സെന്‍സെക്‌സ് 240 പോയിന്റ് ഉയര്‍ന്നു; 11% മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്
നിഫ്റ്റി 18,600ന് അരികെ; ബൈജൂസിന്റെ ആകാശ് ഐ.പി.ഒയ്ക്ക്, നിഫ്റ്റി ഓട്ടോ പുതിയ ഉയരത്തില്‍, വണ്ടര്‍ലയ്ക്ക് 4% നേട്ടം
അമേരിക്കന്‍, ഏഷ്യന്‍ ഓഹരി സൂചികകളിലെ ഉണര്‍വിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരിവിപണികളും ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. സെന്‍സെക്‌സ് 240.36 പോയിന്റ് (0.38 ശതമാനം) ഉയര്‍ന്ന് 62,787.47ലും നിഫ്റ്റി 59.75 പോയിന്റ് (0.32 ശതമാനം) നേട്ടവുമായി 18,593ലുമാണുള്ളത്.
ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിഫ്റ്റി 18,600 ഭേദിച്ചിരുന്നു. ഒരുവേള 18,640 വരെയും മുന്നേറിയെങ്കിലും വില്‍പനസമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് 18,593ലേക്ക് തിരിച്ചിറങ്ങുകയായിരുന്നു. 62,943 വരെ ഉയര്‍ന്ന ശേഷമാണ് സെന്‍സെക്‌സും നേട്ടം നിജപ്പെടുത്തി 62,787ല്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.
സെന്‍സെക്‌സില്‍ 246 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലും 53 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലുമെത്തി. 2,160 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,498 കമ്പനികള്‍ നേരിട്ടത് നഷ്ടം. 182 കമ്പനികളുടെ ഓഹരി വിലയില്‍ മാറ്റമില്ല. 14 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 5 കമ്പനികള്‍ ലോവര്‍ സര്‍ക്യൂട്ടിലും വ്യാപാരം നടത്തി.
അമേരിക്കയിലെ തൊഴിലവസരങ്ങളുടെ നിരക്കുയര്‍ന്നത് ആഗോള ഓഹരിലോകത്തിന് തന്നെ ആശ്വാസമാണ്. കാരണം, ഇത് സമീപകാലത്തൊന്നും മാന്ദ്യക്കാറ്റ് ആഞ്ഞടിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശകൂട്ടുന്ന നടപടികള്‍ നിറുത്തിവച്ചേക്കുമെന്ന പ്രതീക്ഷകളും നേട്ടമാകുന്നു.
നേട്ടത്തിലേറിയവര്‍
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എല്‍ ആന്‍ഡ് ടി., ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ്, മാരുതി സുസുക്കി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ വന്‍കിട ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യങ്ങളാണ് ഇന്ന് ഓഹരി സൂചികകളെ നേട്ടത്തില്‍ നിലനിറുത്തിയത്.
ഗുജറാത്തില്‍ 13,000 കോടി രൂപ നിക്ഷേപത്തോടെ ഇ.വി ബാറ്ററി പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടന്നതിന്റെ പശ്ചാത്തലത്തില്‍ ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ 52-ആഴ്ചത്തെ ഉയരം തൊട്ടു.
മേയിലെ മികച്ച വില്‍പനയുടെ കരുത്തില്‍ നിഫ്റ്റി ഓട്ടോ സൂചിക ഇന്ന് 1.26 ശതമാനം മുന്നേറി എക്കാലത്തെയും ഉയരമായ 14,570ലെത്തി. നിഫ്റ്റി ബാങ്ക്, ധനകാര്യം, മീഡിയ, മെറ്റല്‍, ഫാര്‍മ, സ്വകാര്യബാങ്ക്, റിയല്‍റ്റി എന്നീ സൂചികകളും ഇന്ന് നേട്ടത്തിലാണ്.
പ്രെസ്റ്റീല് എസ്റ്റേറ്റ്, ട്രൈഡന്റ്, ടോറന്റ് പവര്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
നിരാശപ്പെടുത്തിയവര്‍
ഗുജറാത്ത് ഫ്‌ളൂറോ കെമിക്കല്‍സ് ലിമിറ്റഡ്, ഇന്‍ഫോ എഡ്ജ് (നൗക്രി), എ.യു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, മാക്‌സ് ഹെല്‍ത്ത് കെയര്‍, ആദിത്യ ബിര്‍ള കാപ്പിറ്റല്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടത്.
ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, നെസ്‌ലെ, എച്ച്.യു.എല്‍., കോട്ടക് ബാങ്ക് എന്നിവയും നഷ്ടത്തിലാണ്. നിഫ്റ്റി ധനകാര്യം, ഐ.ടി., പി.എസ്.യു ബാങ്ക്്, ഹെല്‍ത്ത് കെയര്‍ സൂചികകളാണ് ഇന്ന് നഷ്ടത്തിലേക്ക് വീണത്. എഫ്.എം.സി.ജി സൂചിക വ്യാപാരത്തിനിടെ ഒരുവേള റെക്കോഡ് ഉയരത്തിലെത്തിയെങ്കിലും പിന്നീട് ലാഭമെടുപ്പിനെ തുടര്‍ന്ന് നേട്ടം കുറഞ്ഞു. നിഫ്റ്റി മിഡ്ക്യാപ്പ് 0.14 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.36 ശതമാനവും നേട്ടത്തിലാണ്.
ബൈജൂസ് ആകാശ് ഓഹരി വിപണിയിലേക്ക്
മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് കീഴിലെ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) അടുത്തവര്‍ഷമുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. 2023-24ല്‍ 4,000 കോടി രൂപ വരുമാനവും 900 കോടി രൂപ പ്രവര്‍ത്തന വരുമാനവും (എബിറ്റ്ഡ) ഉന്നമിടുന്നുണ്ട് കമ്പനി. 2021 ഏപ്രിലിലാണ് 7,100 കോടി രൂപയ്ക്ക് ആകാശിനെ ബൈജൂസ് ഏറ്റെടുത്തത്.
കൊച്ചി കപ്പല്‍ശാലയ്ക്ക് കുതിപ്പ്
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് ഏറെ തിളക്കം കൊച്ചി കപ്പല്‍ശാലയ്ക്കായിരുന്നു (കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്). സമുദ്ര പ്രതിരോധ രംഗത്ത് (മാരിടൈം ഡിഫന്‍സ് സെക്ടര്‍) അമേരിക്കയും ഇന്ത്യയും സഹകരിക്കുമെന്ന വാര്‍ത്തകളാണ് കപ്പല്‍ നിര്‍മ്മാണ, അറ്റകുറ്റപ്പണി രംഗത്തുള്ള കമ്പനികളുടെ ഓഹരികള്‍ക്ക് നേട്ടമായത്.
ഇന്ന് ഒരുവേള 14 ശതമാനം വരെ മുന്നേറ്റം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ നടത്തി. വ്യാപാരാന്ത്യം ഓഹരിവിലയുളളത് 11.45 ശതമാനം ഉയര്‍ന്ന് 558.9 രൂപയിലാണ്.
ഈസ്റ്റേണ്‍ ട്രെഡ്‌സ് 4.09 ശതമാനവും വണ്ടര്‍ല 4.67 ശതമാനവും നേട്ടമുണ്ടാക്കി. കിറ്റെക്‌സ്, കൊച്ചിന്‍ മിനറല്‍സ്് എന്നിവ രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. ആസ്റ്റര്‍, പാറ്റ്‌സ്പിന്‍, റബ്ഫില, ഇന്‍ഡിട്രേഡ് എന്നിവ 2-3 ശതമാനം ഇടിവിലാണുള്ളത്.
ക്രൂഡോയില്‍ മുന്നോട്ട്; രൂപയ്ക്ക് തകര്‍ച്ച
ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള സൗദി അറേബ്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില ഉയരുകയാണ്. ഡബ്ല്യു.ടി.ഐ ക്രൂഡ് വില ബാരലിന് 2.34 ശതമാനം വര്‍ദ്ധനയുമായി 73.42 ഡോളറിലാണുള്ളത്. ബ്രെന്റ് ക്രൂഡ് വില 2.14 ശതമാനം വര്‍ദ്ധിച്ച് 77.76 ഡോളറിലെത്തി.
രാജ്യാന്തര സ്വര്‍ണവില ദുര്‍ബലമാണ്. ഔണ്‍സിന് 1944 ഡോളര്‍ നിലവാരത്തില്‍ നിന്ന് ഇപ്പോഴുള്ളത് 1938 ഡോളര്‍ നിലവാരത്തിലാണ്. ഇതാണ് ഇന്നത്തെ വ്യാപാരത്തിന്റെ ട്രെന്‍ഡ് എങ്കിലും കേരളത്തില്‍ നാളെ സ്വര്‍ണവില കുറയും.
അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഒഴിഞ്ഞതിന്റെ കരുത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചു. ചൈനീസ് യുവാന്‍ ദുര്‍ബലമായതിന്റെ സ്വാധീനത്താല്‍ രൂപയും തളര്‍ന്നു. മാര്‍ച്ചിന് ശേഷമുള്ള ഏറ്റവുമധികം ഏകദിന നഷ്ടത്തിലേക്ക് ഇന്നൊരുവേള രൂപ വീണു. കഴിഞ്ഞദിവസത്തെ 82.30ല്‍ നിന്ന് 82.67ലേക്ക് ഡോളറിനെതിരെ മൂല്യം ഇന്ന് കുറഞ്ഞു.