വീണ്ടും കുതിപ്പിനു വിപണി; വിദേശികൾ നിലപാട് മാറ്റുമോ? ക്രൂഡ് വീണ്ടും കയറുന്നു; ചൈനയുടെ നയംമാറ്റം ഇന്ത്യയെ സഹായിക്കുമോ? ഇൻഫോസിസിനു തിരിച്ചടി

ഇന്ത്യൻ ഓഹരി വിപണി ഇന്നും കുതിച്ചേക്കും കാരണം ഇതാണ്; ചൈനയുടെ നീക്കം ഇന്ത്യയ്ക്ക് തുണയാകുമോ? ഇൻഫോസിസ് വീണ്ടും വിഷമവൃത്തത്തിൽ

Update:2021-08-23 07:44 IST

ആശങ്കകൾ മാറ്റി വച്ച് മുന്നോട്ടു കുതിക്കാൻ ഒരുങ്ങുകയാണു വിപണി. വെള്ളിയാഴ്ച യൂറോപ്യൻ - അമേരിക്കൻ വിപണികൾ തിരിച്ചു കയറിയതും ഇന്നു രാവിലെ അമേരിക്കൻ ഫ്യൂച്ചേഴ്സ് ഉയർന്നു നിൽക്കുന്നതും നൽകുന്ന സൂചന മറ്റൊന്നല്ല. സിംഗപ്പുരിലെ എസ്ജി എക്സ് നിഫ്റ്റി തിരിച്ചു കയറിയത് ഇന്നു വിപണി വീണ്ടും ഉയർച്ചയിലാകും എന്നു കാണിക്കുന്നു.

അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡ് (ഫെഡറൽ റിസർവ് ബോർഡ്) കടപ്പത്രം വാങ്ങി വിപണിയിൽ പണലഭ്യത കൂട്ടുന്നത് ഈ വർഷാവസാനം കുറച്ചു തുടങ്ങുമെന്ന ആശങ്കയാണു കഴിഞ്ഞയാഴ്ച മിക്ക ദിവസങ്ങളിലും വിപണിയെ താഴോട്ടു വലിച്ചത്. ആ ആശങ്ക പൂർണമായ മാറിയിട്ടില്ല. എന്നാൽ അതേച്ചൊല്ലി ഇപ്പോൾ കൂടുതൽ ആകുലപ്പെടേണ്ടതില്ല എന്ന നിലപാടിലേക്കു വോൾ സ്ട്രീറ്റ് നീങ്ങി. ഇന്നു രാവിലെ ഏഷ്യൻ വിപണികളും അതേ ചിന്താഗതിയിലാണ്. ഇന്ത്യൻ വിപണിയും ആ സമീപനത്തിലേക്കു മാറും.
കഴിഞ്ഞയാഴ്ച വലിയ വിലത്തകർച്ച കണ്ട വ്യാവസായിക ലോഹങ്ങളും ക്രൂഡ് ഓയിലും ഈയാഴ്ച പിടിച്ചു നിൽക്കുമെന്നാണു സൂചന. ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ തോതിൽ ഉയർന്നിരുന്നു. പെട്രോളിയം ഇന്നു രാവിലെ ഉണർവിലാണ്.

ബാങ്കുകൾ വലിച്ചു താഴ്ത്തി

വെള്ളിയാഴ്ച സെൻസെക്സ് 300.17 പോയിൻറ് താണ് 55,329.32 ലാണു ക്ലോസ് ചെയ്തത്. നിഫ്റ്റി 118.35 പോയിൻ്റ് താണ് 16,450.5ൽ വ്യാപാരം അവസാനിപ്പിച്ചു.ബാങ്ക്, ധനകാര്യ ഓഹരികളിലായിരുന്നു വലിയ താഴ്ച. ബാങ്ക് നിഫ്റ്റിയിൽ 520.65 പോയിൻ്റ് (1.46 ശതമാനം) ഇടിവുണ്ടായി.

