ലാഭമെടുക്കൽ തുടരുമോ? കാലവർഷം ചതിക്കുമ്പോൾ; വാഹന കമ്പനികൾക്കു ക്ഷീണകാലം; ചെമ്പിനും അലൂമിനിയത്തിനും വിലയിടിയുന്നതിനു പിന്നിൽ
സൂചികകൾ ഇന്ന് താഴേക്ക് സഞ്ചരിക്കുമോ? ചെമ്പ് വിലയിടിവ് നൽകുന്നതു ദു:സൂചന; ജിഎസ്ടിയിലെ കുറവ് പറയുന്നതെന്ത്?
ലാഭമെടുക്കലും വാഹന - ഐടി മേഖലകളിലെ ക്ഷീണവും ഇന്നലെ ഇന്ത്യൻ വിപണിയെ അത്യുന്നതങ്ങളിൽ നിന്നു താഴ്ത്തി. വിപണിക്ക് അത്ര സുഖകരമല്ലാത്ത പല കണക്കുകളും പുറത്തുവന്നത് ഇന്നു സൂചികകളെ താഴ്ത്തിയാൽ ആശ്ചര്യപ്പെടേണ്ടതില്ല. ആഗോള സൂചനകളും ആവേശം പകരുന്നില്ല.
ഇന്നലെ സെൻസെക്സ് 655 പോയിൻ്റിൻ്റെ ചാഞ്ചാട്ടത്തിനു ശേഷമാണ് 214.18 പോയിൻ്റ് നഷ്ടത്തിൽ 57,338.21 ൽ ക്ലോസ് ചെയ്തത്. 57,918.71 വരെ വ്യാപാരത്തിനിടയിൽ കയറിയിരുന്നു. നിഫ്റ്റി 17,225.75 വരെ കയറി റിക്കാർഡിട്ടിട്ടാണ് 55.95 പോയിൻ്റ് നഷ്ടത്തിൽ 17,076.25 ൽ ക്ലോസ് ചെയ്തത്.
മുഖ്യസൂചികകൾ കാണിക്കുന്നത്ര മോശമായിരുന്നില്ല വിശാല വിപണി. നിഫ്റ്റി മിഡ് ക്യാപ് 1.1 ശതമാനവും നിഫ്റ്റി ബാങ്ക് 0.41 ശതമാനവും കയറി. സ്‌മോൾ ക്യാപ് 0.22 ശതമാനം ഉയർന്നു.
വിദേശികൾ രംഗത്തുണ്ട്
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെ ഓഹരികളിൽ 666.66 കോടി രൂപ നിക്ഷേപിച്ചു. ഫെഡ് തീരുമാനത്തിനു ശേഷം വിദേശികൾ ഇതുവരെ ആറായിരത്തിലധികം കോടി രൂപ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇന്നലെ സ്വദേശി ഫണ്ടുകൾ 1287.87 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
ഇന്നലെ യൂറോപ്യൻ ഓഹരികൾ സമ്മിശ്രമായിരുന്നു. അമേരിക്കൻ വിപണിയും അങ്ങനെ തന്നെ.ടെക് ഓഹരികളുടെ കരുത്തിൽ പുതിയ റിക്കാർഡിലേക്കുയർന്ന നാസ്ഡാക് പിന്നീടു ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. തുടക്കത്തിൽ നേട്ടമുണ്ടാക്കിയ ഡൗ ജോൺസ് സൂചിക ഒടുവിൽ 48 പോയിൻ്റ് നഷ്ടത്തിൽ അവസാനിച്ചു. ഇന്നു രാവിലെ ഏഷ്യൻ ഓഹരികൾ ചെറിയ കയറ്റം കാണിക്കുന്നു.
ശക്തി സമാഹരിക്കാൻ ...
നിഫ്റ്റി 17,050-നു താഴേക്കു നീങ്ങിയാൽ 17,000-16,800 മേഖലയിലേക്കുള്ള ഒരു താഴ്ചയുടെ തുടക്കമാകുമെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 17,010 - ഉം 16950 - ഉം ആണ് അവർ സപ്പോർട്ട് ആയി കാണുന്നത്. ഉയരുന്ന പക്ഷം 17,185-ലും 17,290- ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു. വിപണി ബുളളിഷ് ആവേശം വിട്ടിട്ടില്ലെങ്കിലും അടുത്ത കുതിപ്പിനായി ശക്തി സമാഹരിക്കാൻ ചെറിയ തിരുത്തൽ നടത്തുമെന്നാണു വിശദീകരണം.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജിഎക്സ് നിഫ്റ്റി ഇന്നലെ 17,099 ലാണു ക്ലോസ് ചെയ്തത്. ഇന്നു വ്യാപാരത്തുടക്കം ഫ്ലാറ്റ് ആകുമെന്ന സൂചനയാണ് സിംഗപ്പുർ നൽകുന്നത്.
