ഐ.ടിയും താഴേക്ക്; ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു, റെക്കോഡില്‍ നിന്നിറങ്ങി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

സൗത്ത് ഇന്ത്യന്‍ ബാങ്കും ഫെഡറല്‍ ബാങ്കും അടക്കം കേരള ബാങ്കോഹരികള്‍ നഷ്ടത്തില്‍

Update:2024-01-18 11:58 IST

representational image from canva

വിപണി താഴുകയാണ്. തുടക്കം മുതല്‍ താഴോട്ടു നീങ്ങുന്ന വിപണി ഒരു മണിക്കൂറിനകം ഒരു ശതമാനം താഴ്ചയിലായി. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി മൂന്നര ശതമാനം വരെ താഴ്ന്നിട്ട് നഷ്ടം കുറച്ചു. കഴിഞ്ഞ ദിവസം കാര്യമായി താഴാതിരുന്ന മിഡ് ക്യാപ്, സ്മാേള്‍ ക്യാപ് സൂചികകള്‍ ഇന്നു രണ്ടു ശതമാനം വരെ താണു.

നിഫ്റ്റി 21,285 പോയിന്റും സെന്‍സെക്‌സ് 70,665 പോയിന്റും താഴ്ന്നിട്ട് ഗണ്യമായി തിരിച്ചു കയറി.

ഇന്നലെ നേട്ടത്തിലായിരുന്ന ഐ.ടി ഇന്ന് വലിയ ഇടിവിലാണ്. ബാങ്ക്, ധനകാര്യ, വാഹന, മെറ്റല്‍, റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയും ഇന്നു താഴ്ചയിലാണ്.

മൂന്നാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും മോശമായതിനെ തുടര്‍ന്ന് ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഓഹരി 10 ശതമാനം ഇടിഞ്ഞു. കമ്പനിക്കു ലാഭം രണ്ടു ശതമാനമേ കൂടിയുള്ളൂ. കഴിഞ്ഞ പാദവുമായി നോക്കുമ്പോള്‍ ലാഭം ഏഴു ശതമാനം കുറവാണ്. പുതിയ ബിസിനസ് മൂല്യം 29 ശതമാനവും പുതിയ ബിസിനസ് മാര്‍ജിന്‍ 11 ശതമാനവും ഇടിഞ്ഞു.

ഓറക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ് വേര്‍ റവന്യു 26 ശതമാനവും അറ്റാദായം 69 ശതമാനവും വര്‍ധിപ്പിച്ചു. ഓഹരി 19 ശതമാനം കുതിച്ച് 6,074 രൂപ വരെ എത്തി. അഞ്ചു ദിവസം കൊണ്ട് ഓഹരി 35 ശതമാനം ഉയര്‍ന്നു.

ഓഹരികൾ 

ദക്ഷിണേന്ത്യയിലെ പ്രമുഖ ഓട്ടാേ കംപോണന്റ് കമ്പനിയായ പ്രികോള്‍ ഓഹരി ഇന്ന് നാലര ശതമാനം ഉയര്‍ന്നു. ഇന്നലെ ഈ ഓഹരി ആറു ശതമാനം ഇടിഞ്ഞതാണ്. കമ്പനിയുടെ ഓഹരികളില്‍ ബള്‍ക്ക് വ്യാപാരം നടന്നതിനെ തുടര്‍ന്നായിരുന്നു ഇടിവ്. കമ്പനിയെ പിടിക്കാന്‍ ഉത്തരേന്ത്യന്‍ കമ്പനിയായ മിന്‍ഡ കോര്‍പറേഷന്‍ ഏതാനും മാസം മുന്‍പ് 15.4 ശതമാനം ഓഹരി കൈവശമാക്കിയിരുന്നു. അതില്‍ ഒരു ഭാഗം 343.5 രൂപ വില വച്ച് വിറ്റു. അതേ തുടര്‍ന്ന് ഇന്നലെ മിന്‍ഡാ ഓഹരി നാലു ശതമാനം കയറി. പ്രികോളിനെ കൈയടക്കാനുള്ള ശ്രമം മിന്‍ഡ ഉപേക്ഷിച്ചു എന്നാണ് ഇതില്‍ നിന്നു മനസിലാക്കാവുന്നത്.

വിപണിയുടെ പ്രതീക്ഷയിലും മോശമായ റിസല്‍ട്ട് മൂലം എല്‍.ടി.ഐ മൈന്‍ഡ് ട്രീ ഓഹരി 14 ശതമാനം ഇടിഞ്ഞു. കൂടുതല്‍ കരാറുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വരുമാന വളര്‍ച്ചയില്‍ വലിയ പ്രതീക്ഷ അനലിസ്റ്റുകള്‍ക്ക് ഇല്ല.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്നു രാവിലെ 896 രൂപ വരെ ഉയര്‍ന്നു റെക്കോര്‍ഡ് കുറിച്ചിട്ട് താഴ്ന്ന് ഒന്നര ശതമാനം നഷ്ടത്തിലായി.

ഫെഡറല്‍ ബാങ്ക് ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി നാലു ശതമാനം താഴ്ന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചും സി.എസ്.ബി ബാങ്ക് രണ്ടും ശതമാനം ഇടിവിലാണ്.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നും താഴ്ന്നു. ഡോളര്‍ രണ്ടു പൈസ കയറി 83.15 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.18 രൂപയായി.

സ്വര്‍ണം ലോകവിപണിയില്‍ 2008 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 45,920 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

ക്രൂഡ് ഓയില്‍ വില കയറിയിറങ്ങി. ബ്രെന്റ് ഇനം രാവിലെ 78.18 ഡോളറിലായി.

Tags:    

Similar News