ചൈനീസ് ഭൂതത്തെ പേടിച്ചു വിപണി; ആശ്വാസറാലി സൂചിപ്പിച്ചു ഫ്യൂച്ചേഴ്സ്; മാന്ദ്യം തടയാൻ ഷി ഇടപെടണം; ബിപിഒ കമ്പനികൾക്ക് ആശ്വാസം

ഫെഡ് വിപണിക്ക് നൽകുമോ ആ പോസിറ്റീവ് സർപ്രൈസ്, ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് എന്തു ചെയ്യും? എവർഗ്രാൻഡെ അഴിച്ചുവിടുന്ന കൊടുങ്കാറ്റിനെ പേടിക്കണോ?

Update:2021-09-21 08:08 IST

ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെയുടെ ആസന്നമായ പതനം; അമേരിക്കൻ കേന്ദ്ര ബാങ്ക് ഫെഡ് എന്തു ചെയ്യുമെന്ന ആശങ്ക. രണ്ടും കൂടി ചേർന്നപ്പോൾ ലോകമെങ്ങും വിപണികൾ തകർച്ചയിലായി.

ഇന്ത്യൻ വിപണി മൂന്നു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയാണ് ഇന്നലെ നേരിട്ടത്. രാവിലെ താഴ്ന്നും കയറിയും ചാഞ്ചാടിയ വിപണി ഉച്ചയാേടെ അതിവേഗം താണു. സെൻസെക്സ് 524.96 പോയിൻ്റ് (0.89%) താണ് 58,480.93 ലും നിഫ്റ്റി 188.25 പോയിൻ്റ് (1.07%) താണ് 17,369.9 ലും ക്ലാേസ് ചെയ്തു.

മെറ്റലിൽ വൻ തകർച്ച

മെറ്റൽ കമ്പനികളാണു വൻ തകർച്ച നേരിട്ടത്. എൻഎസ്ഇ മെറ്റൽ സൂചിക 6.6 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ 9.58 ശതമാനം, ജിൻഡൽ സ്റ്റീൽ 9.1 ശതമാനം, എൻഎംഡിസി 7.7 ശതമാനം, ജെഎസ്ഡബ്ള്യു സ്റ്റീൽ 7 ശതമാനം, സെയിൽ 6.7 ശതമാനം, ഹിൻഡാൽകോ 6.1 ശതമാനം, വേദാന്ത 5 ശതമാനം എന്നിങ്ങനെയാണു ബ്ലൂ ചിപ് ഓഹരികളുടെ വീഴ്ച. ചൈനീസ് നിർമാണ മേഖലയിൽ നിന്ന് ലോഹങ്ങൾക്ക് ആവശ്യം കുറയുമെന്ന ഭീതിയാണ് തകർച്ചയ്ക്കു കാരണം.
വിശാല വിപണി മുഖ്യ സൂചികകളെക്കാൾ താഴ്ചയിലാണ്. മിഡ് ക്യാപ് സൂചിക 2.16 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.73 ശതമാനവും താണു. ബാങ്ക്, വാഹനങ്ങൾ, ഐടി തുടങ്ങിയവയും താഴോട്ടു പോയി. എഫ്എംസിജി കമ്പനികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, ബ്രിട്ടാനിയ തുടങ്ങിയവയൊക്കെ ഉയർന്നു.
ചൈനീസ് പേടി യൂറോപ്യൻ ഓഹരി സൂചികകളെ രണ്ടു ശതമാനം ഇടിച്ചു. അമേരിക്കൻ വിപണി രണ്ടു ശതമാനത്തിലേറെ താണു തുടങ്ങിയെങ്കിലും ക്ലോസിംഗിൽ അത്രയും വീഴ്ച ഉണ്ടായില്ല. ഡൗജോൺസ് 1.76 ശതമാനം ഇടിഞ്ഞു. എന്നാൽ ടെക്നോളജി കമ്പനികൾ താഴാേട്ടു പോയത് നാസ്ഡാക്‌ സൂചികയെ രണ്ടു ശതമാനത്തിലേറെ താഴ്ത്തി.

