ലാഭമെടുക്കൽ വിപണിയെ ഉലയ്ക്കുമോ? ജിഡിപി കണക്കിൽ കണ്ണുനട്ട് വിപണി; മൊബൈൽ നിരക്കും വാഹന വിലയും കൂടും
നിഫ്റ്റി ആ കടമ്പ ചാടിക്കടക്കുമോ? സുനിൽ മിത്തൽ പറയാതെ പറയുന്നത് എന്ത്? മാരുതി വില കൂട്ടുമ്പോൾ എന്ത് സംഭവിക്കും?
ഉയരങ്ങളിൽ ലാഭമെടുക്കലിനുള്ള തിടുക്കം ഇന്നു വിപണിയെ ഉലച്ചേക്കാം. കുതിപ്പ് തുടരാൻ തക്ക പുതിയ ഉത്തേജകങ്ങൾ ഉണ്ടായിട്ടുമില്ല. പാശ്ചാത്യ വിപണികളിൽ നിന്നുള്ള സൂചനകളും പാർശ്വ നീക്കത്തിനുള്ളതാണ്. അമേരിക്കയിൽ മുഖ്യസൂചികയായ ഡൗ ജോൺസ് തിങ്കളാഴ്ച നേരിയ തോതിൽ താഴുകയായിരുന്നു. രാവിലെ ഏഷ്യൻ ഓഹരികൾ താഴ്ചയിലാണ്.
ഇന്ത്യൻ വിപണിയുടെ തിങ്കളാഴ്ചത്തെ കുതിപ്പ് നിക്ഷേപക സമ്പത്ത് 3.58 ലക്ഷം കോടി രൂപ വർധിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 247.32 ലക്ഷം കോടി രൂപയായി ഉയർന്നു. മൂന്നു ദിവസം കൊണ്ട് ബിഎസ്ഇ വിപണിമൂല്യം 5.76 ലക്ഷം കോടി രൂപ വർധിച്ചിട്ടുണ്ട്.
സെൻസെക്സ് 765.04 പോയിൻ്റ് (1.36 ശതമാനം) ഉയർന്ന് 56,889.76-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 225.85 പോയിൻ്റ് (1.35 ശതമാനം) കയറി 16,931.05ൽ ക്ലോസ് ചെയ്തു. ഐടി ഒഴികെ എല്ലാ ബിസിനസ് മേഖലകളിലും ഓഹരികൾ ഉയർന്നു. മെറ്റൽ സൂചിക 2.47 ശതമാനം നേട്ടമുണ്ടാക്കി. മിഡ് ക്യാപ്സൂചിക 1.94 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.53 ശതമാനവും ഉയർന്നു.
ഇന്നലെ വിപണിയുടെ തുടക്കം തന്നെ അര ശതമാനത്തോളം ഉയർച്ചയോടെയായിരുന്നു. പിന്നീട് ക്രമമായി ഉയർന്നു. ഇടയ്ക്കു സെൻസെക്സ് 56,958.27 വരെയും നിഫ്റ്റി 16,951.5 വരെയും എത്തിയിരുന്നു.
17,000 കടക്കുമോ?
നിഫ്റ്റി 17,000 കടക്കുന്നതിന് എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടെങ്കിലും വിൽപന സമ്മർദത്തെ അതിജീവിച്ച് അങ്ങോട്ടെത്താൻ ഇന്നു കഴിയുമോ എന്നതു സംശയകരമാണ്. ലാഭമെടുക്കലിനു ശേഷം ഇന്നു 16,720-നു മുകളിൽ ക്ലോസ് ചെയ്യാനായാൽ ഇപ്പോഴത്തെ മുന്നേറ്റം തുടരാനാകും എന്നാണു സാങ്കേതിക വിശകലനക്കാർ ചൂണ്ടിക്കാട്ടുന്നത്. മറിച്ചായാൽ 16,565 വരെയുള്ള ഹ്രസ്വകാലപതനം പ്രതീക്ഷിക്കാം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 16,927.5 ലാണു ക്ലാേസ് ചെയ്തത്. ഇന്നു രാവിലെ വീണ്ടും താഴ്ന്നാണു വ്യാപാരം. ലാഭമെടുക്കാനായുള്ള വിൽപന സമ്മർദം ഉണ്ടാകുമെന്നു ഡെറിവേറ്റീവ് വിപണി കരുതുന്നു.
