നേട്ടത്തിന്റെ വെളളി, അപ്പര്‍ സര്‍ക്യൂട്ടില്‍ ഫാക്ട്, മുന്നേറ്റം തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍
വിശാല വിപണിയില്‍ ഭൂരിഭാഗം സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
ഇന്നലെ നഷ്ടത്തിലായിരുന്ന വിപണി ഇന്ന് വീണ്ടും നേട്ടത്തിലേക്ക് കയറി. ഡിസംബറിലേക്ക് വിപണി പ്രവേശിക്കാനിരിക്കെ പോസറ്റീവ് കുറിപ്പില്‍ വ്യാപാരം അവസാനിപ്പിച്ചത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഫാർമ, എനർജി, ഓട്ടോ സൂചികളുടെ നേതൃത്വത്തിലാണ് വിപണി മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്മോൾ ക്യാപ് സൂചിക (0.75 ശതമാനം) ബെഞ്ച്‌മാർക്ക് സൂചികകള്‍ക്ക് അനുസൃതമായി നീങ്ങിയപ്പോള്‍ മിഡ്‌ക്യാപ് സൂചിക (0.16 ശതമാനം) ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്‌സ് 0.96 ശതമാനം ഉയർന്ന് 79,802.79ലും നിഫ്റ്റി 0.91 ശതമാനം ഉയർന്ന് 24,131.10 ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 759.05 പോയിന്റും നിഫ്റ്റി 216.90 പോയിൻ്റും നേട്ടം രേഖപ്പെടുത്തി.
ഐടി, ബാങ്കിംഗ് മേഖലകൾ ചെറിയ തകർച്ചയ്ക്ക് ശേഷം തിരിച്ചു കയറുന്നത് വിപണി ദിശ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തുന്നത്. സമീപകാലങ്ങളില്‍ മികച്ച പ്രകടനം നടത്തിയ സ്‌മോൾക്യാപ് ഓഹരികളെ അവഗണിക്കുന്നത് ശരിയായ സമീപനം ആയിരിക്കില്ലെന്നും വികസിച്ചുകൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി നിക്ഷേപകര്‍ സന്തുലിത സമീപനം സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും കാണുന്നവരുണ്ട്.
വിശാല വിപണിയില്‍ വെളളിയാഴ്ച ഭൂരിഭാഗം സൂചികകളും പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ട് സൂചികകള്‍ മാത്രമാണ് ചുവപ്പിലേക്ക് വീണത്. നിഫ്റ്റി റിയല്‍റ്റി 0.51 ശതമാനത്തിന്റെയും പി.എസ്.യു ബാങ്ക് 0.48 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നിഫ്റ്റി ഫാര്‍മ 2.35 ശതമാനം ഉയര്‍ച്ചയോടെ നേട്ടത്തിന് ചുക്കാന്‍ പിടിച്ചു. ഹെല്‍ത്ത് കെയര്‍ 2.04 ശതമാനത്തിന്റെയും മീഡിയ 1.45 ശതമാനത്തിന്റെയും നേട്ടം രേഖപ്പെടുത്തി.
നേട്ടത്തിലായവരും നഷ്ടത്തിലായവരും
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി ടോട്ടൽ ഗ്യാസ് കമ്പനികളുടെ ഓഹരികൾ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൻ്റെ ഫ്യൂച്ചേഴ്‌സ് ആൻഡ് ഓപ്‌ഷന്‍സ് (എഫ് ആൻഡ് ഒ) വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് നേട്ടത്തിന് കാരണം. മൂന്ന് ഓഹരികളുടെയും ട്രേഡിംഗ് വോള്യങ്ങളിൽ ഗണ്യമായ വര്‍ധനവാണ് ഉണ്ടായത്. ഓഹരികളുടെ ഒരു മാസത്തെ പ്രതിദിന ട്രേഡിംഗ് ശരാശരിയുടെ പകുതിയിലധികമാണ് ഒരു മണിക്കൂറിനുള്ളിൽ കൈമാറ്റം ചെയ്യപ്പെട്ടത്.
അദാനി ഗ്രീൻ എനർജി 20 ശതമാനം ഉയര്‍ന്ന് 1315 ലും അദാനി എനർജി സൊല്യൂഷൻസ് 13 ശതമാനം ഉയര്‍ന്ന് 824 ലുമാണ് ക്ലോസ് ചെയ്തത്.
കേരളം ആസ്ഥാനമായ പൊതുമേഖലാ രാസവളം നിർമാണക്കമ്പനി ഫാക്ടിന്റെ ഓഹരി 10 ശതമാനത്തോളമാണ് ഉയര്‍ന്നത്. റാബി കർഷകർക്ക് ആവശ്യമായ വളം ഉറപ്പാക്കുമെന്ന കേന്ദ്ര സർക്കാര്‍ പ്രഖ്യാപനം ഓഹരിക്ക് തുണയായി. ഓഹരി 986 ലാണ് ക്ലോസ് ചെയ്തത്.
ഇന്ത്യയിലെ പ്രമുഖ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ പൂനവല്ല ഫിൻകോർപ്പിൻ്റെ ഓഹരിയില്‍ 4.91 ശതമാനം ഇടിവ് രേഖപ്പെടുത്തി. സെപ്റ്റംബർ പാദത്തിൽ 471.04 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.
കോൾഗേറ്റ് പാമോലിവ് (ഇന്ത്യ) ഓഹരി 3.87 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബുദ്ധിമുട്ടേറിയ വിപണി സാഹചര്യങ്ങൾ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി മാനേജ്മെൻ്റ് അറിയിച്ചു.
ഫാക്ടിന് മികച്ച മുന്നേറ്റം
കേരളാ കമ്പനികളില്‍ ഫാക്ടിനെ കൂടാതെ വെളളിയാഴ്ച മികച്ച പ്രകടനം കാഴ്ചവെച്ച ഓഹരികള്‍ പോപ്പീസ് കെയര്‍, ഹാരിസണ്‍സ് മലയാളം എന്നിവയാണ്. പോപ്പീസ് കെയര്‍ 4.98 ശതമാനവും ഹാരിസണ്‍സ് മലയാളം 3.01 ശതമാനവും നേട്ടം രേഖപ്പെടുത്തി.
സ്കൂബി ഡേ ഗാര്‍മെന്റ്സ് (3.50%), കല്യാണ്‍ ജുവലേഴ്സ് (2.04%), കേരളാ ആയുര്‍വേദ (2.22%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
മുത്തൂറ്റ് മൈക്രോഫിന്‍ 2.17 ശതമാനം നഷ്ടത്തിലാണ് വെളളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ മിനറൽസ് & റൂട്ടൈൽ, റബ്ഫില ഇൻ്റർനാഷണൽ, എസ്.ടി.ഇ.എല്‍ ഹോൾഡിംഗ്സ്, വണ്ടർലാ ഹോളിഡേയ്സ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.