ഫ്യൂച്ചേഴ്സ് ആശ്വാസ റാലി സൂചിപ്പിക്കുന്നു

ഇന്നു ജപ്പാനിലും കൊറിയയിലും ചൈനയിലും വിപണിക്ക് അവധിയാണ്. ഓസ്ട്രേലിയൻ വിപണി തുടർച്ചയായ മൂന്നാം ദിവസവും താണു. യു എസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ‌ നല്ല ഉയർച്ച കാണിക്കുന്നത് ഇന്ന് ആശ്വാസ റാലിക്കു സാധ്യത ഉണ്ടെന്നാണ്.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 17,366 ലാണ്. ചെറിയ താഴ്ചയോടെ ഇന്ന് വ്യാപാരം തുടങ്ങുമെന്ന സൂചനയാണ് ഇതിലുള്ളത്.
നിഫ്റ്റി 17,400 നു താഴെ ക്ലോസ് ചെയ്തതോടെ വിപണിഗതി ദുർബലമായെന്ന് സാങ്കതിക വിശകലന വിദഗ്ധർ പറയുന്നു. 17,300 ലും 17,200 ലും സപ്പോർട്ട് കാണുന്നുണ്ട്. 17,240-17,270 മേഖല തകർത്തു താഴോട്ടു പോയാൽ 17,050 വരെ പോകുമെന്നാണു വിലയിരുത്തൽ. 17,560 ലെ തടസം മറി കടന്നാലേ മുന്നാേട്ടു കുതിക്കാനുള്ള ഊർജം വിപണിക്കു നേടാനാകൂ.

സ്വർണം, ക്രൂഡ് അൽപം കയറി

സ്വർണം ഇന്നലെ അൽപം തിരിച്ചു കയറി. 1744.7 ൽ നിന്ന് 1767.4 ഡോളർ വരെ കയറി. ഇന്നു രാവിലെ 1763 ഡോളറിലാണു വ്യാപാരം. ഡോളർ സൂചിക അൽപം താണതും ബിറ്റ്കോയിൻ വില എട്ടു ശതമാനവും മറ്റു ഡിജിറ്റൽ ഗൂഢ കറൻസികളുടെ വില 10 ശതമാനത്തിലധികവും ഇടിഞ്ഞതും സ്വർണത്തിനു ചെറിയ ആശ്വാസമായി.
ഇന്നലെ രണ്ടു ശതമാനത്തിലേറെ ഇടിഞ്ഞ ക്രൂഡ് ഓയിൽ വില ഇന്നു രാവിലെ അൽപം കയറി. ബ്രെൻറ് ഇനം ക്രൂഡ് 73.9 ഡോളറിൽ നിന്ന് 74.4 ഡോളറിലേക്കു കയറി.
വ്യാവസായിക ലോഹങ്ങൾ ഏതാനും ദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം ഇന്നലെ ചെറിയ കയറ്റിറക്കങ്ങളേ കാണിച്ചുള്ളു.

ബിപിഒയിൽ വലിയ ആശ്വാസം

ഇന്ത്യൻ ഐടി, ഐടിഇഎസ് കമ്പനികൾക്ക് ആശ്വാസകരമായ തീരുമാനം കഴിഞ്ഞ ദിവസത്തെ ജിഎസ്ടി കൗൺസിൽ യോഗം എടുത്തു. വിദേശ കമ്പനികൾ ഇന്ത്യയിലേക്കു നൽകുന്ന പുറംജോലി കരാറുകൾക്ക് 18 ശതമാനം ജിഎസ്ടി വേണ്ട എന്നതാണ് ആ തീരുമാനം. ബിപിഒയെ കയറ്റുമതിയായി പരിഗണിക്കില്ലെന്ന് നികുതി ഉദ്യോഗസ്ഥർ ശഠിച്ചതാേടെ തുടങ്ങിയ പ്രശ്നത്തിന് അങ്ങനെ പരിഹാരമായി. പല കമ്പനികൾക്കും നൂറു കണക്കിനു കോടി രൂപ ഈയിനത്തിൽ റീഫണ്ട് കിട്ടാനുണ്ട്.

പ്രസിഡൻ്റ് ഷി എന്തു ചെയ്യും?