നേരത്തേ തീരുമാനിച്ച ഉൽപാദന ക്വോട്ടയിൽ മാറ്റമൊന്നും വേണ്ടെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) പ്രതിമാസ സമ്മേളനത്തിൽ തീരുമാനിച്ചു. ക്രൂഡ് ഓയിൽ വില അതിനു ശേഷം അൽപം താണു. 71.2 ഡോളറിലാണ് ഇന്നു രാവിലെ ബ്രെൻറ് ഇനം.
സ്വർണം 1820 ഡോളറിനും 1808 ഡാേളറിനുമിടയിൽ കയറിയിറങ്ങിയിട്ട് ഇന്നു രാവിലെ 1814-1815 ഡോളറിലാണ്.
ചെമ്പ് വിലയിടിവ് നൽകുന്നതു ദു:സൂചന
അമേരിക്കൻ, ചൈനീസ് ഫാക്ടറി ഉൽപാദനം കുറയുന്നതിൻ്റെ പശ്ചാത്തലത്തിൽ വ്യാവസായിക ലോഹങ്ങൾ ഇന്നലെ താഴാേട്ടു പോയി. ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ചെമ്പ് 2.2 ശതമാനവും അലൂമിനിയം 1.3 ശതമാനവും താണു. ഇരുമ്പയിരിനു 12 ശതമാനമാണ് ഇടിവ്. കോവിഡ് വ്യാപനം, സെമി കണ്ടക്ടർ ചിപ്പുകളുടെ ദൗർലഭ്യം, ചൈന മലിനീകരണ നിയന്ത്രണം കർശനമാക്കിയത്, ഷിപ്പിംഗ് കണ്ടെയ്നറുകളുടെ ക്ഷാമം തുടങ്ങിയവയൊക്കെ ചേർന്നാണ് ഫാക്ടറി പ്രവർത്തനങ്ങളും രാജ്യാന്തര വാണിജ്യവും മാന്ദ്യത്തിലാക്കിയത്.
വാഹന വിൽപന പിന്നോട്ട്
ഓഗസ്റ്റിലെ വാഹന വിൽപന പൊതുവേ കുറഞ്ഞതായി കമ്പനികൾ നൽകിയ വിൽപനക്കണക്കുകൾ കാണിക്കുന്നു. ചിപ്പ് ക്ഷാമം മൂലം ഉൽപാദനം കുറയ്ക്കേണ്ടി വന്നതും കാരണമായി.ഈ മാസവും ഉൽപാദനം കുറവാകും. ഫാക്ടറികളിൽ നിന്നു ഡീലർമാരിലേക്കു വാഹനങ്ങൾ അയച്ചതിൻ്റെ കണക്കാണ് വിൽപനയായി കമ്പനികൾ നൽകുന്നത്. യഥാർഥ വിൽപനയുടെ കണക്കുകൾ ഡീലർമാരുടെ സംഘടന പിന്നീടാണു പുറത്തു വിടുക..
കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ചു മാരുതിയുടെ വിൽപന 4.6 ശതമാനം കുറഞ്ഞു. കയറ്റുമതി അടക്കം 1.3 ലക്ഷമാണു വിൽപന. ആഭ്യന്തര വിൽപന 9.7 ശതമാനം കൂടി 1.13 ലക്ഷമായി. എന്നാൽ ജൂലൈയെ അപേക്ഷിച്ച് മാരുതിയുടെ വിൽപന 19.55 ശതമാനം കുറഞ്ഞു.
ഹ്യുണ്ടായിക്ക് വാർഷികാടിസ്ഥാനത്തിൽ ആഭ്യന്തര വിൽപന 2.3 ശതമാനവും കയറ്റുമതി 79 ശതമാനവും കൂടി. എന്നാൽ മൊത്തം വിൽപ്പനയായ 59,068 തലേമാസത്തേക്കാൾ 1.96 ശതമാനം കുറവാണ്.
ടാറ്റാ മോട്ടോഴ്സിൻ്റെ ആഭ്യന്തര കാർ വിൽപന 51 ശതമാനം കൂടി. വാണിജ്യ വാഹന വിൽപന 55 ശതമാനവും വർധിച്ചു. എന്നാൽ മൊത്തം വിൽപന തലേമാസത്തെ അപേക്ഷിച്ച് 4.25 ശതമാനമേകി കൂടിയുള്ളൂ.
മഹീന്ദ്രയുടെ യാത്രാ വാഹന വിൽപന വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം കൂടിയപ്പോൾ വാണിജ്യ വാഹന വിൽപന 27 ശതമാനം താണു. തലേ മാസവുമായി നോക്കുമ്പോൾ യാത്രാ വാഹന വിൽപന 23.2 ശതമാനം ഇടിഞ്ഞു.
