ആഗോള സൂചനകൾ ദുർബലം; തിരുത്തൽ ശക്തമാകുമെന്ന് ധാരണ; സെപ്റ്റംബറിൻ്റെ ക്ഷീണം ഒക്ടോബർ തീർക്കുമോ? സെപ്റ്റംബറിലെ വ്യവസായ ഉത്പാദനം മോശമാകും; വിദേശികൾ വിൽപന തുടരുന്നു

ഓഹരി നിക്ഷേപകർ സൂക്ഷിക്കുക, തിരുത്തൽ ശക്തമായേക്കും; കറൻറ് അക്കൗണ്ട് മിച്ചം വലിയ മെച്ചമാണോ? സീയും മാരുതിയും പുതിയ സംഭവ വികാസങ്ങളും

Update:2021-10-01 08:15 IST

മോശം മാസം എന്ന പേരുമായി സെപ്റ്റംബർ അവസാനിച്ചു. കയറിയ ഉയരങ്ങളെ മറവിയിലാഴ്ത്തുന്ന താഴ്ചകളാണ് മാസാവസാനത്തോടെ ഉണ്ടായത്. ഏതാണ്ട് ആഗോള വ്യാപകമായിരുന്നു മാസാന്ത്യ ദിനത്തിലെ തകർച്ച. മോർഗൻ സ്റ്റാൻലിയുടെ എം എസ് സി ഐ ഗ്ലോബൽ സൂചിക ഇന്നലെ 0.62 ശതമാനം ഇടിഞ്ഞു.

സർക്കാരിൻ്റെ ധനകമ്മി, ഒന്നാം പാദത്തിലെ രാജ്യത്തിൻ്റെ കറൻ്റ് അക്കൗണ്ട്, ഓഗസ്റ്റിൽ കാതൽ മേഖലയിലെ ഉൽപാദനം തുടങ്ങിയ കണക്കുകൾ ഇന്നലെ വൈകുന്നേരം പുറത്തു വന്നു. എല്ലാം ആശ്വാസകരവും പ്രതീക്ഷ പകരുന്നതും. പക്ഷേ അതിൻ്റെ ആശ്വാസമാേ ഉണർവോ പുതിയ മാസത്തിലെ ആദ്യ വ്യാപാര ദിനത്തിൽ ഉണ്ടായെന്നു വരില്ല. ആഗോള ആശങ്കകൾ യു എസ് ഓഹരികളുടെ വഴിയേ ഇന്ത്യൻ ഓഹരികളും ഇന്നു താഴാനാകും പ്രേരിപ്പിക്കുക. വിപണി എത്തിയിരിക്കുന്ന തിരുത്തൽ മേഖലയിൽ കുറേക്കൂടി താഴ്ന്ന ശേഷമേ തിരിച്ചു കയറ്റം പ്രതീക്ഷിക്കാനാവൂ എന്നാണു ബ്രോക്കറേജുകളുടെ വിലയിരുത്തൽ.
സെൻസെക്സ് ഇന്നലെ 286.91 പോയിൻ്റ് (0.48%) താണ് 59,126.36 ലും നിഫ്റ്റി 93.15 പോയിൻ്റ് (0.55 %) താണ് 17,608.15 ലും ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.75 ശതമാനവും മിഡ് ക്യാപ് 0.36 ശതമാനവും ഉയർന്നു. ബാങ്ക്, ഐടി, വാഹന, മെറ്റൽ, ധനകാര്യ സർവീസ് മേഖലകളിലായിരുന്നു ഇടിവ്. റിയൽറ്റിയും ഫാർമയും നേട്ടമുണ്ടാക്കി.

എങ്ങും വീഴ്ചകൾ മാത്രം

യൂറോപ്യൻ ഓഹരികൾ ഇന്നലെ താഴോട്ടു പോയി. യുഎസ് ഓഹരികൾ തുടക്കം മുതലേ താഴ്ചയിലായിരുന്നു. യു എസ് കോൺഗ്രസ് താൽക്കാലിക ധനകാര്യ ബിൽ പാസാക്കിയതിൻ്റെ പേരിൽ അൽപനേരം തിരിച്ചു കയറിയ വിപണി വീണ്ടും കൂടുതൽ താഴെ എത്തിയാണു ക്ലോസ് ചെയ്തത്. ഡൗജോൺസ് 1.6 ശതമാനം ഇടിഞ്ഞു.നാസ് ഡാക് അര ശതമാനം താണു. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണ്.
ഇന്നു രാവിലെ ഏഷ്യൻ ഓഹരികളും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിൽ നിക്കെെ സൂചിക തുടക്കത്തിൽ ഒന്നര ശതമാനം താണു.