എവർഗ്രാൻഡെ തകരുന്നതിൻ്റെ ആഘാതത്തിൽ നിന്നു ചൈനീസ് സമ്പദ്ഘടനയെ രക്ഷിക്കാൻ ചൈനീസ് പ്രസിഡൻ്റ് ഷി ചിൻപിങ് എന്തു ചെയ്യുമെന്നാണു ലോകം ഉറ്റുനോക്കുന്നത്. ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖല മാത്രമല്ല സ്റ്റീൽ, മറ്റു ലോഹങ്ങൾ, നിർമാണ സാമഗ്രികൾ തുടങ്ങിയ മേഖലകളെല്ലാം വൻ തളർച്ചയിലേക്കാണു നീങ്ങുന്നത്. ടെക്നോളജി ഭീമന്മാരടക്കം ചൈനീസ് വ്യവസായികളെ വരുതിയിലാക്കാനും കുത്തക വളർച്ച തടയാനുമുള്ള ചൈനീസ് നടപടികൾ മറ്റു രീതിയിൽ ചൈനയിലെ വ്യവസായ നിക്ഷേപത്തെ മന്ദീഭവിപ്പിക്കുന്നതിനിടയിലാണ് എവർഗ്രാൻഡെയുടെ തകർച്ച വരുന്നത്. കടപ്പത്ര പലിശ നാളെ അടയ്ക്കാൻ ഭരണകൂടം സഹായിക്കുന്നതിൻ്റെ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ബാങ്കുകളും മറ്റു റിയൽറ്റി കമ്പനികളും എവർ ഗ്രാൻഡെയുടെ പതനത്തിൻ്റെ തുടർ ആഘാതം എത്ര വലുതാകുമെന്ന ആശങ്കയിലാണ്.

ഫെഡ് ആലോചിക്കുന്നു

അമേരിക്കൻ ഫെഡിൻ്റെ ഫെഡറൽ ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) ഇന്നും നാളെയും യോഗം ചേരും. യോഗ തീരുമാനം നാളെ രാത്രി പരസ്യപ്പെടുത്തും. കടപ്പത്രം വാങ്ങൽ കുറയ്ക്കുന്നത് എന്നു മുതൽ, കുറയ്ക്കൽ എത്ര വീതം എന്നീ കാര്യങ്ങൾ പറയും എന്നാണു പ്രതീക്ഷ. ഡിസംബറിൽ തുടങ്ങുമെന്ന് ആദ്യം കരുതിയ കുറയ്ക്കൽ നവംബറിൽ തുടങ്ങുമെന്ന് ഇപ്പോൾ സൂചനയുണ്ട്.
അതേ പോലെ പലിശ നിരക്ക് ഉയർത്തുന്നത് എന്നു തുടങ്ങുമെന്ന സൂചന നാളെ പറയുമെന്നു പലരും പ്രതീക്ഷിക്കുന്നുണ്ട്.
എവർഗ്രാൻഡെ വിഷയം ഫെഡ് കമ്മിറ്റിയെ സ്വാധീനിക്കുമെങ്കിൽ തീരുമാനങ്ങൾ നീണ്ടുപോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാൽ വിപണിക്ക് അതു നൽകുന്നത് ഒരു 'പോസിറ്റീവ് സർപ്രൈസ് ' ആയിരിക്കും.

നഷ്ടക്കണക്കുകൾ

ആഗോള ഓഹരി വിപണികളിൽ ഇന്നലെ മാത്രം നഷ്ടം 13,500 കോടി ഡോളർ (9.86 ലക്ഷം കോടി രൂപ). ഈ മാസം ആറിലെ റിക്കാർഡ് വിപണിമൂല്യമായ 97 ലക്ഷം കോടി ഡോളറിൽ ( 7081 ലക്ഷം കോടി രൂപ) നിന്ന് 2.2 ലക്ഷം കോടി ഡോളർ (160.6 ലക്ഷം കോടി രൂപ) താഴെയായി ഇന്നലെ ആഗോള വിപണിമൂല്യം. ഇന്ത്യൻ ഓഹരികൾക്ക് ഇന്നലെ നഷ്ടമായത് 3.75 ലക്ഷം കോടി രൂപയാണ്. രണ്ടു ദിവസം കൊണ്ട് ബിഎസ്ഇ യിലെ വിപണി മൂല്യം അഞ്ചു ലക്ഷം കോടി രൂപ കുറഞ്ഞ് 255.5 ലക്ഷം കോടി രൂപയായി.

