വിപണി ഇടിയുന്നു; ഐ.ടിയും ഊര്‍ജവും താഴ്ചയില്‍, നേട്ടത്തിന്റെ ട്രാക്കില്‍ ടാറ്റ മോട്ടോഴ്‌സ്
ഐ.ഐ.എഫ്.എല്ലിനെതിരെയുള്ള റിസര്‍വ് ബാങ്ക് നടപടി മറ്റ് സ്വര്‍ണ പണയ ഓഹരികളെ ഉയര്‍ത്തി
വിപണി ചെറിയ താഴ്ചയില്‍ തുടങ്ങി കൂടുതല്‍ താഴ്ചയിലായി. ഐ.ടി, ബാങ്ക്, ധനകാര്യ, ഊര്‍ജ മേഖലകളിലാണ് വലിയ ഇടിവ്. ഒരു മണിക്കൂറിനകം മുഖ്യ സൂചികകള്‍ അര ശതമാനത്തിലധികം താഴെയായി.
ടാറ്റാ മോട്ടോഴ്‌സ് വിഭജനത്തെ വിപണി സ്വാഗതം ചെയ്തു. ഓഹരി രാവിലെ എട്ടു ശതമാനം കയറി 1,065 രൂപയില്‍ എത്തി.
മറ്റു വാഹന ഓഹരികളും ഇന്നു നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ രാവിലെ രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു.
ഐ.ടി കമ്പനികളുടെ പ്രകടനം മോശമാകുമെന്ന ബ്രോക്കറേജ് സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിഫ്റ്റി ഐ.ടി ഒന്നേകാല്‍ ശതമാനം താണു. ടി.സി.എസ്, ഇന്‍ഫി, എംഫസിസ്, പെര്‍സിസ്റ്റന്റ്, എച്ച്.സി.എല്‍, ടെക് മഹീന്ദ്ര, മൈന്‍ഡ് ട്രീ തുടങ്ങിയവ ഒരു ശതമാനത്തിലധികം താഴ്ചയിലായി.
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ സ്വര്‍ണപ്പണയ ബിസിനസിന് റിസര്‍വ് ബാങ്ക് വിലക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആ കമ്പനിയുടെ ഓഹരി 20 ശതമാനം ഇടിഞ്ഞ് 477.75 രൂപയായി. വിദേശ ബ്രോക്കറേജ് ജെഫറീസ്
ഈ ഓഹരി വാങ്ങാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും വിപണിയില്‍ താല്‍പര്യം കാണുന്നില്ല. വായ്പ നല്‍കുന്നതില്‍ റിസര്‍വ് ബാങ്ക് നല്‍കിയിട്ടുളള നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണു നടപടി ഉണ്ടായത്. മാസങ്ങളായി കമ്പനിയുമായി റിസര്‍വ് ബാങ്ക് ബന്ധപ്പെട്ടു വരികയായിരുന്നു.
ഐ.ഐ.എഫ്.എല്‍ ഫിനാന്‍സിന്റെ സ്വര്‍ണപ്പണയ ബിസിനസ് വിലക്കപ്പെട്ട സാഹചര്യത്തില്‍ ഇതേ മേഖലയിലെ പ്രമുഖ കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സിനും മണപ്പുറം ജനറല്‍ ഫിനാന്‍സിനും നല്ല നേട്ടം ഉണ്ടായി. മുത്തൂറ്റ് ഓഹരി രാവിലെ 10 ശതമാനം കുതിച്ച് 1,527 രൂപയിലും മണപ്പുറം ആറു ശതമാനം ഉയര്‍ന്ന് 199 രൂപയിലും എത്തി. പിന്നീടു താണു.
സ്വര്‍ണപ്പണയ രംഗത്തു സജീവമായ സി.എസ്ബി. ബാങ്ക് ഓഹരി രാവിലെ അഞ്ചു ശതമാനം ഉയര്‍ന്ന് 368 രൂപയിലെത്തി.
ആവാസ് ഫിനാന്‍സിന്റെ 13 ശതമാനം ഓഹരി കൈമാറ്റം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഹരിവില അഞ്ചു ശതമാനത്തിലധികം താണു.
പേയ്ടിഎമ്മിന്റെ ഒരു ശതമാനത്തിലധികം ഓഹരി ബള്‍ക്ക് ആയി കൈമാറിയതിനെ തുടര്‍ന്ന് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
സുസ്ലോണ്‍ എനര്‍ജി, ഐനോക്‌സ് വിന്‍ഡ് തുടങ്ങിയ കാറ്റാടി ഊര്‍ജ കമ്പനികള്‍ ഇന്നും അഞ്ചു ശതമാനം ഇടിഞ്ഞു. ഊര്‍ജവില നിര്‍ണയ നയം മാറ്റുന്നതിനെ തുടര്‍ന്നാണിത്.
രൂപ ഇന്നു നാമമാത്രമായി താണു. ഡോളര്‍ ഒരു പൈസ കയറി 82.90 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.92 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ 2113 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 560 രൂപ കൂടി 47,560 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി. കഴിഞ്ഞ ഡിസംബര്‍ 28 ലെ 47,120 രൂപയെ മറി കടന്നാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ സ്വര്‍ണ ഫ്യൂച്ചേഴ്‌സ് 2126 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ അവസാനിച്ചു.