പുതിയ കുതിപ്പിനു ബുള്ളുകൾ തയാർ; വിദേശ സൂചനകൾ മുന്നേറ്റത്തിനു സഹായിക്കും; ക്രൂഡ് 80 ഡോളറിലേക്ക്; ചൈനീസ് വളർച്ച കുറയുമെന്ന് ആശങ്ക

ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്കോ? നിക്ഷേപകർ ഈ ആറു കമ്പനികളെ ശ്രദ്ധിക്കുക. ചെറുകിട കമ്പനികൾക്ക് എന്ത് സംഭവിച്ചു?

Update:2021-09-27 07:52 IST

സെൻസെക്സ് 60,000 കടന്നതിൻ്റെ ആലസ്യത്തിലാകും ഈയാഴ്ച വ്യാപാരം തുടങ്ങുക. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അതിൻ്റെ സൂചനകൾ പ്രകടമായിരുന്നു. 60,333 വരെ കയറിയ ശേഷം സൂചികാധിഷ്ഠിത ഓഹരികളിൽ മാത്രമല്ല മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിലും വലിയ വിൽപന സമ്മർദമുണ്ടായി. ഉച്ചനിലയിൽ നിന്ന് 280 പോയിൻ്റ് താണാണ് സെൻസെക്സ് അന്നു ക്ലോസ് ചെയ്തത്.

നിഫ്റ്റി ഉടനെ 18,000 കടക്കും എന്നതിൽ വിപണിക്കു സംശയമില്ല. ഇപ്പോഴത്തെ ബുൾ തരംഗത്തിന് അതിനുള്ള കരുത്തുമുണ്ട്. എന്നാൽ ലാഭമെടുക്കലിനുള്ള തിടുക്കം ഏതു കയറ്റത്തെയും വലിച്ചു താഴെയിടാം. ചില്ലറ നിക്ഷേപകരെക്കാൾ ലാഭമെടുക്കലിനു മുന്നിൽ നിൽക്കുന്നതു മ്യൂച്വൽ ഫണ്ടുകളും വിദേശ നിക്ഷേപകരുമാണ്.

കയറ്റത്തിൻ്റെ അഞ്ച് ആഴ്ചകൾ

തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയും നേട്ടത്തോടെയാണ് മുഖ്യസൂചികകൾ ക്ലോസ് ചെയ്തത്. സെൻസെക്സ് 60,048.47 ലും നിഫ്റ്റി 17,863.2 ലും വ്യാപാരം അവസാനിപ്പിച്ചു. ആഴ്ചയിലെ നേട്ടം 1.7 ശതമാനമാണ്. ആഴ്ചയുടെ അവസാന ദിനങ്ങളിൽ മിഡ്, സ്മോൾ ക്യാപ് ഓഹരികൾ വിൽപന സമ്മർദത്തിൽ താഴോട്ടു പോയി.
കഴിഞ്ഞയാഴ്ച റിയൽറ്റിയും മീഡിയയും തിളങ്ങുന്ന നേട്ടമുണ്ടാക്കി. മുൻ ആഴ്ചകളിൽ നേട്ടമുണ്ടാക്കിയ മെറ്റൽ ഓഹരികൾ ക്ഷീണത്തിലായിരുന്നു. ഇടയ്ക്കു നിറം മങ്ങിയ ഐടി വാരാന്ത്യത്തോടെ തിരിച്ചു വന്നു. ബാങ്ക്, ധനകാര്യ, വാഹന ഓഹരികൾ ഇടയ്ക്കു ദൗർബല്യം കാണിച്ചെങ്കിലും പിടിച്ചു നിന്നു.
വെള്ളിയാഴ്ച യൂറോപ്യൻ വിപണികൾ താഴ്ചയിലായിരുന്നു. ചൈനയുടെ ജിഡിപി വളർച്ച പ്രതീക്ഷയിലും കുറവാകുമെന്ന സൂചനയാണു കാരണം. റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെയുടെ തകർച്ചയേക്കാൾ സാമ്പത്തിക വളർച്ചയിലെ ഇടിവാണ് യൂറോപ്പിന് ആശങ്ക വളർത്തുന്നത്. ജർമൻ തെരഞ്ഞെടുപ്പിൽ ഇടത്തോട്ടു ചായ് വുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ മുന്നിൽ വന്നത് വിപണിക്കു വീണ്ടും നിരാശ പകരും. നികുതി വർധനയ്ക്കു വേണ്ടി വാദിക്കുന്നവരാണ് സോഷ്യൽ ഡെമോക്രാറ്റുകളും അവർക്കു സഖ്യകക്ഷിയായി വരാവുന്ന ഗ്രീൻ പാർട്ടിയും. ഈ ദിവസങ്ങളിൽ ജർമൻ ആശങ്ക യൂറോപ്യൻ വിപണികളിൽ പ്രതിഫലിക്കും.
യു എസ് ഓഹരികൾ വെള്ളിയാഴ്ച ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നേരിയ നേട്ടത്തോടെയാണ് അവസാനിച്ചത്. നാസ്ഡാക് സൂചിക നാമമാത്രമായി താണു. ഇന്നു രാവിലെ യുഎസ് സൂചികകളുടെ ഫ്യൂച്ചേഴ്സ് ഉയർച്ചയിലാണ്.