വിദേശികൾ വിറ്റൊഴിഞ്ഞു

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വൻതോതിൽ വിൽപന നടത്തി.2287.03 കോടി രൂപയാണ് അവർ ഓഹരികളിൽ നിന്നു പിൻവലിച്ചത്. സ്വദേശി ഫണ്ടുകൾ 119.3 കോടി രൂപയേ നിക്ഷേപിച്ചുള്ളു. വെള്ളിയാഴ്ചത്തെ വ്യാപാരത്തോടെ വിദേശികൾ ഓഗസ്റ്റിൽ പിൻവലിച്ച നിക്ഷേപം 819 കോടി രൂപയായി. എന്നാൽ വിദേശികൾ ഈയാഴ്ച നിലപാട് മാറ്റുമെന്നു പലരും പ്രതീക്ഷിക്കുന്നു.
യൂറോപ്യൻ സൂചികകൾ വെള്ളിയാഴ്ച അൽപം ഉയർന്നെങ്കിലും പ്രതിവാര നഷ്ടം നികത്താനായില്ല. അമേരിക്കൻ വിപണി തരക്കേടില്ലാത്ത ഉയർച്ച കാഴ്ചവച്ചു. ഡൗ ജോൺസ് വീണ്ടും 35,000 നു മുകളിലെത്തി. ഇന്നു രാവിലെ ഏഷ്യൻ വിപണികൾ നല്ല നേട്ടത്തിലാണ്. ജപ്പാനിലെ നിക്കൈ തുടക്കത്തിൽ തന്നെ ഒരു ശതമാനത്തിലേറെ ഉയർന്നു.

ചെറുതിൽ വലിയ തകർച്ച

മുഖ്യസൂചികകളെ അപേക്ഷിച്ച് കൂടുതൽ ആഴത്തിലായിരുന്നു വെള്ളിയാഴ്ച വിശാല വിപണിയുടെ ഇടിവ്. മിഡ് ക്യാപ് സൂചിക 1.99 ശതമാനവും സ്മോൾ ക്യാപ്സൂചിക 2.16 ശതമാനവും ഇടിഞ്ഞു. ഓഗസ്റ്റ് നാലിന് റിക്കാർഡ് ഉയരത്തിൽ എത്തിയ ശേഷം മിഡ്- സ്മോൾ ക്യാപ് സൂചികകൾ താഴോട്ടായിരുന്നു. സെൻസെക്സ് ഓഗസ്റ്റ് 18 വരെ കയറ്റത്തിലായിരുന്നു. വലിയ ഓഹരികളെ അപേക്ഷിച്ച് കൂടുതൽ ആഴത്തിലുള്ള തിരുത്തൽ മിഡ്- സ്മോൾ ക്യാപ് ഓഹരികളിൽ നടക്കുന്നു എന്നാണ് ഓഹരി വിശകലനക്കാർ പറയുന്നത്. 2020 മാർച്ചിലെ ആഴങ്ങളിൽ നിന്ന് മുഖ്യ സൂചികകളേക്കാൾ വേഗത്തിൽ തിരിച്ചു കയറിയതാണ് ഇവ. സ്മോൾ ക്യാപ് സൂചിക 2020 മാർച്ചിനും ഈ ഓഗസ്റ്റ് നാലിനുമിടയിൽ 208 ശതമാനം കയറി. മിഡ് ക്യാപ് സൂചികയിലെ വർധന 142 ശതമാനമായിരുന്നു. സെൻസെക്സ് 85 ശതമാനം മാത്രം വർധിച്ചപ്പോഴാണിത്.

ഡെറിവേറ്റീവിൽ തിരിച്ചു കയറ്റം

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ശനിയാഴ്ച 16,557 ലേക്ക് ഉയർന്നു. വെള്ളിയാഴ്ചത്തെ നിലയിൽ നിന്ന് 110 പോയിൻ്റ് മുകളിലാണിത്. ഇന്നു രാവിലെ വീണ്ടും ഉയർന്ന് 16,585 ലാണു വ്യാപാരം തുടങ്ങിയത്. ഇന്ത്യൻ വിപണി നല്ല കുതിപ്പോടെ വ്യാപാരം തുടങ്ങുമെന്നാണ് ഇതിലെ സൂചന.
ഇന്നു നിഫ്റ്റി 16,375 നു താഴെപ്പോയാൽ വിപണി തിരുത്തലിലേക്കു മാറുമെന്നാണ് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 16,160-16,200 മേഖലയിലേക്കു താഴാൻ അതു കാരണമാകും. 16,350-ലെ സപ്പോർട്ട് നില നിർത്തി മുന്നോട്ടു നീങ്ങിയാൽ 16,500-16,700 മേഖലയിലേക്കു കയറാം.

