വിപണി വീണ്ടും താഴേക്ക്; അവകാശ ഓഹരി പ്രഖ്യാപനത്തിലൂടെ കുതിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

പൊതുമേഖലാ എണ്ണകമ്പനികൾ ഇന്നും താഴ്ന്നു

Update:2024-02-22 12:43 IST

representational image from canva

ഉയർന്നു വ്യാപാരം തുടങ്ങിയെങ്കിലും  ഉടൻ തന്നെ ഇന്ന് ഓഹരി വിപണി താഴ്ചയിലേക്കു നീങ്ങി. തിരിച്ചുകയറാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പലിശനിരക്ക് കുറയ്ക്കൽ വൈകും എന്ന് യു.എസ് ഫെഡ് മിനിറ്റ്സ് ആവർത്തിച്ച് വ്യക്തമാക്കിയത് വിപണി കൂടുതൽ ഗൗരവത്തിൽ എടുത്തു. ബാങ്ക്, ധനകാര്യ ഓഹരികൾ വിപണിയുടെ വീഴ്ചയ്ക്കു മുന്നിൽ നിന്നു. എച്ച്.ഡി.എഫ്.സി  ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവ ഒന്നര ശതമാനത്തോളം താഴ്ന്നു. ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സിഎസ്.ബി.ഐ ലൈഫ് തുടങ്ങിയവ ഒരു ശതമാനത്തിലധികം താഴ്ചയിലായി.
ഐ.ടി ഓഹരികൾ ഇന്നു നേട്ടത്തിലാണ്. ബി.പി.സി.എൽ, ഐ.ഒ.സി, എച്ച്.പി.സി.എൽ  തുടങ്ങി പൊതുമേഖലാ എണ്ണകമ്പനികൾ ഇന്നും താഴ്ന്നു. വിദേശ ബ്രോക്കറേജുകൾ പൊതുമേഖലാ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലക്ഷ്യവില താഴ്ത്തി.
ഗോൾഡ്മാൻ സാക്സ് ലക്ഷ്യവില താഴ്ത്തിയതോടെ പേയ്ടിഎം ഓഹരി ഇന്നു താഴ്ചയിലായി.
സൗത്ത് ഇന്ത്യൻ ബാങ്ക് അവകാശ ഇഷ്യു പ്രഖ്യാപിച്ചതോടെ ഓഹരിവില മൂന്നു ശതമാനം കയറി. 22 രൂപയ്ക്കാണ് അവകാശ ഇഷ്യു. മാർച്ച് ആറിന് ആരംഭിക്കുന്ന ഇഷ്യുവിന് ഫെബ്രുവരി 27 ആണ്‌  റെക്കോഡ് തീയതി. നാല് ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിലാണ് അവകാശ ഓഹരി നൽകുക.
കേന്ദ്രം കരിമ്പിൻ്റെ ന്യായവില ഉയർത്തിയതിനെ തുടർന്ന് പഞ്ചസാര ഓഹരികൾ ഇടിവിലായി.
ഇന്നലെ 10 ശതമാനം ഉയർന്ന എ.ബി.ബി ലിമിറ്റഡ് ഇന്ന് ആറു ശതമാനം ഉയർന്നു. മികച്ച മൂന്നാംപാദ റിസൽട്ടാണ് ഓഹരിയെ ഉയർത്തുന്നത്.
സ്വർണം ലോക വിപണിയിൽ 2029 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 80 രൂപ കുറഞ്ഞ് 46,000 രൂപ ആയി.
Tags:    

Similar News