എസ്ജിഎക്സ് നിഫ്റ്റിയിൽ വലിയ താഴ്ച

സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജി എക്സ് നിഫ്റ്റി ഇന്നലെ 17,554-ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വ്യാപാരത്തുടക്കം കുത്തുന്നതാണ് 17,430 ലാണ്. ഇന്ത്യൻ വിപണി വലിയ താഴ്ചയോടെ തുടങ്ങുമെന്നാണ് ഇതിലെ സൂചന.
വിപണി 17,500- 17,450 മേഖലയിലേക്കു താഴും വരെ തിരുത്തൽ തുടരുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 78.52 ഡോളറായി. യുഎസ് ഇനത്തിനു വില കൂടി. വിപണിയിൽ അനിശ്ചിതത്വം തുടരും.
ഷോർട്ട് കവറിംഗിൽ സ്വർണ വില ഇന്നലെ ഔൺസിന് 1766 ഡോളർ വരെ കയറി. ഇന്നു രാവിലെ ഏഷ്യൻ വിപണികളിൽ വ്യാപാരം 1753-1754 ഡോളറിലാണ്. ഇന്ന് 1750 നു മുകളിൽ നിൽക്കാനായില്ലെങ്കിൽ സ്വർണം വീണ്ടും വലിയ താഴ്ചയിലേക്കു നീങ്ങും.

ലോഹങ്ങൾ ഇടിയുന്നു

ചൈനയിൽ ഫാക്ടറി ഉൽപാദന സൂചിക (പിഎംഐ) 50നു താഴെയായത് ഉൽപാദനം കുറഞ്ഞെന്നു കാണിച്ചു. ഈ മാസവും കാര്യങ്ങളിൽ പുരോഗതി പ്രതീക്ഷിക്കുന്നില്ല. ചൈനീസ് വ്യവസായങ്ങളുടെ ഈ മാന്ദ്യം വ്യാവസായിക ലോഹങ്ങളുടെ വിലയിടിച്ചു. ചെമ്പ്, അലൂമിനിയം, ലെഡ്, നിക്കൽ, ഇരുമ്പയിര് , സിങ്ക്, ടിൻ തുടങ്ങിയവ ഒന്നര മുതൽ മൂന്നര വരെ ശതമാനം ഇടിഞ്ഞു. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ എല്ലാ ലോഹങ്ങളും സെപ്റ്റംബറിൽ നഷ്ടം രേഖപ്പെടുത്തി. ടണ്ണിനു 10,000 ഡോളർ കടന്ന ചെമ്പ് മാസം അവസാനിപ്പിച്ചത് 9040 ഡോളറിലാണ്.
ഡോളർ സൂചിക അൽപം താണു. യു എസ് കടപ്പത്ര വിലകൾ നേരിയ തോതിൽ കയറി. യു എസ് ബജറ്റിൽ പ്രസിഡൻറ് ബൈഡൻ ആഗ്രഹിച്ചതു പോലെ 3.5 ലക്ഷം കോടി ഡോളറിൻ്റെ ചെലവ് കോൺഗ്രസ് പാസാക്കി നൽകുകയില്ലെന്ന സൂചനകൾ വരുന്നുണ്ട്. ഇത് ഉത്തേജക പദ്ധതി ചെറുതാക്കും. വളർച്ചപ്രതീക്ഷയിലും കുറവു വരുത്തും.

വിദേശികൾ പണം പിൻവലിക്കുന്നോ?

വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്നു പണം പിൻവലിക്കുകയാണു കുറേ ദിവസങ്ങളായി. ഇന്നലെ അവർ ക്യാഷ് വിപണിയിൽ 2225.6 കോടിയുടെ ഓഹരികൾ വിറ്റു. എൻഎസ്ഇ യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ അവർ ക്യാഷ് വിപണിയിൽ നിന്ന് 3671.62 കോടി രൂപ പിൻവലിച്ചു. ഓപ്ഷൻസിലും മറ്റും അവർ കൂടുതൽ സജീവമാണെങ്കിലും പൊതുവേ ഇന്ത്യൻ ഓഹരികളിൽ താൽപര്യം കുറവാണ്. ലാഭമെടുത്തു മാറാൻ കുറേ ഫണ്ടുകളെങ്കിലും ശ്രമിക്കുന്നുണ്ട്. ചുരുങ്ങിയ സമയത്തിൽ വലിയ നേട്ടം കിട്ടുന്ന ഐപിഒകളിൽ അവർ ഇപ്പോഴും വലിയ താൽപര്യം നിലനിർത്തുന്നുമുണ്ട്.
സ്വദേശി ഫണ്ടുകൾ ഇന്നലെ വിപണിയിൽ 97 കോടി രൂപയുടെ ഓഹരികളേ വാങ്ങിയുള്ളൂ.

