വിപണിക്കു താങ്ങായി സ്വദേശി ഫണ്ടുകൾ? വിദേശികൾ വിൽക്കുന്നതിനു പിന്നിൽ എന്ത്? രണ്ടാം പാദ റിസൽട്ടിൽ തിളക്കം പ്രതീക്ഷിക്കാമോ? വിലക്കയറ്റ ഭീഷണി വീണ്ടും
വിദേശ നിക്ഷേപകർ ഇപ്പോൾ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതിന്റെ കാരണം? ക്രൂഡ് വില വീണ്ടും കയറുന്നു; ആ പ്രവചനം നിക്ഷേകർ ശ്രദ്ധിച്ചോ?
സ്വദേശി ഫണ്ടുകൾ വൻതോതിൽ ഓഹരികൾ വാങ്ങിയത് ഇന്ത്യൻ വിപണിയെ ഇന്നലെ വലിയ തകർച്ചയിൽ നിന്ന് ഒഴിവാക്കി. വിദേശ നിക്ഷേപകരാകട്ടെ തുടർച്ചയായ മൂന്നാം ദിവസവും വിൽപന കൂട്ടി.. റീട്ടെയിൽ നിക്ഷേപകർ അതീവ ജാഗ്രത പുലർത്തേണ്ട ദിവസങ്ങളാണിത്. പരസ്പര വിരുദ്ധമായ നിരവധി ഘടകങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്നു. ഒപ്പം വിവിധ വിപണികളും നിക്ഷേപ മേഖലകളും കോളിളക്കത്തിലുമാകുന്നു. ഇതിനിടെ ശരിയായ നിക്ഷേപ തീരുമാനങ്ങൾ എളുപ്പമല്ല.
ഇന്ത്യൻ വിപണി ചെറിയ നഷ്ടത്തോടെ ക്ലോസ് ചെയ്ത ശേഷം യൂറോപ്യൻ വിപണി തുടക്കത്തിലെ നേട്ടങ്ങൾ നഷ്ടപ്പെടുത്തിയാണു വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണി തുടക്കത്തിൽ ശക്തമായ കയറ്റം കാണിച്ച ശേഷം താഴ്ന്നു ചെറിയ നേട്ടത്തോടെ ക്ലോസ് ചെയ്തു. യു എസ് ഫ്യൂച്ചേഴ്സ് ഇന്ന് ഉയർന്നാണു നീങ്ങുന്നത്. എന്നാൽ ഇന്നു രാവിലെ ഏഷ്യൻ വിപണികൾ കാര്യമായ ഉണർവ് കാണിച്ചില്ല.. സമവായത്തിനു മുൻതൂക്കം നൽകുന്ന ഫൂമിയാേ കിഷിഡ പ്രധാനമന്ത്രിയാകും എന്നുറപ്പായ ജപ്പാനിൽ സൂചികകൾ തുടക്കത്തിൽ ഉയർന്ന ശേഷം താണു.
ചെറിയ നഷ്ടത്തിൽ വിപണി
സെൻസെക്സ് ഇന്നലെ 254.33 പോയിൻ്റ് നഷ്ടത്തിൽ 59,413.27 ൽ ക്ലോസ് ചെയ്തു. 37.3 പോയിൻ്റ് നഷ്ടപ്പെടുത്തിയ നിഫ്റ്റി 17,711.3ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഗണ്യമായ നേട്ടമുണ്ടാക്കിയപ്പോൾ തന്നെ നിരവധി മിഡ് ക്യാപ് ഓഹരികൾ കുത്തനേ ഇടിയുകയും ചെയ്തു. തുടക്കത്തിൽ വലിയ താഴ്ചയിലേക്കു പോയ ബാങ്ക് - ധനകാര്യ ഓഹരികൾ പിന്നീടു നഷ്ടം കുറച്ചു. എന്നാൽ എച്ച്ഡിഎഫ്സി ദ്വയങ്ങൾ താണത് മുഖ്യസൂചികകളെ വലിച്ചു താഴ്ത്തി. മെറ്റൽ, ഊർജ ഓഹരികൾ വലിയ നേട്ടം ഉണ്ടാക്കി.
വിദേശികൾ എന്തിനു വിൽക്കുന്നു?