വിദേശികൾ വാങ്ങലുകാരായി
വിദേശ നിക്ഷേപകർ ഇന്നലെ 1202.81 കോടി രൂപയുടെ ഓഹരികൾ ക്യാഷ് സെക്ഷനിൽ വാങ്ങി. തുടർച്ചയായി ഒൻപതു വ്യാപാര ദിവസങ്ങളിൽ വിൽപനക്കാരായതിനു ശേഷമാണ് ഈ വാങ്ങൽ. സ്വദേശി ഫണ്ടുകൾ ഇന്നലെ 688.85 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു.
സ്വർണവില വീണ്ടും താണു. ഇന്നലെ 1807-1818 ഡോളർ മേഖലയിൽ കയറിയിറങ്ങിയ സ്വർണം ഇന്നു രാവിലെ 1813 ഡോളറിലാണ്.
ഡോളർ ഇന്നലെയും താണു. 40 പൈസ കുറഞ്ഞ് 73.29 രൂപയായി. രണ്ടു ദിവസം കൊണ്ടു ഡോളർ നിരക്ക് ഒരു രൂപയോളം താഴ്ന്നു.
ക്രൂഡ് ഉയരുന്നു
ക്രൂഡ് ഓയിൽ കയറ്റം തുടർന്നു. ബ്രെൻ്റ് ഇനം വീപ്പയക്ക് 73.41 ഡാേളറിലെത്തി. പിന്നീട് അൽപം താണു. നാളെ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക് ) യോഗം ചേരുന്നുണ്ട്. ഉൽപാദന കാര്യത്തിൽ കഴിഞ്ഞ മാസം അംഗീകരിച്ച ധാരണയിൽ മാറ്റം വരുത്താൻ നീക്കമില്ല.
വ്യാവസായിക ലോഹങ്ങളുടെ വില ഉണർവിലാണ്. ഒന്നര ലക്ഷം ടൺ ലോഹങ്ങൾ ഇന്നു ലേലം ചെയ്യുമെന്ന ചൈനീസ് പ്രഖ്യാപനം വിലകൾ താഴ്ത്തിയില്ല.
കുത്തക വന്നാൽ ഇങ്ങനെ; എയർടെൽ നിരക്ക് കുത്തനെ കൂട്ടുന്നു
ടെലികോം നിരക്ക് വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ മേധാവി സുനിൽ ഭാരതി മിത്തൽ പറഞ്ഞതിനെ വിപണി സ്വാഗതം ചെയ്തു. എയർടെൽ ഓഹരി വില 4.44 ശതമാനം ഉയർന്നു.
ശരാശരി ഒരു വരിക്കാരനിൽ നിന്ന് മാസം 146 രൂപ ലഭിക്കുന്നത് (എആർപിയു) അടുത്ത മാർച്ചോടെ 200 രൂപയായി വർധിപ്പിക്കുകയാണു ലക്ഷ്യം. പിന്നീടു 300 രൂപയിലേക്ക് ഉയർത്തുമെന്നും മിത്തൽ സൂചിപ്പിച്ചു. ഈയിടെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ 49 രൂപയിൽ നിന്ന് 79 രൂപയായി വർധിപ്പിച്ചിരുന്നു. ഇതു 99 രൂപയാക്കുമെന്നാണു മിത്തൽ പറയുന്നത്.
റിലയൻസ് ജിയോ വന്നതോടെ നിരക്കു കൂട്ടാൻ കമ്പനികൾ മടിച്ചിരുന്നു. എന്നാൽ ഇനിയും അങ്ങനെ ഭയന്നു നീങ്ങാൻ പറ്റില്ലെന്നാണു മിത്തലിൻ്റെ നിലപാട്. ദുർബലമായ വോഡഫോൺ ഐഡിയ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സമയമാണു നിരക്കു വർധനയ്ക്കു നല്ലതെന്ന് മിത്തൽ കരുതുന്നു. റിലയൻസും നിരക്കു കൂട്ടാനുള്ള ഒരുക്കത്തിലാണെന്നാണു സൂചന.
