നിക്ഷേപകർ ആവേശത്തിൽ; ക്ലാേസിംഗിൽ റിക്കാർഡ്; ക്രൂഡും ലോഹങ്ങളും വിലക്കയറ്റം കൂട്ടുമോ? കാലവർഷം ചതിക്കുമെന്നു മുന്നറിയിപ്പ്; ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകും
ഇന്ന് ഓഹരി വിപണിയെ സമ്മർദ്ദത്തിലാക്കുന്ന രണ്ട് കാര്യങ്ങൾ ഏതൊക്കെ? കാലവർഷം ചതിച്ചാൽ എന്ത് സംഭവിക്കും? ഐ പി ഒ കളുടെ തിളക്കം കുറയാൻ കാരണം
നിക്ഷേപകർ ആവേശത്തിമിർപ്പിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ക്യാഷ് വിപണിയിൽ തുടർച്ചയായി നടത്തുന്ന വിൽപനയൊന്നും നിക്ഷേപകരുടെ ഉത്സാഹത്തിനു കുറവു വരുത്തുന്നില്ല. നേരിട്ടും മ്യൂച്വൽ ഫണ്ടുകൾ വഴിയും അവർ വിപണിയിലേക്കു പണമൊഴുക്കുന്നു.
ഈ കഥ ഇന്ത്യയിൽ മാത്രമല്ല. മറ്റു രാജ്യങ്ങളിലും ഇതു തന്നെ നില. ഇന്നലെ മുഖ്യ ഇന്ത്യൻ സൂചികകൾ റിക്കാർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. യൂറോപ്പിലെ മിക്ക സൂചികകളും റിക്കാർഡിലോ തൊട്ടടുത്തോ എത്തി. അമേരിക്കയിൽ ഡൗ ജോൺസും എസ് ആൻഡ് പിയും നാസ്ഡാകും റിക്കാർഡ് ഉയരത്തിലാണു ക്ലോസ് ചെയ്തത്.
തിളങ്ങുന്ന നേട്ടം
ഇന്നലെ തുടക്കത്തിൽ ചാഞ്ചാടിയെങ്കിലും ഇന്ത്യൻ വിപണി തിളങ്ങുന്ന നേട്ടത്തോടെയാണു ക്ലോസ് ചെയ്തത്. സെൻസെക്സ് 403.19 പോയിൻ്റ് ( 0.73 ശതമാനം) കയറി 55,958.98ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 128.15 പോയിൻ്റ് (0.78 ശതമാനം) ഉയർന്ന് 16,624.6 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, ധനകാര്യ, മെറ്റൽ കമ്പനികളാണു വിപണിക്കു കരുത്തായത്. ബാങ്ക് സൂചിക 1.67 ശതമാനം ഉയർന്നു. മ്യൂച്വൽ ഫണ്ട് ബിസിനസിൽ പ്രവേശിക്കാൻ അംഗീകാരം ലഭിച്ച ബജാജ് ഫിൻസെർവ് ഇന്നലെ എട്ടു ശതമാനമാണു കുതിച്ചത്. ഐടി ഓഹരികൾ ഇന്നലെ ലാഭമെടുക്കലിൽ അൽപം താണു.
കുറച്ചു ദിവസങ്ങൾക്കു ശേഷം സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ ഇന്നലെ നല്ല നേട്ടമുണ്ടാക്കി. സ്മോൾ ക്യാപ് സൂചിക 1.69 ശതമാനവും മിഡ് ക്യാപ് സൂചിക 1.52 ശതമാനവും ഉയർന്നു.
ഇന്നും വിപണി മുന്നോട്ടു കുതിക്കുമെന്ന് ബ്രോക്കറേജുകൾ കരുതുന്നു. ഉയർന്ന നിലവാരത്തിൽ ലാഭമെടുക്കാനായി വിൽക്കുന്നവരുടെ സമ്മർദവും വിപണിയിലുണ്ടാകും. ഓഗസ്റ്റ് സീരീസ് ഡെറിവേറ്റീവുകളുടെ സെറ്റിൽമെൻ്റ് നാളെ ആണെന്നതും വിപണിക്കു സമ്മർദമേറ്റും.
യൂറോപ്പ് ചെറിയ നേട്ടത്തിലും അമേരിക്ക നല്ല നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. രാവിലെ ഏഷ്യൻ വിപണികളും ആവേശത്തോടെയാണു തുടങ്ങിയത്. ജപ്പാനിലെ നിക്കെെ തുടക്കത്തിൽ അര ശതമാനത്തോളം കയറി.
എസ്ജിഎക്സ് നിഫ്റ്റി ഉയരത്തിൽ
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ ഇന്നലെ എസ്ജിഎക്സ് നിഫ്റ്റി 16,715 ലാണു ക്ലോസ് ചെയ്തത്. ഇന്നു രാവിലെയും ഉയർന്നു നിൽക്കുന്നത് ഇന്ത്യൻ വ്യാപാരത്തുടക്കം കയറ്റത്തോടെയാകുമെന്നു സൂചിപ്പിക്കുന്നു.