ലോഹങ്ങളുടെ ഗതി മാറുമോ?

വ്യാവസായിക ലോഹങ്ങൾ വെള്ളിയാഴ്ച ചെറിയ തോതിൽ ഉയർന്നു. മുൻ ദിവസങ്ങളിലെ താഴ്ച കൂടിപ്പോയെന്ന നിഗമനമാണു വിപണിയുടേത്. കോവിഡിൻ്റെ പുതിയ വകഭേദങ്ങൾ വാക്സീനെ മറികടക്കുന്നു എന്നാണു റിപ്പോർട്ട്. പക്ഷേ സാമ്പത്തിക പ്രവർത്തനങ്ങൾ തടസപ്പെടാതെ കോവിഡ് പ്രതിരോധം നടപ്പാകുമെന്നാണു വിപണിയുടെ വിലയിരുത്തൽ. ചെമ്പ്, അലൂമിനിയം, ടിൻ തുടങ്ങിയവയുടെ വില അര ശതമാനത്തോളം ഉയർന്നു.
ഡോളർ സൂചിക ഉയർന്നു തന്നെ തുടരുന്നു. സ്വർണത്തിൻ്റെ ഉയർച്ചയ്ക്കു തടസം ഡോളർ ആണെന്നാണു സ്വർണ ബുള്ളുകൾ കരുതുന്നത്. സ്വർണം ഇന്നു രാവിലെ ഔൺസിന് 1777-1780 ഡോളർ മേഖലയിലാണ്.
ക്രൂഡ് ഓയിൽ വെള്ളിയാഴ്ചയും താണു. അതാേടെ ഒരാഴ്ചയിലെ നഷ്ടം എട്ടു ശതമാനമായി. ഇന്നു രാവിലെ ക്രൂഡ് തിരിച്ചുകയറുന്നതിൻ്റെ സൂചന പ്രകടമായി. ബ്രെൻ്റ് ഇനം വില ഒരു ശതമാനത്തോളം ഉയർന്ന് 65.8 ഡോളറായി.

ചൈനയിൽ നിന്നു പിന്മാറ്റം

ചൈന സമ്പന്ന വിഭാഗത്തിനു നികുതി വർധിപ്പിക്കുമെന്നു മുന്നറിയിപ്പ് നൽകി. ടെക്നോളജി കമ്പനികൾക്കു മൂക്കുകയറിട്ട ഭരണകൂടം ഇപ്പോൾ മറ്റു വ്യവസായങ്ങൾക്കും നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. കൂടുതൽ യാഥാസ്ഥിതിക കമ്യൂണിസത്തിലേക്കു മടങ്ങുകയാണ് ചൈന. ചൈനയിലെ നിക്ഷേപങ്ങൾ പിൻവലിക്കാൻ വിദേശികൾ തിടുക്കം കൂട്ടിത്തുടങ്ങി. ഇത് ഇന്ത്യയെ നിക്ഷേപ ലക്ഷ്യമായി കാണാൻ കുറേ ഫണ്ടുകളെ പ്രേരിപ്പിക്കാം.

ഇൻഫോസിസ് വിശദീകരിക്കണം

ആദായ നികുതി വകുപ്പിൻ്റെ ഇ ഫയലിംഗ് പോർട്ടൽ ആഴ്ചകളായി തകരാറിലായത് പോർട്ടൽ തയാറാക്കിയ ഇൻഫോസിസ് ടെക്നോളജീസിനു തിരിച്ചടിയായി. കമ്പനി സാരഥി സലിൽ പരേഖിനാേട് ഇന്നു ഹാജരായി വിശദീകരണം നൽകാൻ ധനമന്ത്രി നിർദേശിച്ചു. മുമ്പ് ഇൻഫോസിസ് തയാറാക്കിയ ജിഎസ്ടി നെറ്റ് വർക്ക് ഏറെക്കാലം കൊണ്ടാണു പ്രശ്നങ്ങളിൽ നിന്നു കരകയറിയത്.


This section is powered by Muthoot Finance

https://dhanamonline.com/investment/stock-market-analysis-by-tc-mathew-august-02-2021-969338

Tags:    

Similar News