരക്കുനീക്കത്തിലെ തടസങ്ങളാണു കാരണമെന്നും വിശദീകരിച്ചാണു കേന്ദ്ര ബാങ്കുകളും സർക്കാരുകളും ഇതുവരെ പ്രശ്നത്തെ സമീപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രശ്നം അതീവ രൂക്ഷമാകാൻ പോകുന്നു. അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡ് ജനുവരിയോടെ പലിശ നിരക്കു കൂട്ടാൻ നിർബന്ധിതമാകുമെന്നാണു പുതിയ നിഗമനം. അതിനു മുൻപേ കടപ്പത്രം വാങ്ങി പണലഭ്യത വർധിപ്പിക്കുന്ന പദ്ധതി ചുരുക്കും.

കിയോസാകി പറഞ്ഞത്

ഉയർന്ന പലിശ ഡോളറിൻ്റെ നിരക്ക് ഉയർത്തും. വികസ്വര രാജ്യങ്ങളിലേക്കു പോയ പണം അമേരിക്കയിലേക്കു തിരിച്ചു ചെല്ലും. വികസ്വര രാജ്യങ്ങളിലെ ഓഹരികൾ ഇടിയും, അവരുടെ കറൻസികൾ ദുർബലമാകും. ഇത് അമേരിക്കയടക്കം വികസിത രാജ്യങ്ങളിലെ വിപണികളെയും ഉലയ്ക്കും. ഈ ആശങ്കകളെല്ലാം ചേർന്നാണ് കിയോസാകി പറഞ്ഞ വമ്പൻ തകർച്ച വരുന്നത്.
This section is powered by Muthoot Finance



Tags:    

Similar News