അമേരിക്കന്‍ കരുത്തില്‍ സൂചികകള്‍, നിഫ്റ്റി റെക്കോഡിനരികെ; മുന്നേറി ജിയോജിത്തും കല്യാണും, സെബി ഷോക്കില്‍ പകച്ച് പേയ്ടിഎം

ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം റെക്കോഡില്‍

Update:2024-08-26 17:56 IST

അമേരിക്കയില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ സെപ്റ്റംബറില്‍ കുറയ്ക്കുമെന്ന ഉറപ്പ് ഊര്‍ജമാക്കി കുതിക്കുകയാണ് ആഗോള വിപണികള്‍. ഇതിന്റെ ചുവുടുപിടിച്ച് ഇന്ത്യന്‍ സൂചികകളും ഇന്ന് കരുത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിംപോസിയത്തില്‍ നടന്ന പ്രസംഗത്തിലാണ് യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സമയമായെന്ന് സൂചിപ്പിച്ചത്. പലിശ നിരക്ക് കുറയ്ക്കുന്നത് യു.എസ് കപ്പത്രങ്ങളുടെ നേട്ടം കുറയാനും യു.എസ് ഡോളര്‍ ഇന്‍ഡെക്‌സ് താഴാനും ഇടാക്കുമെന്നും ഇതുവഴി ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് നിക്ഷേപം ഒഴുകുമെന്നുമാണ് കരുതുന്നത്. എന്നാല്‍ എത്ര ശതമാനമാണ് പലിശ നിരക്കില്‍ കുറവു വരുത്തുക എന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ല.
നിഫ്റ്റി ഇന്ന് ഒരുവേള സര്‍വകാല റെക്കോഡായ 25,078ന് അടുത്തു വരെയെത്തി. പിന്നീട് 25010.60ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും 25,000 എന്ന നാഴിക്കല്ല് തിരിച്ചുപിടിക്കാനായെന്നതാണ് നിഫ്റ്റിയുടെ ഇന്നത്തെ ശ്രദ്ധേയമായ നേട്ടം. തുടര്‍ച്ചയായ എട്ടാമത്തെ സെഷനിലാണ് നിഫ്റ്റി നേട്ടം തുടരുന്നത്. ഇക്കാലയളവില്‍ സൂചികയുടെ നേട്ടം 3.6 ശതമാനമാണ്.
സെന്‍സെക്‌സാകട്ടെ ഇന്ന് ഒരുവേള 738.06 പോയിന്റ് ഉയര്‍ന്ന് 81,824.27 വരെ എത്തിയശേഷം 612 പോയിന്റ് നേട്ടത്തോടെ 81,698.11ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം ഇന്ന് റെക്കോഡ് തൊട്ടു. 460 ലക്ഷം കോടി രൂപയില്‍ നിന്ന് 462.3 ലക്ഷം കോടിയായി. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തിലുണ്ടായത് രണ്ട് ലക്ഷം കോടി രൂപയുടെ വര്‍ധന.
ബി.എസ്.ഇയില്‍ ഇന്ന് 4,197 ഓഹരികളാണ് വ്യാപാരം നടത്തിയത്. ഇതില്‍ 2,191 ഓഹരികള്‍ നേട്ടത്തിലും 1,857 ഓഹരികള്‍ നഷ്ട്ത്തിലും  വ്യാപാരം അവസാനിപ്പിച്ചു. 149 ഓഹരികള്‍ക്ക് വിലമാറ്റമില്ല. 399 ഓഹരികളാണ് ഇന്ന് 52 ആ ഴ്ചയിലെ ഉയര്‍ന്ന വില തൊട്ടത്. 23 ഓഹരികളുടെ വില താഴ്ചയും കണ്ടു. ഏഴ് ഓഹരികളാണ് അപ്പര്‍ സര്‍ക്യൂട്ടിലുള്ളത്. രണ്ട് ഓഹരികളെ ലോവര്‍ സര്‍ക്യൂട്ടിലും കണ്ടു.
വിവിധ സൂചികകളുടെ പ്രകടനം
വിശാല വിപണിയിലിന്ന് നിഫ്റ്റി മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.64 ശതമാനം, 0.42 ശതമാനം എന്നിങ്ങനെ നേട്ടം കാഴ്ചവച്ചു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