കാതൽ മേഖലയിലെ വളർച്ചയിൽ വായിക്കേണ്ടത്

ഓഗസ്റ്റിൽ കാതൽ മേഖലകളിലെ വ്യവസായ ഉൽപാദനം 11.6 ശതമാനം ഉയർന്നു. ജൂലൈയിൽ 9.9 ശതമാനമായിരുന്നു വർധന. കഴിഞ്ഞ വർഷത്തെ മോശം നിലയിൽ നിന്നുള്ള ഉയർച്ച അത്ര കാര്യമാക്കാനില്ല. കോവിഡിനു തലേ വർഷമായ 2019 ഓഗസ്റ്റിലെ നിലയെ അപേക്ഷിച്ച് 3.9 ശതമാനം ഉയർന്നിട്ടുണ്ട്. ജൂലൈയിൽ ഈ ഉയർച്ച 1.6 ശതമാനമായിരുന്നു. എങ്കിലും 2020 ഫെബ്രുവരി (ലോക്ക് ഡൗണിനു തലേമാസം) യെ അപേക്ഷിച്ച് 0.3 ശതമാനം കുറവാണ് ഓഗസ്റ്റിലേത് എന്ന യാഥാർഥ്യം നിലനിൽക്കുന്നു.
ഓഗസ്റ്റിലെ ഉയർച്ച അംഗീകരിച്ചാലും വ്യവസായ മേഖലയുടെ നില മെച്ചമല്ല. മൈക്രോ ചിപ് ക്ഷാമം മൂലം വാഹന ഉൽപാദനം ഓഗസ്റ്റിൽ കുറവായി. വ്യവസായ ഉൽപാദന സൂചിക രണ്ടാഴ്ച കഴിഞ്ഞു വരുമ്പോൾ ഈ തളർച്ച വ്യക്തമാകും.
സെപ്റ്റംബറിലെ നില കൂടുതൽ മോശമായിരിക്കും. വാഹനങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയുടെ ഉൽപാദനത്തിൽ വലിയ കുറവുണ്ട്. വൈദ്യുതി ഉൽപാദനവും കുറഞ്ഞു. നിർമാണ മേഖല, ഖനനം എന്നിവയിലും വലിയ ക്ഷീണമുണ്ട്. അതു സെപ്റ്റംബറിലെ കാതൽ മേഖലയുടെയും മൊത്തം വ്യവസായങ്ങളുടെയും ഉത്പാദന കണക്കിൽ പ്രതിഫലിക്കും.

വ്യവസായവായ്പ കൂടുന്നില്ല

വ്യവസായ മേഖലയുടെ കാര്യത്തിൽ കൂടുതൽ ദൗർബല്യം കാണിക്കുന്ന കണക്ക് റിസർവ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റിലെ ബാങ്ക് വായ്പയുടെ കണക്ക് വ്യവസായ മേഖലയ്ക്കു നിരാശാജനകമാണ്. വലിയ വ്യവസായങ്ങൾക്കുള്ള വായ്പ 1.7 ശതമാനം ചുരുങ്ങി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 0.5 ശതമാനം വർധിച്ചതാണ്. വൻ വ്യവസായങ്ങൾ വികസനം ചിന്തിച്ചു തുടങ്ങിയിട്ടില്ല എന്നാണ് ഇതിനർഥം.
സൂക്ഷ്മ-ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ 10.1 ശതമാനവും ഇടത്തരം വ്യവസായങ്ങൾക്കുള്ളത് 63.4 ശതമാനവും വർധിച്ചു. ഗവണ്മെൻ്റിൻ്റെ ക്രെഡിറ്റ് ഗാരൻ്റി സ്കീമാണ് ഈയിനം വായ്പകൾ കൂടാൻ കാരണം.
റീട്ടെയിൽ വായ്പകൾ ഓഗസ്റ്റിൽ 12.1 ശതമാനം കൂടി. വ്യക്തികളുടെ ഭവന, വാഹന വായ്പകളിലെ വർധനയാണ് ഇതിനു സഹായിച്ചത്. കാർഷിക വായ്പകൾ 11.3 ശതമാനം വർധിച്ചു.
മൊത്തത്തിൽ വായ്പാ മേഖല കോവിഡിനു മുമ്പുള്ള നിലയിലേക്ക് ഇനിയും എത്തിയിട്ടില്ല.