തുടർച്ചയായ മൂന്നാം ദിവസവും വിൽപനക്കാരായ വിദേശ നിക്ഷേപകർ ഇന്നലെ ക്യാഷ് വിപണിയിൽ നിന്നു പിൻവലിച്ചത് 1896 കോടി. മൂന്നു ദിവസം കൊണ്ടു പിൻവലിച്ചത് 4449 കോടി രൂപ.ഇതു യാദൃച്ഛികമാകണമെന്നില്ല. വിദേശ ഫണ്ടുകൾ പണം പിൻവലിക്കാൻ ആരംഭിച്ചോ എന്ന സംശയം പലർക്കുമുണ്ട്. അമേരിക്കയിലും മറ്റും കടപ്പത്ര വില കുറയുന്നത് നിക്ഷേപ അവസരം സൃഷ്ടിക്കുന്നുമുണ്ട്. ഇന്ത്യൻ വിപണി ഇപ്പോൾ ലാഭമെടുക്കലിനു പറ്റിയ നിലയിലുമാണ്. ഡോളർ കരുത്താർജിക്കുന്നതിനാൽ നേരത്തേ പിൻവാങ്ങുന്നതാണു ലാഭകരം. വിദേശികൾ ഇൻഡെക്സ് ഫ്യൂച്ചേഴ്സിൽ 5464 കോടിയുടെ വിൽപനയും ഇൻഡെക്സ് ഓപ്ഷൻസിൽ 5642.75 കോടിയുടെ വാങ്ങലും നടത്തി.
സ്വദേശി ഫണ്ടുകൾ ഇന്നലെ 3262.16 കോടി രൂപ ഓഹരികളിൽ നിക്ഷേപിച്ചു. ഈ മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിക്ഷേപമാണിത്. ഈ മാസം ഫണ്ടുകൾ മൊത്തം നിക്ഷേപിച്ച തുകയുടെ പകുതിയോളം ഇന്നലത്തേതാണ്.
ബെയറിഷ് മനോഭാവം മാറുമോ?
വിപണി ബെയറിഷ് ആണെന്നു സാങ്കേതിക വിശകലന വിദഗ്ധർ പറയുന്നു. 17,400- 17,900 മേഖലയിൽ ഒരു സമാഹരണമാണു നിഫ്റ്റിയിൽ നിന്ന് ഇനി പ്രതീക്ഷിക്കാവുന്നത്. താഴ്ചകളിൽ നല്ല ഓഹരികൾ വാങ്ങാൻ അവസരമുണ്ട്. 17,800-നു മുകളിലേക്കു കരുത്തോടെ കയറിയാലേ നിഫ്റ്റിക്കു 18,000 എന്ന ലക്ഷ്യത്തിലേക്കു കുതിക്കാൻ കഴിയൂ. ഇപ്പോൾ നിഫ്റ്റിക്കു 17,610-ൽ ശക്തമായ സപ്പോർട്ട് ഉണ്ട്.
സെപ്റ്റംബർ സീരീസ് ഡെറിവേറ്റീവുകൾ ഇന്നു സെറ്റിൽ ചെയ്യും.ഇതിനു ശേഷം വിപണി മനോഭാവം ഏതു ദിശയിൽ മാറുമെന്നാണ് എല്ലാവരും നോക്കുന്നത്. കമ്പനികളുടെ രണ്ടാം പാദ റിസൽട്ടുകൾ ഒക്ടോബറിൽ വരും. പ്രതീക്ഷിച്ച മികവ് പല മേഖലകളിലും ഉണ്ടാകാനിടയില്ല.
സിംഗപ്പുർ എക്സ്ചേഞ്ചിലെ ഡെറിവേറ്റീവ് വിപണിയിൽ എസ്ജി എക്സ് നിഫ്റ്റി 17,625 ലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്നു രാവിലെ അത് 17,695-ലേക്കു കയറി.
ക്രൂഡ് വീണ്ടും കയറുന്നു
ക്രൂഡ് ഓയിൽ ഇന്നലെ ചാഞ്ചാടി. 77 ഡോളറിലേക്കു താണ ബ്രെൻ്റ് ഇനം ക്രൂഡ് ഇന്ന് 78.75 ഡോളറിലേക്കു തിരിച്ചു കയറി. ക്രൂഡ് ഡിമാൻഡ് കുറയുന്ന വിധം സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാകുമെന്ന വാദങ്ങളാണ് വില താഴ്ത്തിയത്. വളർച്ച കുറയുമെങ്കിലും ക്രൂഡ് ആവശ്യം കുറയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. പ്രകൃതി വാതകം, കൽക്കരി തുടങ്ങിയവയുടെ വിലയും ഉയർന്നു നിൽക്കുന്നു.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വീണ്ടും കയറ്റത്തിലായി. ഇന്ധനങ്ങളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം ഗവണ്മെൻ്റ് തള്ളിക്കളയുകയാണ്. ഇന്ധനനികുതി വരുമാനം ഏപ്രിൽ -ഓഗസ്റ്റിൽ 73 ശതമാനം വർധിച്ചു. സംസ്ഥാനങ്ങൾക്കു വീതിക്കാതെ കേന്ദ്ര സർക്കാരിനു തന്നെ ഉപയോഗിക്കാൻ പറ്റുന്ന വരുമാനമാണ് ഇന്ധന നികുതിയിൽ നിന്നു കിട്ടുന്നത്.