നിഫ്റ്റി മെറ്റല്‍ സൂചികയാണ് ഇന്ന് വിവിധ സൂചികകള്‍ക്ക് നേട്ടത്തിന് വഴികാണിച്ചത്. റിയല്‍റ്റി സൂചികകള്‍ 1.76 ശതമാനം ഉയര്‍ച്ചയുമായി തൊട്ടു പിന്നിലുണ്ട്. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കലിന്റെ നേരിട്ടുള്ള ഗുണം ലഭിക്കുന്ന ഐ.ടി കമ്പനികളിലെ മുന്നേറ്റം ഐ.ടി സൂചികകളെ 1.39 ശതമാനം ഉയര്‍ത്തി. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയും ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. മീഡിയ, പി.എസ്.യു ബാങ്ക് സൂചികകള്‍ മാത്രമാണ് ഇന്ന് നഷ്ട ചുവപ്പില്‍പ്പെട്ടത്.
ഓഹരികളിലെ കുതിപ്പ്

മാമഎര്‍ത്ത്, ദി ഡെര്‍മോ കോ, ബ്ലന്റ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ഹൊനാന്‍സ കണ്‍സ്യൂമര്‍ ഓഹരി ഇന്ന് 14 ശതമാനം ഉയര്‍ന്നു. ഹൊനാന്‍സ കണ്‍സ്യൂമര്‍, ജസ്റ്റ്‌ഫോര്‍ കിഡ്‌സ് സര്‍വീസസ്, ഫ്യൂഷന്‍ കോസ്‌മെറ്റിക്‌സ് എന്നിവയുടെ ലയനത്തിന് ഛത്തീ
സ്ഗഡ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതാണ് ഓഹരിയെ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ലിസ്റ്റ് ചെയ്ത ഹൊനാന്‍സയുടെ ഓഹരി വില ഇതുവരെ 63 ശതമാനമാണ് മുന്നേറിയത്.
ഓഹരി ബൈബാക്ക് പ്രഖ്യാപിച്ച ആരതി ഡ്രഗ്‌സ് ഓഹരികള്‍ ഇന്ന് 13 ശതമാനം ഉയര്‍ന്നു.
പ്രമുഖ നിക്ഷേപകന്‍ രമേഷ് ധമാനി ഓഹരികള്‍ സ്വന്തമാക്കിയ വാര്‍ത്തകള്‍ വന്ന് രണ്ട് ദിവസത്തിനു ശേഷം എന്‍.ഐ.ഐ.ടി ഓഹരി വില 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടടിച്ചു. 153 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പവറില്‍ നിന്ന് 11,000 കോടിയുടെ വിവിധ ഓര്‍ഡറുകള്‍ ലഭിച്ച പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (BHEL) ഓഹരി ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്നു.

നേട്ടത്തിലിവര്‍


 


ടാറ്റ എല്‍ക്‌സിയാണ് ഇന്ന് നിഫ്റ്റി 200ലെ വന്‍ മുന്നേറ്റക്കാര്‍. ഓഹരി 10.88 ശതമാനം കുതിച്ച് 7,859 രൂപയിലെത്തി. പോളിസി ബസാറിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക് 7.29 ശതമാനം ഉയര്‍ന്ന് രണ്ടാം സ്ഥാനത്തെത്തി. മാക്രോടെകെ് ഡെവലപ്പേഴ്‌സിന്റെ മാതൃകമ്പനിയായ ലോധ ഇന്ന് 4.80 ശതമാനം ഉയര്‍ന്നു.
കേരള കമ്പനിയായ കല്യാണ്‍ ജുവലേഴ്‌സ് ഓഹരിയാണ് നേട്ടപട്ടികയില്‍ നാലാമത്. ഓഹരി വില 4.64 ശതമാനം ഉയര്‍ന്നു.
സെയില്‍ ഓഹരികള്‍ 4.47 ശതമാനം ഉയര്‍ന്ന് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
കിതപ്പില്‍ ഇവര്‍
സൈഡസ് ലൈഫ് സയന്‍സസാണ് ഇന്ന് ആറ് ശതമാനം ഇടിവുമായി നിഫ്റ്റി 200ല്‍ നഷ്ടത്തില്‍ മുന്നിലെത്തിയത്. പെര്‍ഫെക്ട് ഡേ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്റ്റെര്‍ലിംഗ് ബയോടെക്കിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായി കഴിഞ്ഞ ദിവസം സൈഡസ് പ്രഖ്യാപിച്ചിരുന്നു.
പേയ്ടിഎമ്മിന്റെ സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയ്ക്കും ബോര്‍ഡ് അംഗങ്ങള്‍ക്കും സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കയിത് ഇന്ന് ഓഹരികളില്‍ 8.8 ശതമാനം വരെ ഇടിവുണ്ടാക്കി. 2021ല്‍ ഐ.പി.ഒ സമയത്ത് വസ്തുതകള്‍ തെറ്റായി രേഖപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് വിവിധ പദവികളിലുണ്ടായിരുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പേയ്ടിഎം സി.ഇ.ഒ വിജയ് ശേഖര്‍ ശര്‍മയെ പ്രമോട്ടറായി കാണിക്കാതെ ജീവനക്കാരന്‍ എന്നതായാണ് കാണിച്ചിരിക്കുന്നതെന്നതാണ് പ്രശ്‌നം. 