ധനകമ്മി കുറയുന്നു

ഓഗസ്റ്റ് ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ധനകമ്മി വാർഷിക കമ്മി പ്രതീക്ഷയുടെ 31.1 ശതമാനമായി. കഴിഞ്ഞ വർഷം ഇതേ സമയത്ത് കമ്മി ബജറ്റ് ലക്ഷ്യത്തിൻ്റെ ഇരട്ടിയിലേറെ ആയിരുന്നു. നികുതി വരുമാനം കുത്തനേ ഇടിഞ്ഞതായിരുന്നു കഴിഞ്ഞ വർഷത്തെ പ്രശ്നം. ഇത്തവണ നികുതി -നികുതിയിതര വരുമാനങ്ങൾ പ്രതീക്ഷയേക്കാൾ കൂടി.
ഇക്കൊല്ലം കമ്മി ബജറ്റ് പ്രതീക്ഷയിലും കുറവാകുമെന്നു സൂചനയുണ്ട്. ജിഡിപിയുടെ 6.8 ശതമാനമാണു ബജറ്റിൽ പ്രതീക്ഷിച്ച കമ്മി. ഇത് 6.3 ശതമാനമായി കുറയ്ക്കാം എന്ന വിശ്വാസത്തിലാണ് ധനമന്ത്രാലയം. കഴിഞ്ഞ നാലു വർഷവും കമ്മി ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ കൂടുതലായിരുന്നു. കഴിഞ്ഞ വർഷം കോവിഡിൻ്റെ കാരണം പറയാനുണ്ടായിരുന്നു. അതിനു മുൻപ് സാമ്പത്തിക വളർച്ച താഴോട്ടു പോന്നിരുന്നതാണു കാരണം എന്നതു സർക്കാർ ഇനിയും തുറന്നു സമ്മതിച്ചിട്ടില്ല.

കറൻറ് അക്കൗണ്ട് മിച്ചം; പക്ഷേ മികവില്ല

വിദേശത്തു നിന്നുള്ള മൂലധനനിക്ഷേപം കുതിച്ചുയർന്നത് ഒന്നാം പാദത്തിൽ രാജ്യത്തിൻ്റെ കറൻറ് അക്കൗണ്ട് മിച്ചമാകാൻ സഹായിച്ചു. എന്നാൽ ഒരു വർഷം മുമ്പുള്ള പാദത്തിലെയോ തലേ പാദത്തിലെയോ മിച്ചത്തിൻ്റെ അടുത്തെത്താൻ പറ്റിയില്ല. 2020 ഏപ്രിൽ-ജൂണിൽ ഇറക്കുമതി തീരെ കുറഞ്ഞതു മൂലം കറൻ്റ് അക്കൗണ്ട് 1910 കോടി ഡോളർ (ജിഡിപിയുടെ 3.7 ശതമാനം) മിച്ചം കാണിച്ചു. ഇത്തവണ മിച്ചം 650 കോടി ഡോളർ (ജിഡിപിയുടെ 0.9 ശതമാനം) മാത്രം. ജനുവരി-മാർച്ചിൽ 810 കോടി ഡോളർ (ഒരു ശതമാനം) മിച്ചം ഉണ്ടായിരുന്നു.
ഈ വർഷം ഒന്നാം പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 1190 കോടി ഡോളർ ഉണ്ട്.കഴിഞ്ഞവർഷം ഇതേ സമയം 50 കോടി ഡോളർ പുറത്തേക്കു പോയി. വ്യാപാര കമ്മി കുറഞ്ഞതും സേവന മേഖലയുടെ കയറ്റുമതി കൂടിയതും മിച്ചത്തിനു സഹായിച്ചു.
സർക്കാരിൻ്റെ കടം അല്ലാതെയുള്ള വിദേശ ധനകാര്യ ഇടപാടുകളുടെ നീക്കിബാക്കിയാണ് കറൻ്റ് അക്കൗണ്ട് മിച്ചമോ കമ്മിയോ ആയി പറയുന്നത്.

സീയും മാരുതിയും

സീ എൻ്റർടെയ്ൻമെൻ്റിൽ ഓഹരി ഉടമകളുടെ യോഗം വിളിക്കണമെന്ന നിക്ഷേപക ഗ്രൂപ്പിൻ്റെ ആവശ്യം തള്ളാൻ പറ്റില്ലെന്നും ഞായറാഴ്ചയക്കകം തീരുമാനമെടുക്കണമെന്നും സീ ഡയറക്ടർ ബാേർഡിനു കമ്പനി നിയമ ട്രൈബ്യൂണൽ നിർദേശം നൽകി. ഇതു സീയുടെ ലയന നീക്കം അൽപം അമാന്തിപ്പിക്കാം.
ചിപ് ക്ഷാമം ഒക്ടോബറിലും വാഹന ഉൽപാദനത്തെ ബാധിക്കുമെന്ന് മാരുതി സുസുകി ഇന്നലെ മുന്നറിയിപ്പ് നൽകി. പതിവുള്ളതിൻ്റെ 60 ശതമാനം ഉൽപാദനമേ പ്രതീക്ഷിക്കുന്നുള്ളു.

This section is powered by Muthoot Finance


Tags:    

Similar News