നിഫ്റ്റി 16,700 കടന്നാൽ ഇപ്പോഴത്തെ കുതിപ്പ് 17,000-നു മുകളിലേക്കു നയിക്കുമെന്നാണു സാങ്കേതിക വിശകലന വിദഗ്ധർ പറയന്നത്.16,530-ലും 16,450 ലും സപ്പോർട്ട് കാണുന്നു. ഉയരങ്ങളിൽ 16,680-ലും 16,740 ലും തടസങ്ങൾ ഉണ്ട്.
വിദേശികൾ ചെയ്യുന്നത്
വിദേശ നിക്ഷേപകർ ഇന്നലെയും ക്യാഷ് വിപണിയിൽ വിൽപനക്കാരായിരുന്നു. 1644.91 കോടിയുടെ ഓഹരികൾ ഇന്നലെ വിറ്റു. ഇതോടെ ഈ മാസം ഇതു വരെ വിദേശികളുടെ നിക്ഷേപത്തിൽ 3827 കോടി രൂപ പിൻവലിച്ചു. കഴിഞ്ഞ ആറു വ്യാപാര ദിനങ്ങളിൽ തുടർച്ചയായി അവർ വിൽപനക്കാരായി. എന്നാൽ ഫ്യൂച്ചേഴ്സിലും ഇൻഡെക്സ് ഓപ്ഷൻസിലും അവർ വലിയ തോതിൽ പണമിറക്കുന്നുണ്ട്.
സ്വദേശി ഫണ്ടുകൾ ഇന്നലെ 2380.05 കോടിയുടെ ഓഹരികൾ വാങ്ങി.
ക്രൂഡ് 70 ഡോളറിനു മുകളിൽ
ഓഹരി വിപണിയിലെ ഉത്സാഹം ഉൽപന്ന വിപണിയിലേക്കും വ്യാപിച്ചു. വ്യാവസായിക ലോഹങ്ങളും ക്രൂഡ് ഓയിലും വലിയ കുതിപ്പിലാണ്. ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില ഒറ്റ ദിവസം കൊണ്ടു മൂന്നര ശതമാനം ഉയർന്നു. വീപ്പയ്ക്ക് 71.2 ഡോളറാണ് ബ്രെൻ്റ് ഇനത്തിൻ്റെ വില ഇന്നു രാവിലെ.
ചെമ്പ്, അലൂമിനിയം, ഇരുമ്പയിര്, നിക്കൽ തുടങ്ങിയവയ്ക്കെല്ലാം വില ഇന്നലെയും വർധിച്ചു. ഏതാനുമാഴ്ച മുമ്പത്തെ റിക്കാർഡ് നിലവാരത്തിലേക്കു ലോഹങ്ങൾ വീണ്ടും കയറുമെന്നാണു സൂചന.
സ്വർണം ഇന്നലെ ചെറിയ മേഖലയിൽ കയറിയിറങ്ങി. 1800-1810 ഡോളർ മേഖലയിലായിരുന്ന സ്വർണം ഇന്നു രാവിലെ 1801-1802 ഡാേളറിലാണ്.
പലിശക്കാര്യത്തിലേക്കു ശ്രദ്ധ
കൂടുതൽ വാക്സീനുകൾക്ക് അംഗീകാരമായതോടെ കോവിഡിനെച്ചൊല്ലിയുള്ള ആശങ്കകൾ കുറയുന്നതാണു ക്രൂഡ് ഓയിലിൻ്റെയും വ്യാവസായിക ലോഹങ്ങളുടെയും വിലക്കയറ്റത്തിനു കാരണം. ഇതു തുടർന്നാൽ വിലക്കയറ്റത്തെപ്പറ്റിയുള്ള ആശങ്കകളാകും വിപണിയിൽ ഉയരുക. ഈ വാരാന്ത്യത്തിൽ അമേരിക്കയിലെ ജാക്സൺ ഹാേളിൽ കേന്ദ്ര ബാങ്ക് മേധാവികളുടെ വാർഷിക സമ്മേളനത്തിൽ ഫെഡ് ചെയർമാനും മറ്റും വിലയെയും പലിശയെയും പറ്റി എന്തു പറയും എന്നാണു വിപണികൾ ശ്രദ്ധിക്കുക.
