വിപണി ചാഞ്ചാട്ടത്തിൽ; ഇന്‍ഫോസിസിനെ പിന്തള്ളി എല്‍.ഐ.സി, തകര്‍ന്നടിഞ്ഞ് പേയ്ടിഎം
പൊതുമേഖലാ ബാങ്കുകളും എണ്ണ കമ്പനികളും മെറ്റല്‍ കമ്പനികളും താഴ്ചയില്‍
വിപണി ഇന്നു ചാഞ്ചാടുകയാണ്. താഴ്ന്നു തുടങ്ങിയിട്ട് തിരിച്ചു കയറി, വീണ്ടും താഴ്ചയിലായി. പൊതുമേഖലാ ബാങ്കുകളും എണ്ണ കമ്പനികളും മെറ്റൽ കമ്പനികളും താഴ്ചയുടെ മുന്നിലാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് കമ്പനികൾക്കും ഇന്നു ക്ഷീണമാണ്.
പൊതുമേഖലാ എണ്ണ കമ്പനികളില്‍ ഐ.ഒ.സി നാലര ശതമാനം താണു. ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ഒ.എൻ.ജി.സി, എം.ആർ.പി.എൽ, ചെന്നൈ പെട്രോ തുടങ്ങിയവയും താഴോട്ടു നീങ്ങി.
രാവിലെ അഞ്ചുശതമാനത്തോളം ഉയർന്ന എൽ.ഐ.സി വിപണി മൂല്യത്തിൽ ഇൻഫോസിസ് ടെക്നോളജീസിനെ പിന്തള്ളി നാലാം സ്ഥാനത്തെത്തി. എൽ.ഐ.സി ഓഹരി 1,150 രൂപയിലെത്തിയപ്പോൾ വിപണിമൂല്യം 7.28 ലക്ഷം കോടി രൂപയിലെത്തി. ഇൻഫോസിസ് വിപണിമൂല്യം രാവിലെ 6.99 ലക്ഷം കോടിയായി താണു.
പേയ്ടിഎം ഓഹരി ഇന്നു രാവിലെ എട്ടു ശതമാനം താഴ്ന്നു.
വരുമാനം 6.4 ശതമാനവും അറ്റാദായം 6.2 ശതമാനവും കുറഞ്ഞതിനെ തുടർന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ് ഏഴര ശതമാനം ഇടിവിലായി. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ നാലു ശതമാനത്തോളം താണു.
പവർ ഫിനാൻസ് കോർപറേഷൻ എട്ടും ആർ.ഇ.സി അഞ്ചും ശതമാനവും താഴ്ന്നു. റിസൽട്ട് പ്രതീക്ഷയോളം വരാത്തതാണു കാരണം.
ജെ.കെ ലക്ഷ്മി സിമൻ്റ് ലാഭവും മാർജിനും ഗണ്യമായി വർധിപ്പിച്ചതിനെ തുടർന്ന് ഓഹരി ആറു ശതമാനം കയറി.
മികച്ച ലാഭം കാണിച്ച റിസൽട്ടിനെ തുടർന്ന് സൊമാറ്റോ ഓഹരി നാലു ശതമാനത്തോളം ഉയർന്നു.
രൂപ ഇന്നു വിലമാറ്റമില്ലാതെ തുടക്കമിട്ടു. ഡോളർ 82.96 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 2033 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 46,320 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 81.67 ഡോളറിലാണ്.