എവർഗ്രാൻഡെയുടെ ദുരിതം വ്യാപിക്കുന്നു

ചൈനയിലെ രണ്ടാമത്തെ വലിയ റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ ഈയാഴ്ച ലോകവിപണികളിലെ ഏറ്റവും ശ്രദ്ധേയ കമ്പനിയായി മാറി. കമ്പനിയുടെ കുതിപ്പ് കൊണ്ടല്ല അത്; മറിച്ചു കിതപ്പുകൊണ്ടാണ്. കമ്പനി നാളെ കടപ്പത്രങ്ങളിലെ പലിശ ഇനത്തിൽ 8.35 കോടി ഡോളർ നൽകാനുണ്ട്. അതു നൽകുന്നില്ലെങ്കിൽ കമ്പനി പാപ്പർ നടപടികളിലേക്കു നീങ്ങേണ്ടി വരും.
കമ്പനി പലിശ അടയ്ക്കുമെന്ന വിശ്വാസം വിപണിക്കില്ല. കമ്പനിയുടെ ഓഹരിയും കടപ്പത്രങ്ങളും ദിവസേന ഇടിയുകയാണ്.
എവർഗ്രാൻഡെയുടെ മിക്ക പ്രോജക്ടുകളും പാതിവഴിയിൽ പണി മുടങ്ങി കിടക്കുന്നു. കമ്പനി പണത്തിനു പകരം പണിതീരാത്ത പാർപ്പിടങ്ങൾ കൊടുത്തു ബാധ്യത തീർക്കാൻ ശ്രമിക്കുകയാണ്. 30,000 കോടിയിലേറെ ഡോളർ (22 ലക്ഷം കോടി രൂപ) കടമാണ് എവർഗ്രാൻഡെയക്കുള്ളത്.
എവർഗ്രാൻഡെയുടെ പണഞെരുക്കം മറ്റു റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളെയും കടപ്പത്രങ്ങളെയും കൂടി വലിച്ചു താഴ്ത്തുകയാണ്. റിയൽറ്റി കമ്പനികളുടെ കടപ്പത്ര വില കുത്തനെ താണതാേടെ അവയിലെ നിക്ഷേപ നേട്ടം (Yield) 15 ശതമാനത്തിനു മുകളിലായി.

റിയൽറ്റി മൊത്തം ഭീഷണിയിൽ

ഇതിനേക്കാൾ പ്രധാനം മറ്റൊന്നാണ്. എവർഗ്രാൻഡെ കുഴപ്പത്തിലായിട്ടു മാസങ്ങളായി. ഇത് ചൈനയിലെ റിയൽ എസ്റ്റേറ്റ് ബിസിനസിനെ വല്ലാതെ ഉലച്ചു. ഓഗസ്റ്റിലെ പാർപ്പിട വിൽപന 20 ശതമാനമാണ് ഇടിഞ്ഞത്. പുതിയ പ്രോജക്റ്റുകൾ വരുന്നില്ല. കടപ്പത്രങ്ങൾക്കു മാത്രമല്ല ബാങ്ക് വായ്പകൾക്കും കൂടുതൽ പലിശ നൽകേണ്ടി വരുന്നതിനാൽ മറ്റു റിയൽറ്റി കമ്പനികളും പണഞെരുക്കം നേരിടുകയാണ്. റിയൽറ്റി മേഖലയിലെ വമ്പൻ കമ്പനികളിൽ ഒന്നു കുഴപ്പത്തിലായതോടെ ആ മേഖലയിലെ മറ്റു കമ്പനികളും പ്രശ്നത്തിലായി. ചൈനയിലെ ഒരു വമ്പൻ പ്രോപ്പർട്ടി ഡവലപ്പറായ സിനിക്കിൻ്റെ ഓഹരി വില ഇന്നലെ 87 ശതമാനം ഇടിഞ്ഞതു നൽകുന്ന സൂചന നല്ലതല്ല.
ചൈനീസ് ഓഹരി വിപണി ഇന്നലെയും ഇന്നും അവധിയിലാണ്. ഹോങ്കോംഗിൽ ഇന്നലെ ഓഹരി സൂചിക നാലു ശതമാനം വരെ ഇടിഞ്ഞിട്ട് ഒടുവിൽ 3.3 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. നാളെയേ വൻകരയിലെ വിപണികൾ തുറക്കൂ. എവർ ഗ്രാൻഡെയുടെ പതനം ചൈനീസ് നിക്ഷേപകർ എങ്ങനെ കാണുന്നെന്നു നാളെയേ അറിയാനാകൂ. ഹോങ്കോംഗിൽ കമ്പനി ഓഹരി ഇന്നലെ 10 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വിപണി മൂല്യം രണ്ടു വർഷം മുമ്പ് 40,000 കോടി ഹോങ്കോംഗ് ഡോളർ ആയിരുന്നത് ഇന്നലെ 3000 കോടി ഡോളറായി താണു.