ടെലികോമിലെ മത്സരത്തിൻ്റെ കാലം അവസാനിച്ചെന്നും ഇനി രണ്ടു വമ്പന്മാർ വിപണി പങ്കിട്ടെടുക്കുമെന്നുമാണ് ഇതിലൂടെ മിത്തൽ പറയാതെ പറയുന്നത്.
എയർടെൽ അവകാശ ഇഷ്യു വഴി 21,000 കോടി രൂപ സമാഹരിക്കുന്നത് 5 ജി സ്പെക്ട്രത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സഹായിക്കും.
മാരുതി വില കൂട്ടുന്നു; മറ്റു കമ്പനികളും കൂട്ടും
മാരുതി വാഹനങ്ങളുടെ വില നാളെ വർധിപ്പിക്കും.ജനുവരിയിലും ഏപ്രിലിലും വില വർധിപ്പിച്ചിരുന്നതാണ്. ജൂലൈയിൽ സിഎൻജി വാഹനങ്ങൾക്കും വില കൂട്ടിയിരുന്നു. സ്റ്റീൽ, ചെമ്പ്, അലൂമിനിയം തുടങ്ങിയ ലോഹങ്ങളുടെയും ഘടകപദാർഥങ്ങളുടെയും വില വർധനയുടെ പശ്ചാത്തലത്തിലാണ് ഈ വർധന. കഴിഞ്ഞ രണ്ടു തവണയെ അപേക്ഷിച്ച് കൂടുതൽ വലിയ വില കൂട്ടൽ ഇത്തവണ പ്രതീക്ഷിക്കാം. മാരുതി ഓഹരിവില ഇന്നലെ 2.9 ശതമാനം കയറിയത് ഇതിൻ്റെ പശ്ചാത്തലത്തിലാണ്.
മാരുതിക്കു പിന്നലെ മറ്റു കമ്പനികളും വില വർധിപ്പിക്കുമെന്നാണു സൂചന. സെമികണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യം മൂലം വാഹന നിർമാണം ഗണ്യമായി കുറച്ച സമയത്താണു വില വർധന. ഉത്സവ സീസണിൽ ബംപർ വിൽപന പ്രതീക്ഷിച്ചത് ചിപ്പ് ക്ഷാമം മൂലം നടക്കാനിടയില്ല.
സ്റ്റീൽ വില ടണ്ണിന് 38,000 രൂപയിൽ നിന് 65,000 ആയി, ചെമ്പുവില 5200 ഡോളറിൽ നിന്ന് 10,200 ഡോളറിലേക്കു കയറി എന്നൊക്കെയുള്ള കണക്കുകൾ മാരുതി അധികൃതർ പുറത്തുവിട്ടു. ചെറിയ അളവിൽ ആവശ്യമുള്ള റോഡിയം എന്നലോഹത്തിൻ്റെ വില 18,000 രൂപയിൽ നിന്ന് 64,000 രൂപയായി.
ജിഡിപി ഇന്നറിയാം
ഇന്നു വൈകുന്നേരം ഏപ്രിൽ - ജൂൺ പാദത്തിലെ ജിഡിപി (മൊത്ത ആഭ്യന്തര ഉൽപന്നം) കണക്ക് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പുറത്തുവിടും. 20 ശതമാനം വളർച്ചയെങ്കിലും ഇല്ലെന്നു വന്നാൽ നാളെ വിപണി പ്രതികൂലമായി പ്രതികരിക്കും. റിസർവ് ബാങ്കിൻ്റെ നിഗമനം 21.4 ശതമാനം വളർച്ചയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18.5 ശതമാനമാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ മൂലം 24.4 ശതമാനം ഇടിവുണ്ടായിരുന്നു. ഇത്തവണ 20 ശതമാനം വളർന്നാൽ പോലും രണ്ടു വർഷം മുൻപത്തേതിലും കുറവാകും ജിഡിപി.
എട്ടു കാതൽ വ്യവസായങ്ങളുടെ ജൂലൈയിലെ വളർച്ചയുടെയും ജൂലൈയിലെ ധനകമ്മിയുടെയും കണക്കുകളും ഇന്നു വൈകുന്നേരം വരും. എല്ലാം വ്യാപാര സമയം കഴിഞ്ഞാണു പുറത്തു വിടുക.
This section is powered by Muthoot Finance