തുടർച്ചയായ കുതിപ്പിനു ബ്രേക്ക്; വിപണി ചാഞ്ചാട്ടത്തില്‍

ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂന്നാംപാദ ഫലം ഓഹരിയെ ഉയര്‍ത്തി

Update:2024-01-16 11:39 IST

ഇന്ത്യന്‍ വിപണി ഇന്നു രാവിലെ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി. പിന്നീടു കൂടുതല്‍ താഴ്ന്നിട്ടു തിരിച്ചു കയറി നേട്ടത്തിലായി. തുടര്‍ന്നു ചാഞ്ചാട്ടമായി.

കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചു കയറിയ ഐ.ടി ഓഹരികള്‍ ഇന്ന് താഴ്ചയിലായി. ടി.സി.എസും ഇന്‍ഫോസിസും അര ശതമാനം താഴ്ന്നപ്പാേള്‍ വിപ്രോയും ടെക് മഹീന്ദ്രയും എച്ച്‌.സി.എലും  മൈന്‍ഡ് ട്രീയും ഒന്നര ശതമാനം താഴെയായി.

ഫെഡറല്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൂന്നാംപാദ ഫലം ഓഹരിയെ ഉയര്‍ത്തി. അറ്റാദായം 28 ശതമാനം കൂടി, വരുമാനം 34.7 ശതമാനം ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞു.

റിലയന്‍സിന്റെ ജിയോ ഫിനാന്‍സ് മൂന്നാം പാദത്തില്‍ വരുമാനവും അറ്റാദായവും കുറഞ്ഞതായി കാണിച്ചു. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

ആസ്റ്റര്‍ ഡി.എം ഗള്‍ഫിലെ ബിസിനസ് വിറ്റു കിട്ടിയ പണം ലാഭവീതമായി നല്‍കുന്നു. ഓഹരി ഒന്നിന് 120 രൂപ വരെ ലഭിക്കും. ഓഹരി 12 ശതമാനം വരെ ഉയര്‍ന്നു.

റെയില്‍വേ ഓഹരികള്‍ ഇന്നും കുതിച്ചു. ഐ.ആര്‍.എഫ്‌.സി 10 ശതമാനം വരെ ഉയര്‍ന്നിട്ട് താണു. ഒരു വര്‍ഷം കൊണ്ട് മൂന്നു മടങ്ങ് ഉയര്‍ന്നതാണ് ഓഹരി. ആര്‍വിഎന്‍എല്‍ അഞ്ചും ഇര്‍കോണ്‍ മൂന്നും ശതമാനം കയറി.

വരുമാനം 42 ശതമാനം കൂടിയപ്പോള്‍ ലാഭത്തില്‍ 14.2 ശതമാനം മാത്രം വര്‍ധന കാണിച്ച ഏഞ്ചല്‍ വണ്‍ ബ്രാേക്കിംഗ് ഓഹരി 12 ശതമാനം ഇടിഞ്ഞു.

ജ്യോതി സി.എന്‍.സി 11 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്തു. പിന്നീടു നേട്ടം 18 ശതമാനമായി.

രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ ആറു പൈസ കയറി 82.93 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. പിന്നീട് 82.97 രൂപയായി.

സ്വര്‍ണം ലോകവിപണിയില്‍ 2049 ഡോളറിലാണ്. കേരളത്തില്‍ പവന് 180 രൂപ കുറഞ്ഞ് 46,440 രൂപയായി.

ക്രൂഡ് ഓയില്‍ വില കയറ്റത്തിലായി. ബ്രെന്റ് ഇനം 78.35 ഡോളറിലേക്കു കയറി.

Tags:    

Similar News