ബജാജ് ഓട്ടോയുടെ വിൽപന ജൂലൈയിൽ നിന്ന് 8.35 ശതമാനം താണു. ഹീറോ മോട്ടോ കോർപ് 5.77 ശതമാനവും ഹോണ്ട ടൂ വീലേഴ്സ് 11.71 ശതമാനവും വളർച്ച കാണിച്ചു. വാർഷികാടിസ്ഥാനത്തിൽ രണ്ടു കമ്പനികൾക്കും വിൽപന കുറയുകയാണു ചെയ്തത്. ടിവിഎസ് മോട്ടോറിൻ്റെ വിൽപന വാർഷികാടിസ്ഥാനത്തിൽ 18 ശതമാനം താണു.
കാലവർഷം ചതിക്കുന്നു
തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കുറവാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സൂചിപ്പിച്ചു. ദീർഘകാല ശരാശരിയുടെ 96 ശതമാനം മഴയേ കിട്ടൂ എന്നാണ് ഇപ്പോൾ പറയുന്നത്. ജൂലൈയിൽ ഏഴും ഓഗസ്റ്റിൽ 24-ഉം ശതമാനം കുറവായിരുന്നു മഴ. ഈ മാസം 10 ശതമാനം കൂടുതൽ മഴ കിട്ടുമെങ്കിലും നഷ്ടം നികത്താൻ പര്യാപ്തമാകില്ല. ഇതു വരെ ഒൻപതു ശതമാനമാണു മഴക്കുറവ്.
ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴക്കുറവ് എണ്ണക്കുരുക്കളുടെയും പയറുവർഗങ്ങളുടെയും ഉൽപ്പാദനം കുറയ്ക്കും. അതു ഭക്ഷ്യ വിലക്കയറ്റത്തിനു കാരണമാകും. കാലവർഷം കുറയുമ്പോൾ ഡാമുകളിലെ ജലശേഖരം കുറയും. റാബി കൃഷി കുറയാൻ അതു കാരണമാകും.
മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ് നാട്ടിലും കേരളത്തിലും മഴ കുറവാകുമെന്ന് ഐം എംഡി പറയുന്നു. കേരളത്തിൽ ഇതുവരെ 22ശതമാനം കുറവാണു മഴ.
ഫാക്ടറി ഉൽപാദനം കുറയുന്നു
ഓഗസ്റ്റിൽ ഫാക്ടറി ഉൽപാദനം തലേമാസത്തേതിലും കുറവാകുമെന്ന് പിഎംഐ സർവേ. ജൂലൈയിൽ 55.3 ആയിരുന്ന പിഎംഐ ഓഗസ്റ്റിൽ 52.3 ആയി കുറഞ്ഞു. വളർച്ചയ്ക്കു വേഗം കൂടുന്നു എന്ന അവകാശവാദം ശരിയല്ലെന്ന് ഇതു കാണിക്കുന്നു. ഒപ്പം തൊഴിൽ സംഖ്യയും കുറഞ്ഞു. 16 മാസത്തിനു ശേഷം ജൂലൈയിൽ തൊഴിലവസരങ്ങൾ വർധിച്ചതാണ്. എന്നാൽ ഓഗസ്റ്റിൽ കുറഞ്ഞു.
ജിഎസ്ടിയിലെ കുറവ് സൂചിപ്പിക്കുന്നത്
ഓഗസ്റ്റിലെ ജിഎസ്ടി പിരിവ് 1.12 ലക്ഷം കോടി രൂപയായി. ഇതു തലേ വർഷത്തേക്കാൾ 30 ശതമാനം കൂടുതലാണ്. പക്ഷേ ജൂലൈയിലെ 1.16 ലക്ഷം കോടിയിൽ നിന്നു കുറവായത് അത്ര നല്ല സൂചനയല്ല നൽകുന്നത്. സാമ്പത്തിക ഉണർവ് തടസങ്ങൾ നേരിടുന്നു എന്നു കണക്കുകൾ കാണിക്കുന്നു.
പെടോളും ഡീസലും തമ്മിൽ എന്ത്?
പെട്രോൾ ഉപയോഗം വർധിക്കുമ്പോഴും ഡീസൽ, എൽപിജി ഉപയോഗം കുറയുന്നതു സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദീഭവിച്ചതിൻ്റെ ഫലമാണ്. കൂടുതൽ പേർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതു മൂലം പെട്രോൾ ഉപയോഗം കൂടുന്നു. ലോറി - ബസ് ഗതാഗതം കുറഞ്ഞു നിൽക്കുന്നതിനാൽ ഡീസൽ ഉപയോഗം താണു.