ബാങ്കിംഗ് കരുത്തിൽ തിരിച്ചുകയറി ഓഹരി വിപണി; റിസൾട്ടിന് മുമ്പേ താഴ്ന്ന് റിലയൻസ്, സോണി-സീ ലയനം തുലാസിൽ
കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇ.എം.എസ് ലിമിറ്റഡിന്റെ റിസള്‍ട്ട് മികച്ചതായതിനെ തുടര്‍ന്ന് ഓഹരി അഞ്ച് ശതമാനം ഉയര്‍ന്നു
വിപണി ഉത്സാഹപൂര്‍വം തിരിച്ചു കയറ്റത്തിലായി. തുടക്കത്തിലെ കുതിപ്പ് അല്‍പസമയം തടസപ്പെട്ടെങ്കിലും കയറ്റം തുടരുകയാണ്. രാവിലെ സെന്‍സെക്‌സ് 71,877 വരെയും നിഫ്റ്റി 21,666 വരെയും എത്തി.
എല്ലാ വ്യവസായ മേഖലകളും നേട്ടം ഉണ്ടാക്കിയ ഇന്ന് ബാങ്ക്, ധനകാര്യ മേഖലകളാണു മുന്നില്‍ നിന്നത്. ഐ.ടി കമ്പനികളും നല്ല ഉയര്‍ച്ചയിലായി. പ്രമുഖ ഐ.ടി കമ്പനികള്‍ ഒന്നു മുതല്‍ മൂന്നു വരെ ശതമാനം കയറി.
രാവിലെ നേട്ടത്തില്‍ തുടങ്ങിയ റിലയന്‍സ് റിസല്‍ട്ടിനു മുമ്പുള്ള വില്‍പനസമ്മര്‍ദം മൂലം താഴ്ന്നു. ഇന്നു റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്ന അള്‍ട്രടെക് സിമന്റും ഹിന്ദുസ്ഥാന്‍ യൂണിലീവറും നേട്ടത്തിലാണ്.
കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇ.എം.എസ് ലിമിറ്റഡിന്റെ റിസള്‍ട്ട് മികച്ചതായതിനെ തുടര്‍ന്ന് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഓഫീസില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് ഓഹരി നാല് ശതമാനം ഇടിഞ്ഞു.
സീ എന്റര്‍ടെയ്ന്‍മെന്റുമായി നടക്കുന്ന ലയന ചര്‍ച്ച അവസാനിപ്പിക്കാന്‍ സോണി കോര്‍പറേഷന്‍ തീരുമാനിക്കും എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രൊമോട്ടര്‍മാര്‍ക്ക് മൂന്നു ശതമാനം മാത്രം ഓഹരിയുള്ള സീയുടെ പുനീത് ഗോയങ്കയെ സംയുക്ത കമ്പനിയുടെ എം.ഡി ആക്കണമെന്ന വാശിയാണ് വിവാദ വിഷയം.
പുനീതിനെതിരേ പല ആരോപണങ്ങളും കേസുകളും ഉണ്ട്. റിലയന്‍സ് ഡിസ്‌നിയുമായി ചേര്‍ന്ന് എന്റര്‍ട്ടെയ്ന്‍മെന്റ് ടി.വി ബിസിനസ് വികസിപ്പിക്കുന്ന സാഹചര്യത്തില്‍ സീ-സോണി ലയനം ഇരു കമ്പനികള്‍ക്കും അടിയന്തരാവശ്യമാണ്. ലയന നീക്കം മാറ്റിയിട്ട് കൈയടക്കല്‍ നീക്കത്തിലേക്കു മാറാന്‍ സോണി ശ്രമിക്കുമോ എന്നു വ്യക്തമല്ല.
ലാഭം വര്‍ധിച്ചെങ്കിലും വിപണിയുടെ പ്രതീക്ഷകള്‍ക്കൊപ്പം റിസൾട്ട് വരാത്ത ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
ലാഭവും പ്രതി ഓഹരി വരുമാനവും പ്രതീക്ഷയിലും കുറവായത് മെട്രാേ ബ്രാന്‍ഡ്‌സ് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
രൂപ ഇന്നും താഴ്ന്നു. ഡോളര്‍ നാലു പൈസ കയറി 83.16 രൂപയില്‍ വ്യാപാരം തുടങ്ങി.
സ്വര്‍ണം ലോകവിപണിയില്‍ 2022 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ വര്‍ധിച്ച് 46,160 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം താണു. ബ്രെന്റ് ഇനം 78.82 ഡോളറിലാണ്.