വിപണി വീണ്ടും കയറ്റത്തില്‍; റിലയന്‍സും ജിയോയും റെക്കോഡില്‍

രൂപ ഇന്ന് അല്‍പം ദുര്‍ബലമായാണു വ്യാപാരം തുടങ്ങിയത്

Update:2024-02-23 10:49 IST

വിപണി വീണ്ടും ഉയര്‍ച്ചയിലാണ്. നിഫ്റ്റി ഇന്നു റെക്കോഡ് നിലയില്‍ ഓപ്പണ്‍ ചെയ്തിട്ട് 22,297.50 വരെ കയറി. പിന്നീട് ഗണ്യമായി താഴ്ന്നു വ്യാപാരം തുടര്‍ന്നു.

എഫ്.എം.സി.ജിയും ഓയില്‍-ഗ്യാസ് മേഖലയും ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ നേട്ടത്തിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി 2988.80 രൂപയില്‍ എത്തി റെക്കോഡ് കുറിച്ചു.

ജിയോ ഫിനാന്‍സ് ഓഹരി രാവിലെ 14 ശതമാനം കുതിച്ച് 347 രൂപ എന്ന റെക്കോഡില്‍ എത്തി. അഞ്ചു ദിവസം കൊണ്ട് ജിയോ 2 ശതമാനവും ഒരു മാസം കൊണ്ട് 41 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

പെയിന്റ് ബിസിനസിലേക്കു പ്രവേശിച്ച ഗ്രാസിം ഇന്‍ഡസ്ട്രീസിന്റെ ഓഹരി ഇന്ന് ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഇന്നലെ 10 ശതമാനം കയറിയ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇന്നും കയറി. രാവിലെ ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു.

ധനസമാഹരണത്തിന് ഒരുങ്ങുന്ന വോഡഫോണ്‍ ഐഡിയ ഓഹരി ഇന്നു രാവിലെ ഒമ്പതു ശതമാനം കയറി 17.75 രൂപ വരെ എത്തി. രാജീവ് മന്ത്രിയെ സി.എഫ്.ഒ ആയി നിയമിച്ച ബന്ധന്‍ ബാങ്കിന്റെ ഓഹരി ഒന്നര ശതമാനം കയറി.

ഭക്ഷ്യവിതരണ കമ്പനി സ്വിഗ്ഗിയുമായി സഖ്യമുണ്ടാക്കിയ ഐ.ആര്‍.സി.ടി.സി ഓഹരി മൂന്നു ശതമാനം നേട്ടത്തിലായി. 175 കോടി രൂപയുടെ കോണ്‍ട്രാക്ട് ലഭിച്ച ആര്‍.വി.എന്‍.എല്‍ ഓഹരി മൂന്നു ശതമാനം ഉയര്‍ന്നു.

രൂപ ഇന്ന് അല്‍പം ദുര്‍ബലമായാണു വ്യാപാരം തുടങ്ങിയത്. ഡോളര്‍ രണ്ടു പൈസ ഉയര്‍ന്ന് 82.86 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ 2026 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് ഇന്നു വില മാറ്റമില്ല. ബ്രെന്റ് ഇനം ക്രൂഡ് ഓയില്‍ വില 83.34ല്‍ തുടരുന്നു.

Tags:    

Similar News