കാലവർഷം ചതിക്കുമെന്ന് സൂചന; റാബി കൃഷി കുറഞ്ഞേക്കും
ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം ഇത്തവണ കുറവു മഴയേ നൽകൂ എന്നു വ്യക്തമായി. ഇതു വരെ മഴ ഒൻപതു ശതമാനം കുറവാണ്. സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജൻസി സ്‌കെെമെറ്റ് പറയുന്നത് ജൂൺ - സെപ്റ്റംബർ മഴ ദീർഘകാല ശരാശരിയുടെ 94 ശതമാനമേ വരൂ എന്നാണ്. ഇത്തവണ 103 ശതമാനം കിട്ടുമെന്നാണ് അവർ നേരത്തേ പ്രവചിച്ചിരുന്നത്.
ദീർഘകാല ശരാശരിയോളം മഴ കിട്ടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) പ്രവചനം. അവർ പുതിയ വിലയിരുത്തൽ പുറത്തുവിട്ടിട്ടില്ല.
ഗുജറാത്ത്, രാജസ്ഥാൻ, ഒഡീഷ, കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മഴക്കുറവ് വളരെ കൂടുതലായിരിക്കും എന്നാണു സ്കൈമെറ്റ് പറയുന്നത്. കേരളത്തിൽ ഇതുവരെ 28 ശതമാനം കുറവാണുള്ളത്.
രാജ്യത്തെ ഖാരിഫ് (ഒന്നാംവിള) കൃഷിയിറക്ക് കഴിഞ്ഞ വർഷത്തെ തോതിൽ എത്തിക്കഴിഞ്ഞു. എന്നാൽ മഴക്കുറവ് ഗുജറാത്തിലും രാജസ്ഥാനിലും നിലക്കടല, പയറുവർഗങ്ങൾ, പരുക്കൻ ധാന്യങ്ങൾ തുടങ്ങിയവയുടെ ഉൽപാദനത്തെ ബാധിക്കാം. കാലവർഷമഴ കുറയുന്നത് ഡാമുകളിലെ ജലസംഭരണത്തിൽ കുറവു വരുത്തിയാൽ റാബി (രണ്ടാം വിള) കൃഷിയിറക്ക് കുറയും. കാർഷികോൽപന്നങ്ങളുടെ വിലക്കയറ്റം വർധിക്കാൻ അതു കാരണമാകും.
ജിഡിപി വളർച്ച പ്രതീക്ഷ താഴ്ത്തി എസ്ബിഐ
ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 18.5 ശതമാനമായിരിക്കുമെന്നു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച് റിപ്പോർട്ട്. റിസർവ് ബാങ്കിൻ്റെ പ്രതീക്ഷയായ 21.4 ശതമാനത്തിലും വളരെ കുറവാണിത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജിഡിപി 24.4 ശതമാനം ചുരുങ്ങിയതാണ്. ഇത്തവണ 32 ശതമാനം വളർച്ച ഉണ്ടായാലേ 2019 ഏപ്രിൽ-ജൂണിലെ തോതിലേക്കു ജിഡിപി വരൂ. വളർച്ച 18.5 ശതമാനമായാൽ 2019ലെ നിലയുടെ 89.6 ശതമാനം ജിഡിപിയേ ഉണ്ടാകൂ. ഈ വർഷം ജനുവരി-മാർച്ചിലെ ജിഡിപിയെ അപേക്ഷിച്ചു 17 ശതമാനം കുറവാകും ഏപ്രിൽ - ജൂണിലെ ജിഡിപി എന്നും ഈ നിഗമനം ഓർമിപ്പിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തിൻ്റെ ആഘാതം ചെറുതായിരുന്നില്ല എന്നു വ്യക്തം. ഈ മാസാവസാനമാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) ഒന്നാം പാദ വളർച്ചയുടെ പ്രാരംഭ കണക്ക് പുറത്തു വിടുക.
ഐപിഒകളിൽ തിരിച്ചടി
ഐപിഒ ആവേശത്തിന് തിരിച്ചടിയാണ് ഈ മാസം. ഓഗസ്റ്റിൽ ലിസ്റ്റ് ചെയ്ത എട്ടു കമ്പനികളിൽ അഞ്ചും ഇഷ്യു വിലയേക്കാൾ താഴ്ത്തിയാണു വ്യാപാരം തുടങ്ങിയത്. അവ വീണ്ടും താഴുകയും ചെയ്തു.
നല്ല ഉയരത്തിൽ ലിസ്റ്റ് ചെയ്ത സൊമാറ്റോ ഓഹരി വില കഴിഞ്ഞ രണ്ടു ദിവസം കൊണ്ടു 15 ശതമാനം ഇടിഞ്ഞു. മുഖ്യ നിക്ഷേപകരുടെ ഓഹരി വിൽപ്പനയ്ക്കുള്ള വിലക്കു കാലാവധി കഴിഞ്ഞതാണു കാരണം. കാലാവധി കഴിയുന്നതോടെ ലാഭമെടുത്തു പിന്മാറാനാണു പല വലിയ നിക്ഷേപകരും ഒരുങ്ങുന്നത്.
This section is powered by Muthoot Finance