നഷ്ടത്തിലിവര്‍

നൈക (2.83 ശതമാനം), ബാങ്ക് ഓഫ് ഇന്ത്യ (2.46 ശതമാനം), സുസ്‌ലോണ്‍ എനര്‍ജി (2.46 ശതമാനം) എന്നിവയാണ് നിഫ്റ്റി 200ല്‍ ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.
ഐ.പി.ഒയ്ക്ക് ശേഷം ഏഴ് ദിവസം കൊണ്ട് ഓഹരി വില ഇരട്ടിയാക്കിയ ഓല ഇലക്ട്രിക് ഓഹരികള്‍ ഇന്ന് 5 ശതമാനത്തോളം ഇടിവിലാണ്. ഓഗസ്റ്റ് 20ലെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് 24 ശതമാനമാണ് ഓഹരിയുടെ ഇടിവ്.
ഓഹരി വിപണിയില്‍ നിന്ന് സെബി വിലക്കിയ അനില്‍ അംബാനിയുടെ ഉടമസ്ഥതിലുള്ള റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് പവര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഓഹരികളില്‍ നിന്ന് നിക്ഷേപകര്‍ പിന്മാറുന്നത് ഓഹരികളെ ഇന്നും ലോവര്‍ സര്‍ക്യൂട്ടിലാക്കി.
ജിയോജിത്തും കല്യാണും മുന്നേറ്റത്തില്‍
കേരള കമ്പനി ഓഹരികളില്‍ ഇന്ന് ഏറ്റവും വലിയ മുന്നേറ്റം കാഴ്ച വച്ചത് ജിയോജിത് ഓഹരികളാണ്. 7.54 ശതമാനം ഉയര്‍ന്ന് ഓഹരി വില 121.25 രൂപയിലെത്തി.
ശോഭ മങ്ങാതെ കല്യാണ്‍ ജുവലേഴ്‌സ് ഓഹരി കുതിപ്പ് തുടരുകയാണ്. ഉയര്‍ന്നു നില്‍ക്കുന്ന സ്വര്‍ണ വില ഓഹരിക്ക് മാറ്റുകൂട്ടുന്നുണ്ട്‌.
. ഒപ്പം കഴിഞ്ഞ ദിവസം കല്യാണിന്റെ പ്രമോട്ടര്‍ ടി.എസ് കല്യാണ രാമന്‍ കമ്പനയിലെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിച്ചതും ഓഹരിക്ക് കരുത്തു പകര്‍ന്നു. ഉയര്‍ന്ന വിലയില്‍ പ്രമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് കമ്പനിയുടെ അടിത്തറയെ കുറിച്ചുള്ള ആത്മവിശ്വാസമാണ് കാണിക്കുന്നത്. പോപ്പുലര്‍ ഓഹരിയാണ് ഇന്ന് 3.21 ശതമാനം നേട്ടവുമായി മൂന്നാമത്. കേരളത്തില്‍ നിന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് അവസാനമായി എത്തിയ ആഡ് ടെക് സിസ്റ്റംസ് ഓഹരി ചെറിയ ഇടവേളയ്ക്ക് ശേഷം 4.13 ശതമാനം ഉയര്‍ന്നാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. കൊച്ചിന്‍ മിനറല്‍സ് ഓഹരിയുടെ 2.49 ശതമാനം നേട്ടത്തിലാണ്.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

കഴിഞ്ഞയാഴ്ച  കാര്യമായ മുന്നേറ്റം കാഴ്ചവച്ച കിറ്റെക്‌സ് ഓഹരികള്‍ ഇന്ന് 4.47 ശതമാനം ഇടിഞ്ഞു. വെള്ളിയാഴ്ചയും ഓഹരി ഇടിവിലായിരുന്നു. റബ്ഫിലയാണ് 4.04 ശതമാനം ഇടിവുമായി ഇന്ന്  തൊട്ടു പിന്നില്‍. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികള്‍ 2.43 ശതമാനം ഇടിവിലാണ്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫാക്ട് ഓഹരികളും ഇന്ന് ഇടിവിലായിരുന്നു.
Tags:    

Similar News