എസ്ജിഎക്സ് നിഫ്റ്റി കുതിക്കുന്നു

ഇന്നു രാവിലെ ഏഷ്യൻ സൂചികകൾ ചെറിയ നേട്ടത്തോടെയാണു വ്യാപാരം തുടങ്ങിയത്. ജപ്പാനിലെ നിക്കെെ സൂചിക തുടക്കത്തിൽ 0.35 ശതമാനം ഉയർന്നു. പിന്നീട് അൽപം താണു.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി 17,925 എന്ന നിലയിലാണ്. ഇന്ത്യയിൽ വിപണി നല്ല നേട്ടത്തോടെ തുടങ്ങുമെന്ന് ഡെറിവേറ്റീവ് വ്യാപാരികൾ കരുതുന്നു.
ബുളളിഷ് മനോഭാവത്തിലാണു വിപണി. ദീപാവലിയോടെ നിഫ്റ്റി 19,000 ലക്ഷ്യമിടുമെന്നാണു ബുള്ളുകൾ കരുതുന്നത്. അതേ സമയം തിരുത്തലില്ലാത്ത മുന്നേറ്റത്തിൽ വിപണി അപകട മേഖലയിലേക്കു പോകുന്നു എന്നു കരുതുന്നവരുമുണ്ട്. വൈകും തോറും തിരുത്തലിൻ്റെ ആഴം കൂടുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. സെൻസെക്സ് 50,000 കടന്നപ്പോൾ ഉണ്ടായിരുന്ന പി ഇ അനുപാതത്തേക്കാൾ കുറവാണ് 60,000 ലേത് എന്നു ചൂണ്ടിക്കാട്ടിയാണു ബുള്ളുകൾ ഈ വാദത്തെ പ്രതിരോധിക്കുന്നത്.
നിഫ്റ്റിക്കു 17,800-ലും 17,750 ലും സപ്പോർട്ട് ഉണ്ടെന്ന് സാങ്കേതിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 17,930 ലും 18,000-ലും തടസങ്ങൾ ഉണ്ട്. 18,000-18,200 മേഖല വലിയ വിൽപന സമ്മർദം നേരിടുമെന്നും അത് മറികടന്നാൽ 18,300-18,700 മേഖലയിലേക്കു കുതിക്കാമെന്നും വിപണി വിദഗ്ധർ പറയുന്നു. ലാഭമെടുക്കലുകാർ വിപണിയെ 17, 650 നടുത്തേക്കു വലിച്ചു താഴ്ത്താൻ ഇന്നു ശ്രമിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ വിപണിയിൽ 442.49 കോടി രൂപ നിക്ഷേപിച്ചു. സ്വദേശി ഫണ്ടുകൾ 515.85 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ക്രൂഡ് കുതിക്കുന്നു; സ്വർണത്തിനു തിളക്കം മങ്ങി