സ്വർണത്തിനു കയറാൻ പറ്റുന്നില്ല
ഡോളർ സൂചിക 94.3 ലേക്കു കയറിയതോടെ സ്വർണം വീണ്ടും താഴ്ചയിലായി. ഇന്നലെ 1721 ഡോളർ വരെ സ്വർണ വില താണു. ഇന്നു രാവിലെ 1730-ലേക്ക് ഉയർന്നെങ്കിലും വിപണി മനോഭാവം വലിയ കയറ്റത്തിന് അനുകൂലമല്ല. വില 1673 ഡോളറിനു കീഴോട്ടു പോയാൽ 1550 ഡോളർ വരെ കുത്തനെ വീഴാമെന്നാണു വിശകലനം. 1750 ലെ സപ്പോർട്ടിലേക്കു തിരിച്ചു കയറാൻ രണ്ടു ദിവസമായി ശ്രമിച്ചിട്ടും സ്വർണത്തിനു കഴിയാത്തതു ബുള്ളുകളെ നിരാശപ്പെടുത്തുന്നു.
വ്യാവസായിക ലോഹങ്ങൾ ഇന്നലെ ചെറിയ തോതിൽ താണു. വിപണിയിൽ അനിശ്ചിതത്വമാണ്. ചൈനീസ് ഡിമാൻഡ് സംബന്ധിച്ചു വ്യക്തത ലഭിക്കുന്നില്ല.
വിലക്കയറ്റഭീഷണി വർധിക്കുന്നു
ഇന്ധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതിക്ഷാമവും ചൈന മലിനീകരണ നിയന്ത്രണം കർശനമാക്കുന്നതും ആഗാേള വിലക്കയറ്റത്തിനു കാരണമാകുമന്ന് പരക്കെ നിഗമനമുണ്ട്. യുഎസ് വിലക്കയറ്റം നാലു ശതമാനത്തിൻ്റെ ചുറ്റുവട്ടത്തു കുറേക്കാലം കൂടി തുടരുമെന്നു യുഎസ് ഫെഡ് ചെയർമാൻ ജെറോം പവൽ മുന്നറിയിപ്പ് നൽകി. വിലക്കയറ്റം താൽക്കാലികമാണെന്ന മുൻ നിലപാട് അദ്ദേഹം തിരുത്തി. വിലക്കയറ്റം നീളുന്നതു പലിശ വർധന നേരത്തേയാക്കാൻ പ്രേരിപ്പിക്കും.
നാശത്തിൻ്റെ പ്രവാചകൻ പറയുന്നു
തകർച്ചകൾ പ്രവചിക്കുന്നതിൻ്റെ പേരിൽ 'ഡോ.ഡൂം' (ഡോ. നാശം) എന്നു ചെല്ലപ്പേരുള്ള ധനശാസ്ത്രജ്ഞൻ നൂറിയേൽ റൂബീനിയുടെ പുതിയ പ്രവചനം: "ഫെഡറൽ റിസർവും മറ്റു കേന്ദ്ര ബാങ്കുകളും കടപ്പത്രം വാങ്ങൽ അവസാനിപ്പിക്കുന്നതു വലിയ സാമ്പത്തിക കോളിളക്കത്തിനു കാരണമാകും. ആസ്തി വിലകൾ കുത്തനേ ഇടിയും. അതേ സമയം വിലക്കയറ്റം കുതിച്ചു കയറും. കുറഞ്ഞ പലിശയ്ക്കു കണക്കില്ലാത്ത വിധം ലഭിച്ചിരുന്ന പണത്തിൻ്റെ ബലത്തിൽ ഓടുന്ന ആഗോള സമ്പദ് വ്യവസ്ഥ പെട്ടെന്ന് ഇന്ധനം തീർന്നതു പോലെയാകും. 2013-ലേതു പോലെ ഫെഡ് കടപ്പത്രം വാങ്ങൽ പുനരാരംഭിക്കേണ്ടി വരും."
ഓഹരി -ഉൽപന്ന- ധനകാര്യ വിപണികളെ കടുത്ത തകർച്ചയിലാക്കാതെ കേന്ദ്ര ബാങ്കുകൾക്ക് ഇപ്പോഴത്തെ ഉത്തേജക പരിപാടികൾ അവസാനിപ്പിക്കാനാവില്ല എന്നു ചുരുക്കം.
2008-ലെ മാന്ദ്യത്തിലേക്കു നയിച്ച സബ് പ്രൈം പ്രതിസന്ധിയെപ്പറ്റി ആദ്യമേ മുന്നറിയിപ്പ് നൽകിയതും 2013 ലെ ഫെഡ് തീരുമാനം അപകടകരമാണെന്നു ചൂണ്ടിക്കാട്ടിയതുമൊക്കെയാണു റൂബീനിയെ പ്രശസ്തനാക്കിയത്.