സൂചികകള്‍ കുതിപ്പില്‍; സര്‍വകാല റെക്കോഡില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്

കൂപ്പുകുത്തി പേയ്ടിഎം, ഓഹരി ഇന്നും 20 ശതമാനം ഇടിഞ്ഞു

Update:2024-02-02 10:44 IST

Image : Canva and Freepik

ഒരു ദിവസം കഴിഞ്ഞപ്പോള്‍ വിപണിക്കു ബജറ്റിനെപ്പറ്റി നല്ല അഭിപ്രായം. ഓഹരി വിപണി കുതിച്ചു കയറി. കടപ്പത്ര വിലകള്‍ കൂടുകയും അവയിലെ നിക്ഷേപ നേട്ടം 7.03 ശതമാനം ആയി കുറയുകയും ചെയ്തു.വിപണി രാവിലെ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. നിഫ്റ്റി 21,964 വരെയും സെന്‍സെക്‌സ് 72,543 വരെയും കയറി. റിലയന്‍സ് ഓഹരി വില 2930 രൂപ എന്ന റെക്കോര്‍ഡ് നിലയില്‍ എത്തി

'റിസര്‍വ് ബാങ്കിന്റെ വിലക്കില്‍ പെട്ട പേയ്ടിഎം ഓഹരി ഇന്നും 20 ശതമാനം ഇടിഞ്ഞു. രണ്ടു ദിവസം കൊണ്ടു 36 ശതമാനം താഴ്ന്ന് 487.20 രൂപയായി ഓഹരിവില.

ഭവനനിര്‍മാണത്തിനു ബജറ്റില്‍ വലിയ വകയിരുത്തല്‍ ഉണ്ടെന്നതിന്റെ പേരില്‍ പൊതുമേഖലാ കമ്പനികളായ എന്‍.ബി.സി.സി 18ഉം ഹഡ്‌കോ പത്തും ശതമാനം ഉയര്‍ന്നു. എന്‍.ബി.സി.സി ഇന്നലെ എട്ടും ഹഡ്‌കോ 20ഉം ശതമാനം ഉയര്‍ന്നതാണ്. എന്‍.ബി.സി.സി ആറു മാസം കൊണ്ട് 200ഉം ഒരു വര്‍ഷം കൊണ്ട് 290 ശതമാനവും ശതമാനം കയറി. ഹഡ്‌കോ ആറു മാസം കൊണ്ട് 225 ശതമാനവും ഒരു വര്‍ഷം കൊണ്ട് 345 ശതമാനവും ഉയര്‍ന്നു.

ലാഭമാര്‍ജിനുകള്‍ ചുരുങ്ങിയതിനെ തുടര്‍ന്ന് മാക്‌സ് ഹെല്‍ത്ത് കെയര്‍ ഓഹരി അഞ്ചു ശതമാനം താണു. സഹാറയുടെ ലക്നൗ ആശുപത്രി 550 കോടി രൂപയ്ക്ക് മാക്‌സ് ഹെല്‍ത്ത് കെയര്‍ വാങ്ങിയിരുന്നു. മികച്ച റിസല്‍ട്ടും ഉയര്‍ന്ന ലാഭമാര്‍ജിനും ആബട്ട് ഓഹരിയെ ഒന്‍പതു ശതമാനം ഉയര്‍ത്തി.

വാഹന വില്‍പനയുടെ കണക്കുകള്‍ ആവേശകരമല്ലാത്തതിനാല്‍ ഐഷര്‍ മോട്ടോഴ്‌സ് താഴ്ന്നു. മികച്ച റിസല്‍ട്ട് മൂലം ഹീറോ മോട്ടോകോര്‍പ് ഓഹരി ഉയര്‍ന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നും കുതിച്ചു. ഇന്നലെ എട്ടു ശതമാനം ഉയര്‍ന്ന ഓഹരി ഇന്നു രാവിലെ നാലു ശതമാനം കയറി 40.15 രൂപ വരെ എത്തി. ഒരു മാസം കൊണ്ടു 43 ശതമാനവും ഒരു വര്‍ഷം കൊണ്ട് 120 ശതമാനവും നേട്ടം ഉണ്ടാക്കിയതാണ് ഓഹരി.

ഒരു മാസം കൊണ്ട് 77 ശതമാനം ഉയര്‍ന്ന ധനലക്ഷ്മി ബാങ്ക് ഇന്ന് രണ്ടു ശതമാനം ഉയര്‍ന്ന് 55 രൂപ വരെ എത്തി. ഫെഡറല്‍ ബാങ്ക് ഓഹരി ഒരു ശതമാനത്തോളം ഉയര്‍ന്ന് 147.95 രൂപവരെയായി.

രൂപ ഇന്നു കൂടുതല്‍ ശക്തിപ്പെട്ടു. ഡോളര്‍ രാവിലെ ആറു പൈസ കുറഞ്ഞ് 82.91 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 82.84 രൂപയായി. 2024-ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഏഷ്യന്‍ കറന്‍സിയാണ് ഇന്ത്യന്‍ രൂപ.

സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2054 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കൂടി 46,640 രൂപയായി. ലോക വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴുകയാണ്. ഹമാസ്-ഇസ്രയേല്‍ വെടിനിര്‍ത്തല്‍ സാധ്യമാകും എന്ന സൂചനയാണ് ക്രൂഡ് വിലയെ താഴ്ത്തുന്നത്. ബ്രെന്റ് ഇനം ക്രൂഡ് 79.08 ഡോളറായി താഴ്ന്നു.

 

Tags:    

Similar News