ലോഹങ്ങൾ ചെറിയ നേട്ടത്തോടെയാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഇരുമ്പയിര് ഒരാഴ്ചകൊണ്ട് 17 ശതമാനം ഉയർന്നു. അലൂമിനിയം വീണ്ടും 3000 ഡോളർ ലക്ഷ്യമിടുന്നു. ചെമ്പ് 9500 ലേക്കു നീങ്ങുകയാണ്.
ക്രൂഡ് ഓയിൽ വീണ്ടും കുതിപ്പിലാണ്. ബ്രെൻറ് ഇനം വീപ്പയ്ക്ക് 79.35 ഡാേളർ കടന്നു. ഈയാഴ്ച തന്നെ 85 ഡോളറിനടുത്തേക്കു ക്രൂഡ് എത്തുമെന്നാണു വിപണിയുടെ നിഗമനം.
സ്വർണം ഇന്നു രാവിലെ ഔൺസിന് 1748 ഡാേളർ വരെ താണിട്ടു കയറി. 1757-1758 ഡോളറിലാണ് സ്വർണത്തിൻ്റെ ഏഷ്യൻ വ്യാപാരം. സ്വർണം ഈയാഴ്ച 1700 ഡോളറിനടുത്തേക്കു താഴുമെന്നാണു വിപണി കണക്കാക്കുന്നത്. സ്വർണ ഇടിഎഫു ( എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) കളിൽ നിന്നു വലിയ നിക്ഷേപകർ പണം പിൻവലിക്കുകയാണ്.

ബിറ്റ് കോയിനു വിലക്ക്

ഡിജിറ്റൽ ഗൂഢ കറൻസിയായ ബിറ്റ് കോയിനു ചൈന പുതിയ വിലക്കു പ്രഖ്യാപിച്ചത് ഡിജിറ്റൽ കറൻസികൾക്കെല്ലാം വിലയിടിച്ചു. 12 മുതൽ 15 വരെ ശതമാനമാണ് കഴിഞ്ഞയാഴ്ച ഉണ്ടായ വിലത്തകർച്ച. ചൈന തുടർന്നു കൈക്കൊള്ളുന്ന നടപടികൾ അനുസരിച്ചാകും അവയുടെ ഭാവിഗതി.

എവർഗ്രാൻഡെയെ രക്ഷിക്കില്ല

തകർച്ചയിലേക്കു നീങ്ങുന്ന എവർഗ്രാൻഡെ എന്ന റിയൽ എസ്റേററ്റ് കമ്പനിയെ രക്ഷിക്കാൻ ചൈനീസ് ഭരണകൂടം ശ്രമിക്കുകയില്ല എന്നു വ്യക്തമായി. എവർഗ്രാൻഡെയുടെ പേരിൽ ബാങ്കിംഗ് പ്രതിസന്ധി വരാതിരിക്കാൻ ചൈനീസ് കേന്ദ്ര ബാങ്ക് കഴിഞ്ഞയാഴ്ച 7000 കോടി ഡോളർ ബാങ്കിംഗ് മേഖലയ്ക്കു നൽകി. അത് എവർ ഗ്രാൻഡെയ്ക്കു വായ്പ നൽകാനല്ല. ഭദ്രമായ മറ്റു കമ്പനികളുടെ പണലഭ്യത ഉറപ്പുവരുത്താനാണ്. എവർഗ്രാൻഡെയിൽ പാർപ്പിടം വാങ്ങിയവർ അടയ്ക്കുന്നതടക്കമുള്ള പണം പാർപ്പിട നിർമാണത്തിനു മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്താൻ പ്രവിശ്യാ ഭരണകൂടങ്ങൾ വഴി ഗവണ്മെൻ്റ് സംവിധാനം ഏർപ്പെടുത്തി. പാർപ്പിടം വാങ്ങിയവർ നൽകുന്ന പണം കടം തിരിച്ചടയ്ക്കാനും ഉപയോഗിക്കാൻ പാടില്ല.
സമീപകാലത്തു ചൈനീസ് ഭരണകൂടത്തിൻ്റെ നയത്തിൽ വന്ന മാറ്റമാണ് ഇതിൽ കാണുന്നത്. കമ്പനിയും ബാങ്കുകളും കടപ്പത്ര ഉടമകളും എവിടെയെങ്കിലും പോകട്ടെ; പാർപ്പിട ഉടമകൾ അടക്കം ഇടത്തരക്കാർക്കു ബുദ്ധിമുട്ട് വരരുത് എന്നതാണ് പുതിയ നയം. സമൂഹത്തിൻ്റെ പൊതു പുരോഗതി (Common Prosperity) എന്ന പേരിൽ പ്രസിഡൻ്റ് ഷി ചിൻപിംഗ് നടപ്പാക്കുന്ന പുതിയ നയത്തിൻ്റെ കാതൽ അതാണ്‌. എങ്ങനെയും സാമ്പത്തിക വളർച്ച എന്ന ഡെംഗ് സിയാവോ പിംഗിൻ്റെ നയം ഷി ദൂരെയെറിഞ്ഞു. അതിനാൽ എവർഗ്രാൻഡെയെ രക്ഷിക്കില്ല. എന്നാൽ അവരുടെ ഫ്ലാറ്റുകൾ വാങ്ങിയവർക്കു ഫ്ലാറ്റുകൾ ഉറപ്പാക്കും.

