വിപണി നേട്ടം തുടരുന്നു; തടസമേഖല മറികടക്കാൻ നിഫ്റ്റി, സര്‍വകാല റെക്കോഡില്‍ ഫെഡറല്‍ ബാങ്ക്
കയറ്റത്തില്‍ നിന്നിറങ്ങി കല്യാണ്‍, കയറ്റം തുടര്‍ന്ന് ബി.പി.സി.എല്‍
വിപണി ഇന്നു നല്ല ഉയർച്ചയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് സാവധാനം കയറുകയാണ്.
നിഫ്റ്റി 22,000നു മുകളിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും പിന്നീട് 22,000നു താഴെയായി. കുറേ കഴിഞ്ഞ് വീണ്ടും 22,000നു മുകളിൽ സൂചിക എത്തി. 22,000-22,100 തടസമേഖല മറികടക്കൽ പ്രയാസമേറിയതാണെന്ന ധാരണ ശരിവയ്ക്കുന്ന രീതിയിലാണു വിപണി നീങ്ങിയത്.
ബാങ്ക് നിഫ്റ്റി ഇന്ന് തണുത്ത മുന്നേറ്റമാണു നടത്തുന്നത്. ധനകാര്യ കമ്പനികൾ പലതും ദുർബലമായി.
വാഹന കമ്പനികളും ഫാർമയുമാണ് കരുത്തോടെ മുന്നേറുന്നത്. ഇന്ധനങ്ങളുടെ അമിതലാഭ നികുതി വർധിപ്പിച്ചത് റിലയൻസിനും മറ്റും തിരിച്ചടിയായി. ബി.പി.സി.എൽ ഇന്നും നല്ല കയറ്റത്തിലാണ്.
ധനലക്ഷ്മി ബാങ്ക് ഓഹരി രാവിലെ അഞ്ചു ശതമാനം കയറിയെങ്കിലും പിന്നീടു നേട്ടം മൂന്നു ശതമാനമായി കുറച്ചു.
ഫെഡറൽ ബാങ്ക് ഓഹരി രാവിലെ മൂന്നു ശതമാനത്തിലധികം കുതിച്ച് 162 രൂപ എന്ന സർവകാല റെക്കോർഡിൽ എത്തി. ബാങ്കിൻ്റെ എം.ഡി ആൻഡ് സി.ഇ.ഒ സ്ഥാനത്തേക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് ഡയറക്ടർ കെ.വി.എസ് മണിയൻ അടക്കം മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഉടനേ റിസർവ് ബാങ്കിനു സമർപ്പിക്കും എന്ന റിപ്പോർട്ടാണ് ഓഹരിയെ കയറ്റുന്നത്.
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് മൂന്നു ശതമാനം കയറി 35.50 രൂപ വരെ എത്തി.
ഇന്നലെ വലിയ കയറ്റത്തിലായിരുന്ന കല്യാൺ ജുവലേഴ്‌സ് ഓഹരി ഇന്നു രാവിലെ രണ്ടേകാൽ ശതമാനം താഴ്ന്നു.
രൂപ അൽപം നേട്ടം ഉണ്ടാക്കി. ഡോളർ 83.01 രൂപയായി. സ്വർണം ലോകവിപണിയിൽ 2003 ഡോളറിലായി. കേരളത്തിൽ സ്വർണം പവന് 160 രൂപ കൂടി 45,680 രൂപയിൽ എത്തി.