സ്റ്റീൽ, മെറ്റൽ കമ്പനികൾക്ക് അപ്രതീക്ഷിത പ്രഹരം

റിയൽ എസ്റ്റേറ്റ് മേഖല ഇടിവിലായതാേടെ സ്റ്റീൽ, അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾക്കും ഡിമാൻഡ് കുറഞ്ഞു. ചൈനയാണ് ഇവയുടെയെല്ലാം ഏറ്റവും വലിയ ഉപയോക്താവ്. അവിടെ കുറഞ്ഞതോടെ ലോക വിപണിയിൽ വിലയിടിഞ്ഞു. സ്റ്റീൽ നിർമാണത്തിനു വേണ്ട ഇരുമ്പയിരിൻ്റെ വില മേയ് മാസത്തിലെ 235 ഡോളറിൽ നിന്ന് ഇന്നലെ 100 ഡോളറിലെത്തി. 58 ശതമാനം ഇടിവ്.
രണ്ടാഴ്ച മുമ്പുവരെ നിർത്തില്ലാതെ വർധിക്കുന്ന ഡിമാൻഡിൻ്റെ ബലത്തിൽ വൻ ലാഭം കൊയ്തിരുന്നതാണു സ്റ്റീൽ - മെറ്റൽ കമ്പനികൾ. പല കമ്പനികളും ഒന്നര ദശകം മുമ്പത്തെ വികസനത്തിനും ഏറ്റെടുക്കലുകൾക്കും വേണ്ടി എടുത്ത കടം കുറേ വീട്ടാൻ ഈ അവസരം വിനിയോഗിച്ചു.
ഈ നല്ലകാലം കഴിയുന്നതോടെ പല കമ്പനികളും കടഭാരത്താൽ ഞെരുങ്ങും. എവർഗ്രാൻഡെ മൂലം റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുണ്ടായ മാന്ദ്യം എത്ര കാലം കൊണ്ടു മാറുമെന്നു പ്രവചിക്കാൻ അനാലിസ്റ്റുകൾ തയാറുമില്ല.

മറ്റൊരു ലീമാൻ ബ്രദേഴ്സ് ?

റിയൽ എസ്റ്റേറ്റിലും ലോഹങ്ങളിലും ഒതുങ്ങുന്നതല്ല എവർഗ്രാൻഡെ അഴിച്ചുവിടുന്ന കൊടുങ്കാറ്റ്. അമേരിക്കയിൽ 2007 ലെ സബ് പ്രൈം പ്രതിസന്ധി ലീമാൻ ബ്രദേഴ്സ് എന്ന ബാങ്കിനെ ആദ്യം തകർത്തു. പിന്നെ നൂറുകണക്കിനു ബാങ്കുകളും ഒടുവിൽ ലോക സമ്പദ്ഘടന തന്നെയും തകർന്നു. 1929-33 നു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യം ലോകമെങ്ങും അനുഭവിച്ചു. അത്തരമൊന്നായി എവർഗ്രാൻഡെ തകർച്ച മാറുമോ എന്ന ആശങ്ക തീർത്തും അടിസ്ഥാന രഹിതമല്ല.


This section is powered by Muthoot Finance

Tags:    

Similar News