നയം മാറ്റത്തിൽ ചൈനീസ് വളർച്ച കുറയുന്നു

ഇതേ നയം മാറ്റമാണ് കമ്പനികളുടെ മലിനീകരണം കുറയ്ക്കാനുള്ള നീക്കത്തിലും കാണുന്നത്. പുതിയ താപവൈദ്യുത നിലയങ്ങൾ വിലക്കി. ഉള്ളവയുടെ മലിനീകരണം കുറയ്ക്കാനും നടപടി തുടങ്ങി. ഈ നീക്കം വൈദ്യുതി ഉൽപാദനത്തിൽ വലിയ കുറവു വരുത്തി.ഇത് വ്യവസായ ഉൽപാദനത്തെയും അതുവഴി ജിഡിപിയെയും ബാധിക്കുമെന്നാണു റിപ്പോർട്ട്. ലോക ജിഡിപി വളർച്ചയിൽ ഏറ്റവും വലിയ പങ്ക് നൽകുന്ന ചൈനയുടെ വളർച്ചത്തോത് കുറയുന്നത് ആഗോള വളർച്ചയെ സാരമായി ബാധിക്കും. അതേച്ചൊല്ലി യൂറോപ്പ് കാണിക്കുന്ന ആശങ്ക മറ്റിടങ്ങളിലേക്കും ഇന്ത്യയിലേക്കും വരും ദിവസങ്ങളിൽ വ്യാപിക്കും.

നേട്ടം കൊയ്യാൻ ആറു കമ്പനികൾ

മോർഗൻ സ്റ്റാൻലിയുടെ എംഎസ് സി ഐ സ്റ്റാൻഡാർഡ് ഇൻഡെക്സിലേക്ക് ആറു കമ്പനികൾ കൂടി പെടുത്തുമെന്നു റിപ്പോർട്ടുണ്ട്. മൈൻഡ് ട്രീ, എസ് ആർ എഫ് , ഐആർസിടിസി, എംഫസിസ്, ഗോദ്റെജ് പ്രോപ്പർട്ടീസ്, സൊമാറ്റോ എന്നീ കമ്പനികളാണ് സൂചികയിൽ സ്ഥാനം പിടിക്കുക. സൂചികയിൽ വന്നാൽ വിദേശികളും സ്വദേശി ഫണ്ടുകളും അവയിൽ കൂടുതൽ പണം നിക്ഷേപിക്കും. അവയുടെ വില ഗണ്യമായി ഉയരും.

ചെറുകിടക്കാരെ ഇല്ലാതാക്കി; നികുതി പിരിവ് കൂടി

പ്രത്യക്ഷ നികുതി പിരിവിൽ 50 ശതമാനത്തോളം വളർച്ച സെപ്റ്റംബർ 20 വരെ ഉണ്ടെന്ന് ഗവണ്മെൻ്റ് കഴിഞ്ഞ ദിവസം അറിയിച്ചു. പ്രത്യക്ഷ നികുതി ബജറ്റ് ലക്ഷ്യത്തേക്കാൾ കൂടുതലാകും എന്നും ഉറപ്പായി. ഇതു സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലായതു കൊണ്ടാണെന്ന് സർക്കാർ അവകാശപ്പെടുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളിൽ നല്ല പങ്ക് പൂട്ടിപ്പോയതും അവയുടെ ബിസിനസ് വലിയ കമ്പനികൾ കൈയടക്കിയതുമാണു യഥാർഥ വിഷയം. വലിയ കമ്പനികൾ മുൻകൂർ നികുതി അടയ്ക്കുന്നതിൽ ഉണ്ടായ വലിയ കുതിപ്പ് ഈ നിഗമനത്തെ ശരിവയ്ക്കുന്നു. ചെറുകിടക്കാരെ നിഷ്കാസനം ചെയ്ത് വൻകിടക്കാർ വൻ ലാഭത്തിലേക്കു കുതിച്ചു. കറൻസി റദ്ദാക്കലിൽ തുടങ്ങിയ പ്രക്രിയ കോവിഡ് വന്നതോടെ വേഗത്തിലാകുകയായിരുന്നു.
This section is powered by Muthoot Finance



Tags:    

Similar News