വിപണി കരകയറിയില്ല; ഐ.ടിക്ക് നിരാശ, ഓഹരി കൈമാറ്റത്തില്‍ തളര്‍ന്ന് ടി.സി.എസ്

ക്രൂഡ് വിലക്കയറ്റത്തില്‍ തട്ടിപ്പൊലിഞ്ഞ് പെയിന്റ്, എണ്ണക്കമ്പനികളും

Update:2024-03-19 11:51 IST

Pic Courtesy : Canva

ഇന്ത്യന്‍ വിപണി ഇന്നും താഴോട്ടു നീങ്ങുകയാണ്. രാവിലെ താഴ്ന്നു തുടങ്ങിയിട്ടു കൂടുതല്‍ താഴ്ചയിലേക്കു നീങ്ങി. നിഫ്റ്റി 21,900നും സെന്‍സെക്‌സ് 72,200നും താഴെയായി. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും ഗണ്യമായ താഴ്ചയിലാണ്.

ഓഹരിയിലെ ബള്‍ക്ക് കൈമാറ്റത്തെ തുടര്‍ന്ന് ടി.സി.എസ് ഓഹരി രാവിലെ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. ശരാശരി 4,043 രൂപ വച്ചാണ് ബള്‍ക്ക് കൈമാറ്റം. പ്രൊമോട്ടര്‍മാരായ ടാറ്റാ സണ്‍സ് ആണ് ഓഹരികള്‍ വിറ്റത്. ടാറ്റാ സണ്‍സിനെ കടബാധ്യതയില്‍ നിന്ന് ഒഴിവാക്കി ഐ.പി.ഒ, ലിസ്റ്റിംഗ് ബാദ്ധ്യതകളില്‍  നിന്ന് ഒഴിവാകാനാണ് ഈ വില്‍പ്പന.
ഒട്ടുമിക്ക ഐ.ടി കമ്പനികളും ഇന്ന് താഴ്ചയിലാണ്. പലിശ കുറച്ചു തുടങ്ങുമ്പോള്‍ മാത്രമേ ഐ.ടി കമ്പനികളിലേക്കു നിക്ഷേപം വരൂ എന്നാണു ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. നിഫ്റ്റി ഐ.ടി രാവിലെ 1.2 ശതമാനം താഴ്ന്നു.

ക്രൂഡ് ഓയില്‍ വിലക്കയറ്റം 

ക്രൂഡ് ഓയില്‍ വിലക്കയറ്റം പെയിന്റ്, ഓയില്‍ കമ്പനികള്‍ക്കു ക്ഷീണമാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ബെര്‍ജര്‍ പെയിന്റ്‌സ്, നെറോലാക് തുടങ്ങിയ ഓഹരികള്‍ ഒന്നു മുതല്‍ മൂന്നു വരെ താഴ്ന്നു. ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവ രണ്ടു മുതല്‍ മൂന്നു വരെ ശതമാനം ഇടിഞ്ഞു.
17 വര്‍ഷം നീണ്ട നെഗറ്റീവ് പലിശ നിരക്ക് ബാങ്ക് ഓഫ് ജപ്പാന്‍ അവസാനിപ്പിച്ചു. 
നെഗറ്റീവ് 
0.1മുതല്‍ പൂജ്യം വരെ എന്നതില്‍ നിന്ന് പൂജ്യം മുതല്‍ 0.1വരെ എന്നതിലേക്കു പോളിസി നിരക്ക് വര്‍ധിപ്പിച്ചു. ജാപ്പനീസ് യെന്‍ ദുര്‍ബലമായി.
കഴിഞ്ഞ ദിവസം ഐ.പി.ഒ നടത്തിയ പോപ്പുലര്‍ വെഹിക്കിള്‍സ് ഇന്ന് ഒരു ശതമാനം ഡിസ്‌കൗണ്ടില്‍ ലിസ്റ്റ് ചെയ്തു.
രൂപ, സ്വർണം 
രൂപ ഇന്നും ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കൂടി 82.94 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ 2162 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 360 രൂപ കൂടി 48,640 രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തുടരുന്നു. ബ്രെന്റ് ഇനം ക്രൂഡ് വില 86.77 ഡോളറിലാണ്.


Tags:    

Similar News